ബോക്സ് ഓഫിസിൽ പരാജയം; ഇപ്പോഴിതാ തഗ് ലൈഫിന് 25 ലക്ഷം രൂപ പിഴയും

37 വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിച്ച് ഒരുക്കിയ തഗ് ലൈഫിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷവെച്ചിരുന്നു. എന്നാൽ വൻ താരനിരയിലെത്തിയ ചിത്രം ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞു. കമൽഹാസനും ചിമ്പുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തഗ് ലൈഫ് ജൂൺ അഞ്ചിനാണ് തിയറ്ററിൽ എത്തിയത്. ചിത്രത്തിന്‍റെ പ്രേക്ഷക പ്രതികരണം അത്ര മികച്ചതായിരുന്നില്ല.

ഇപ്പോഴിതാ ചിത്രം നേരത്തെ ഒ.ടി.ടിയിലെത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുകയാണ്. ഇക്കാരണത്തെ തുടർന്ന് മൾട്ടിപ്ലെക്സ് ശൃംഖലകൾ വൻതുക പിഴയൊടുക്കാൻ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ ഒ.ടി.ടി അവകാശമുള്ളത്. ഉത്തരേന്ത്യയിൽ തമിഴ് ചിത്രങ്ങൾ മൾട്ടിപ്ലെക്സുകളിൽ പ്രദർശിപ്പിക്കണമെങ്കിൽ തിയറ്റർ റിലീസും ഒ.ടി.ടി സ്ട്രീമിങ്ങും തമ്മിൽ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം.

എന്നാൽ നാല് ആഴ്ചക്കുള്ളിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നതിനാൽ മൾട്ടിപ്ലെക്സുകളുമായി ഒപ്പുവച്ച ധാരണ ലംഘിക്കപ്പെടുകയാണുണ്ടായത്. തുടർന്ന് 25 ലക്ഷം രൂപ പിഴയൊടുക്കണമെന്നാണ് അണിയറപ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. 130 കോടിക്കാണ് ചിത്രത്തിന്‍റെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്. നേരത്തെ പ്രദർശനത്തിന് എത്തുന്നതിനാൽ ഈ തുക നെറ്റ്ഫ്ലിക്സ് വെട്ടിക്കുറച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. 200 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രമാണിത്.

രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Kamal Haasan’s Thug Life faces ₹25 lakh fine for early OTT release after film fails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.