'കല്‍ക്കി 2898 എ.ഡി' ക്ക് സാന്‍ ഡീഗോ കോമിക്-കോണില്‍ ഗംഭീര സ്വീകരണം! സന്തോഷം പങ്കുവെച്ച് താരങ്ങൾ

വൈജയന്തി മൂവീസിന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രമായ കല്‍ക്കി 2898 എ.ഡി. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ല്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സ് വിഡിയോയും റിലീസ് ചെയ്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം കോമിക്-കോണിന്റെ ഭാഗമാവുന്നത്. മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

നടൻമാരായ കമൽഹാസൻ, പ്രഭാസ്, സംവിധായകൻ നാഗ് അശ്വിൻ, നിർമ്മാതാവ് സി അശ്വനി ദത്ത്, പ്രിയങ്ക ദത്ത്, സ്വപ്ന ദത്ത് ചലസാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇത്ര വലിയൊരു താരനിരയെ അണിനിരത്തുന്നതിനെ കുറിച്ച് സംവിധായകൻ നാഗ് അശ്വിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി "കഥാഖ്യാനശൈലിയോടുള്ള ഇഷ്ടമാണ് ഞങ്ങളെ എല്ലാവരേയും ഒരുമിപ്പിച്ചത്. ഈ ആശയം മുന്‍പേ മനസ്സിലുണ്ടായിരുന്നു, കഥ പിന്നീട് ഉരുത്തിരിയുകയാണ് ഉണ്ടായത് . എനിക്ക് സയൻസ് ഫിക്ഷനും പുരാണവും ഇഷ്ടമാണ്, മഹാഭാരതവും സ്റ്റാർ വാർസും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്. ഈ രണ്ട് ലോകങ്ങളും സമന്വയിപ്പിച്ച് ഒരു സിനിമ നിർമ്മിക്കുക എന്ന ഉദേശ്യമാണ് കല്‍ക്കിയിലേക്കെത്തിച്ചത്" എന്നായിരുന്നു.

തത്സമയ സൂം കോളിലൂടെ ചർച്ചയിൽ പങ്കെടുത്ത അമിതാഭ് ബച്ചൻ, സിനിമയുടെ ഭാഗമാകുന്നതിൽ അഭിമാനം പ്രകടിപ്പിച്ചതും ആവേശമുയര്‍ത്തി. "നാഗി ഈ ചിത്രത്തിനായി എന്നെ സമീപിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുന്‍ സിനിമകളാണ് എന്നെ ആകർഷിച്ചത്. 'പ്രോജക്റ്റ് കെ' അസാധാരണവും ആവേശകരവുമായ ഒരു അനുഭവമായിരുന്നു, അതിന് പിന്നിൽ അവിശ്വസനീയമായ ഗവേഷണവുമുണ്ട്. ഷൂട്ടിംഗ് സമയത്ത് ചിത്രത്തിന്റെ ടീമുമായി ഒട്ടേറെ രസകരമായ നിമിഷങ്ങള്‍ പങ്കിടാന്‍ കഴിഞ്ഞു, അതുപോലെ ഞങ്ങളെ സ്വീകരിച്ചതിനു കോമിക്-കോണിലെ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ ഗ്ലിംപ്സ് വീഡിയോ നിങ്ങള്‍ക്കിഷ്ടപ്പെടുമെന്നും, അടുത്തവര്‍ഷം ചിത്രം പുറത്തിറങ്ങുമ്പോള്‍ അതു നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുമെന്നും വിശ്വസിക്കുന്നു." അമിതാഭ് ബച്ചന്‍ പറഞ്ഞു.

'കോമിക്-കോണിലേക്ക് നമ്മള്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നു നാഗി അറിയിച്ചപ്പോള്‍ എനിക്കതിന്റെ പ്രാധാന്യം അറിയില്ലായിരുന്നു. എന്റെ മകനാണ് ഈ അവസരത്തിന്റെ ഗാംഭീര്യം എനിക്ക് മനസ്സിലാക്കിത്തന്നത്'- അമിതാഭ് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകരുമായി സംവദിച്ചുകൊണ്ട് കമൽഹാസനും തന്റെ ആവേശം പങ്കുവെച്ചു, 'ഞാനും ഇത്തരം സിനിമകള്‍ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷേ ചെറിയ രീതിയിൽ. 'കൽക്കി 2898 AD'യുടെ കാഴ്ചപ്പാട് വളരെ വലുതാണ്‌, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്, പണ്ടു ഞാന്‍ ട്രൂപ്പർമാരുടെ കോസ്റ്റ്യൂം സൃഷ്ടിക്കാനായി ഹോക്കി മാസ്കുകൾ ഉപയോഗിച്ചു, എന്നാല്‍ കല്‍ക്കിയില്‍ അത് വളരെ സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത്, അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടു'

വൈജയന്തി മൂവീസ് സ്ഥാപകനും നിർമ്മാതാവുമായ സി അശ്വനി ദത്തും തന്റെ പെൺമക്കളായ പ്രിയങ്ക ദത്ത്, സ്വപ്ന ദത്ത് ചലസാനി എന്നിവരോടൊപ്പം പാനലിന്റെ ഭാഗമായി ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളില്‍നിന്ന് കല്‍ക്കിയിലൂടെ സയൻസ് ഫിക്ഷനിലേക്കുള്ള തന്റെ യാത്രയെപ്പറ്റി സംസാരിച്ചു. 'എൻ.ടി. രാമറാവുവിനൊപ്പം ഞാൻ എന്റെ കരിയർ ആരംഭിച്ചു, അമിത് ജി, കമൽ ജി, എന്റെ സുഹൃത്ത് പ്രഭാസ് എന്നിവരിലേക്ക് എത്താൻ എനിക്ക് 50 വർഷത്തെ കഠിനാധ്വാനം വേണ്ടിവന്നു. ഇത് ഞങ്ങൾക്ക് വളരെ അഭിമാനകരമായ നിമിഷമാണ്'.

സാൻ ഡീഗോ കോമിക്-കോണില്‍ 'കൽക്കി 2898 എഡി'യുടെ സാന്നിദ്ധ്യം ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രനിമിഷത്തെയാണ് അടയാളപ്പെടുത്തുന്നത്. ഭാവിയില്‍ ഇന്ത്യന്‍ സിനിമ ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാനും ഇത് വഴിയോരുക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Kalki 2898 AD at SDCC: Kamal Haasan says he like This Movie ,Amitabh Bachchan listens in on video call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.