ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറിനെതിരെ വീണ്ടും അധിക്ഷേപവുമായി നടി കങ്കണാ റണാവത്ത്. രൺബീറും നടിയും ഭാര്യയുമായ ആലിയ ബട്ടും രാമായണം എന്ന നിതേഷ് തിവാരി ചിത്രത്തിൽ രാമനും സീതയുമായി എത്തുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. അതാണ് കങ്കണയെ ചൊടിപ്പിച്ചതും.
രാമായണത്തിലെ നായികാ നായകൻമാരുടെ തിരഞ്ഞെടുപ്പിനെ കങ്കണ വിമർശിച്ചു. ഇൻസ്റ്റഗ്രാമിലാണ് കങ്കണ വിമർശനക്കുറിപ്പുമായി രംഗത്തുവന്നത്. കുറിപ്പിൽ രൺബീറിനെ വെള്ളയെലി എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
'ബോളിവുഡിൽ വീണ്ടും രാമായണം സിനിമയാകുന്നു എന്നൊരു വാർത്ത കേട്ടു. സിനിമ വ്യവസായത്തിലെ എല്ലാവർക്കുമെതിരെ മോശം പിആർ ജോലികൾ ചെയ്യുന്നതിൽ കുപ്രസിദ്ധനും സ്ത്രീ ലമ്പടനും മയക്കുമരുന്ന് അടിമയുമായ മെലിഞ്ഞ വെള്ള എലിയാണ് അതിൽ രാമനായി വേഷമിടുന്നതെന്നും അറിഞ്ഞു. ഇതെന്ത് കലിയുഗമാണ്. വിളറിയ രൂപത്തിലുള്ള മെലിഞ്ഞ പയ്യനാണോ രാമനായി വേഷമിടുന്നത്. അയാൾ ശിവനായി വേഷമിട്ട സിനിമ ആരും കണ്ടതായി തോന്നുന്നില്ല, അതിന്റെ അടുത്ത പാർട്ടുകളും നിർമിക്കാൻ ആർക്കും താൽപര്യമില്ല, ഇപ്പോൾ രാമനായും വേഷമിടാൻ സ്വപ്നം കാണുകയാണ് - കങ്കണ പറഞ്ഞു.
കന്നഡ സൂപ്പർതാരം യാഷ് ചിത്രത്തിൽ രാവണായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തെന്നിന്ത്യൻ സൂപ്പർസ്റ്റാറും സ്വന്തം പ്രയത്നം കൊണ്ട് സിനിമയിലെത്തിയ താരവുമായ യാഷിനാണ് രാമന്റെ വേഷം കൂടുതൽ ചേരുകയെന്നും കങ്കണ പറഞ്ഞു.
അതേസമയം, നിതീഷ് തിവാരിയുടെ രാമായണത്തിൽ നേരത്തെ സായ് പല്ലവിയെയും ദീപിക പദുകോണിനെയും സീതയായി പരിഗണിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടക്കത്തിൽ ഹൃത്വിക് റോഷന്റെ പേരായിരുന്നു രാമനായി ഉയർന്നുകേട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.