ഇനി വില്ലത്തി; വെളിപ്പെടുത്തി കത്രീന കൈഫ്
നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടി കത്രീന കൈഫ്. ഏറ്റവും പുതിയ ചിത്രമായ മെറി ക്രിസ്മസിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കാലത്തിന് അനുസരിച്ച് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ മാറ്റം വരുമെന്നും അഭിനയത്തിന്റെ വ്യത്യസ്ത വശങ്ങൾ പരീക്ഷിക്കാൻ താൽപര്യമുണ്ടെന്നും കത്രീന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' അഭിനയത്തിന്റെ വ്യത്യസ്ത വശങ്ങൾ പരീക്ഷിക്കാൻ ഏറെ ആഗ്രഹമുണ്ട്. കാലം മാറുമ്പോൾ ആളുകളുടെ കാഴ്ചപ്പാടിലും മാറ്റം വരും. 20 ലുള്ള വ്യക്തിയായിരിക്കില്ല 30 ൽ നമ്മൾ. അനുഭവങ്ങൾ ആളുകളെ മാറ്റി ചിന്തിപ്പിക്കും. നിങ്ങൾ വളരുന്നു, നിങ്ങൾ ഒരു വ്യക്തിയായി പരിണമിക്കുന്നു, അതിനാൽ സ്വാഭാവികമായും നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ആ മാറ്റത്തെ ചെറുതായി പ്രതിഫലിപ്പിക്കാൻ തുടങ്ങും, അത് നിങ്ങളുടെ ജോലിയിലും പ്രതിഫലിക്കും' ;കത്രീന കൈഫ് പറഞ്ഞു.
'ഒരു അഭിനേതാവ് എന്ന നിലയിൽ,പലതും സ്വയം തിരഞ്ഞെടുക്കുന്നതാണ്. അതിനെ സ്വാതന്ത്ര്യം എന്നല്ല, ആത്മവിശ്വാസം എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമയിൽ നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. കൂടാതെ കൂടാതെ പീരിയോഡിക് ഡ്രാമ ചിത്രം ചെയ്യാനും ഏറെ താൽപര്യമുണ്ട്' ;കത്രീന കൂട്ടിച്ചേർത്തു.
ശ്രീറാം രാഘവൻ ആണ് മെറിക്രിസ്മസ് സംവിധാനം ചെയ്തത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകൻ. ജനുവരി 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.ഹിന്ദിയെ കൂടാതെ തമിഴിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.