ഈദ് റിലീസായി 'കാട്ടാളൻ'; ചിത്രം മെയ് 28 മുതൽ തിയറ്ററുകളിലേക്ക്

ക്യൂബ്സ് എന്റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പുറത്തിറങ്ങിയ 'മാർക്കോ' സൂപ്പർഹിറ്റിന് ശേഷം ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയുടെ വേൾഡ് വൈഡ് റിലീസ് ഡേറ്റ് പുറത്ത്. ഈദ് റിലീസായി മെയ് 28ന് ചിത്രമെത്തും. തോക്കുമേന്തി നിൽക്കുന്ന ആന്‍റണി വർഗീസ് പെപ്പെയുടേയും കബീർ സിങ്ങിന്‍റേയും സുനിലിന്‍റേയും ചിത്രവുമായാണ് റിലീസ് ഡേറ്റ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. സിനിമയുടേതായി പുറത്തുവന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയ അടക്കിഭരിച്ച് മുന്നേറുകയാണ്. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലാണ് ട്രെയിലർ പുറത്തിറങ്ങിയിരുന്നത്. രവി ബസ്രൂർ ഒരുക്കിയിരിക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്.

ആനക്കൊമ്പുകള്‍ക്കും ആയുധ കൂമ്പാരങ്ങള്‍ക്കും നടുവിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും ചിത്രത്തിലെ യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്‍റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. മെയ് മാസത്തിലെ ചൂടിൽ തിയറ്ററുകളിൽ ആവേശത്തിന്‍റെ തീപ്പൊരി പാറിക്കാൻ കാട്ടാളൻ എത്താനൊരുങ്ങുമ്പോള്‍ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.

കാട്ടാളൻ സിനിമക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിന്റെ വന്യമായ ഈണവുമായുള്ള ട്രെയിലറിലെ മ്യൂസിക് നൽകുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.

ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളൻ' പാക്കപ്പായത്. കാടിന്‍റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നു കഴിഞ്ഞു. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. . 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ കർണാടകയിലെ തിയറ്റർ വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് കാട്ടാളൻ സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ടീസർ ബി.ടി.എസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വി.എഫ്.എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ‍ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിങ്- ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വി.എഫ്.എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സിക്യൂറ എന്റർടെയ്ൻമെന്റ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - 'Kaattalan' to release on Eid; film will hit theaters from May 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.