എമർജൻസി ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്‍റെ ചിത്രം എമർജൻസി ഒ.ടി.ടിയിലേക്ക്. ചിത്രം മാർച്ച് 17 ന് നെറ്റ്ഫ്ലിക്സിൽ എത്തുമെന്ന് കങ്കണ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തിയേറ്ററിൽ റിലീസ് ചെയ്ത് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്.

ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന എമർജൻസി, ജനുവരി 17ന് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു. അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിൽ കങ്കണയെ കൂടാതെ അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019) എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിച്ച നടി വീണ്ടും സംവിധായകക്കുപ്പായം അണിയുന്ന എന്ന പ്രത്യേകതയും എമർജൻസിക്കുണ്ട്. ചില ഭാഗങ്ങൾ ഒഴിവാക്കിയാൽ മാത്രമേ എമർജൻസി റിലീസ് ചെയ്യാൻ അനുവദിക്കൂ എന്ന് സെൻസർ ബോർഡ് മുമ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, സിഖ് സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് പ്രതിസന്ധിയിലായത്.

അതിനിടെ, എമർജൻസി' പഞ്ചാബിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പറഞ്ഞു. സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്. അമൃത്സറിൽ ചേർന്ന എസ്.ജി.പി.സി എക്സിക്യൂട്ടീവ് യോഗത്തിൽ 'എമർജൻസി' പ്രമേയം പാസാക്കുകയും ചിത്രത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. 

Tags:    
News Summary - Kangana Ranaut says ‘Emergency’ set for OTT release on March 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.