കാളിദാസ് ജയറാമും മാളവിക ജയറാമും
അടുത്തിടെ, കാളിദാസിന്‍റെ പുതിയ സിനിമയുടെ പൂജക്കെത്തിയ മാളവിക ജയറാമിനെതിരെ പല തരം കമന്‍റുകളും കളിയാക്കലുകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. തന്‍റെ സഹോദരി ചക്കിയെകുറിച്ച് മോശമായ കമന്‍റുകൾ ഇടുന്നവരെ ഇടിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് നടൻ കാളിദാസ്. ചക്കിയുടെ വിഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ തനിക്ക് ഇടിക്കണമെന്ന് തോന്നിയാലും അത് കഴിയില്ലെന്നും നടൻ പറഞ്ഞു. ഇനിയിപ്പോൾ താൻ അവരെ ഇടിച്ചാലും അടുത്ത തമ്പ്നെയിൽ കാളിദാസ് ഒരാളെ ഇടിച്ചു എന്നതായിരിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വരുന്ന കമന്‍റുകളും നെഗറ്റിവിറ്റിയും താൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് കാളിദാസ് മറുപടി നൽകിയത്. രഞ്ജിനി ഹരിദാസിന്‍റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'ഇപ്പോഴത്തെ കാലത്ത് സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ നെഗറ്റീവ് റിവ്യൂസ് വരും. അത് വളരെ മോശമായൊരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കുറഞ്ഞപക്ഷം ആ സിനിമ കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കാം. ചില സിനിമകളുടെ റിവ്യൂ പടം റിലീസ് ചെയ്യുന്നതിന്‍റെ ഒന്നര മണിക്കൂർ മുമ്പൊക്കെ വരും. അതെങ്ങനെ വരുന്നുവെന്ന് എനിക്കറിയില്ല. നല്ല സിനിമയായിരിക്കും പക്ഷെ കമന്‍റുകൾ തല്ലിപ്പൊളി പടം എന്നൊക്കെയാവും. പലരും റിവ്യു കണ്ട് സിനിമക്ക് പോകാതെയാവും' -കാളിദാസ് പറഞ്ഞു.
'എന്തും സോഷ്യൽ മീഡിയയിൽ പെട്ടന്ന് റീച്ചാവും. നെഗറ്റീവാണെങ്കിൽ അതിനെക്കാൾ സ്പീഡ് കൂടും. ഇതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഇത്തരം കമന്‍റുകൾ പോസ്റ്റ് ചെയ്യരുത് എന്ന് പറയാനുള്ള സാഹചര്യം പോലും നമുക്കില്ല. അവർ പറയുന്നതൊന്നും നമുക്ക് കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞാലും ചിലതൊക്കെ വേദനിപ്പിക്കും. എന്നെ അത് ബാധിക്കാറില്ല പക്ഷെ അത് കാരണം വേദനിച്ചവരെ എനിക്കറിയാം. ചക്കിയുടെ കാര്യത്തിൽ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ എനിക്കെന്ത് ചെയ്യാൻ സാധിക്കും. ഇടിക്കണം എന്ന് തോന്നിയാലും പറ്റില്ലല്ലോ. ഞാൻ അവരെ ഇടിച്ചാൽ എന്താവും, കാളിദാസ് ഒരാളെ ഇടിച്ചു എന്നതായിരിക്കും അടുത്ത തമ്പ്നെയിൽ ഇക്കാര്യത്തിൽ നിസ്സഹായരാണ് നമ്മൾ' -കാളിദാസ് പറഞ്ഞു.
അതേസമയം, ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണ് ആശകൾ ആയിരം. ചിത്രത്തിന്‍റെ പൂജക്ക് വന്ന മാളവികയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് പലരും വിമർശിച്ചത്. ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമ സംവിധാനെ ചെയ്യുന്നത് ജി. പ്രജിത്താണ്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ആശ ശരത്തും ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. ഷാജി കുമാറാണ് സിനിമയുടെ ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.