കാഷിഷ് റെയിൻബോ വാരിയർ അവാർഡ് എ. രേവതിക്ക്

സൗത്ത് ഏഷ്യയിലെ വലിയ എൽ.ജി. ബി.ടി . ക്യു + ഫിലിം ഫെസ്റ്റിവലായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ രേവതിക്ക് കാഷിഷ് റെയിൻബോ വാരിയർ അവാർഡ് സമ്മാനിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനും ഹംസഫർ ട്രസ്റ്റ് സ്ഥാപകരിൽ ഒരാളുമായ അശോക് റോ കവിയിൽ നിന്ന് രേവതി അവാർഡ് ഏറ്റുവാങ്ങി. ഡോക്യുമെന്‍ററി ഫീച്ചർ വിഭാഗത്തിൽ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി മാധ്യമം ചീഫ് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി ' ഇന്ത്യൻ സെന്‍റർ പീസ് സിനിമയായി പ്രദർശിപ്പിച്ചു. സിനിമക്ക് മികച്ച പ്രതികരണമാണ് ഫെസ്റ്റിവൽ വേദിയിൽ ലഭിച്ചത്.

ഡോക്യുമെന്‍ററി ഫീച്ചർ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 11 സിനിമകളിൽ ഏക ഇന്ത്യൻ സിനിമയാണ് ഞാൻ രേവതി. കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ യിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ഞാൻ രേവതിക്ക് ലഭിച്ചിരുന്നു.

തമിഴ്നാട് നാമക്കലിലെ ദൊരൈസ്വാമി രേവതിയിലേക്ക് വളരാൻ പിന്നിട്ട തീവ്രമായ സംഘർഷകാലം ദൃശ്യഭാഷയിലെഴുതി എത്തിക്കുന്നത് ദുഷ്കരമാണ്. ആണുടലിൽ തടയപ്പെട്ട ഒരു പെൺജന്മത്തിന് അത് ഉറക്കെ പറയാനും വിമോചിക്കപ്പെടാനും കടന്നുപോകേണ്ട പാത കഠിനതരമാണ്. പെണ്ണുടലിൽ തളക്കപ്പെട്ട ആൺജീവിതങ്ങൾക്ക് പൊരുതി പുറത്തുകടക്കാനുള്ള ധൈര്യവും രേവതി പകരുന്നു. സ്വന്തം അസ്തിത്വം പൊരുതിയുറപ്പിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിപ്പിക്കുന്നു. 

Tags:    
News Summary - Kashish Rainbow Warrior Award goes to A. Revathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.