ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ ലാലുമോൻ ബറോസിന്റെ തിരക്കഥ മാറ്റിയെഴുതി; ഇപ്പോഴത് ഒടിയനും പുലിമുരുകനും പോലെ -ജിജോ പുന്നൂസ്‌

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയുടെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് സിനിമയുടെ കഥാകൃത്തായ ജിജോ പുന്നൂസ്. ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ മോഹൻലാൽ തന്റെ തിരക്കഥയിൽ പലതരത്തിലുള്ള മാറ്റങ്ങൾ വരുത്തി എന്നാണ് ജിജോ പറയുന്നത്.

തിരക്കഥയുടെ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു കേന്ദ്ര കഥാപാത്രമെന്നും മോഹന്‍ലാലിന്റെ കഥാപാത്രത്തിന് രണ്ടാം സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ പല മാറ്റങ്ങളുമുണ്ടായി. 22-ലധികം തവണയാണ് താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്ന് അദ്ദേഹം സ്വന്തം ബ്ലോഗില്‍ കുറിച്ചു.

ജിജോ പുന്നൂസിന്റെ കുറിപ്പിന്റെ പൂർണരൂപം

2018-ന്റെ മധ്യത്തില്‍ സിദ്ദിഖിന്റെ ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചര്‍ച്ചകള്‍ കാക്കനാടുള്ള ഞങ്ങളുടെ സ്റ്റുഡിയോയ്ക്ക് അടുത്ത് നടക്കുന്ന സമയം. രാജീവ്കുമാര്‍ സിദ്ദിഖിനെ കാണാന്‍ വരുന്നതിനിടയില്‍ ലാലുമോനുമായി (മോഹന്‍ലാല്‍) സ്റ്റുഡിയോയിലെത്തി തത്സമയ ത്രീഡി സ്റ്റേജ് ഷോയുടെ സാധ്യതയെക്കുറിച്ച് സംസാരിച്ചു.

ഡി ഗാമയുടെ ട്രഷര്‍ പ്രോജക്ട് ഇവിടെ നടക്കുന്നതിനെക്കുറിച്ച് അറിയാവുന്ന രാജീവ്, അപ്രതീക്ഷിതമായി ലാലുമോന്‍ വൃദ്ധനായ ഒരു ഭൂതത്തിന്റെ വേഷത്തിലെത്തുന്ന ഒരു മലയാളം സിനിമ ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചു. ഞാന്‍ സംവിധാനം ചെയ്യണമെന്ന് രാജീവ് നിര്‍ദ്ദേശിച്ചു. നിതി കാക്കുന്ന ഭൂതത്തിനെ ഇന്ത്യന്‍ സാഹചര്യത്തില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് എനിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു.

2019 ഫെബ്രുവരിയില്‍ ഞാന്‍ ലാലുമോന്റെ എളമക്കരയിലെ വീട്ടില്‍ പോയി, വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ അമ്മയെ കണ്ടു. അവരോടൊപ്പം ''മിഴിയോരം..'' എന്ന ഗാനം ആലപിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. അതിനുശേഷം, ഡിഗാമയുടെ നിധി കാക്കുന്ന ഭൂതത്തെ കുറിച്ച് ഒരു മലയാളം സിനിമ സാധ്യമാണെന്ന് ഞാന്‍ ലാലുമോനോട് സ്വകാര്യമായി പറഞ്ഞു. പക്ഷെ സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ആ സിനിമ ഞാന്‍ ചെയ്യുന്നത് സങ്കല്‍പ്പിച്ചിട്ട് പോലുമില്ല. അത് തന്റെ ഇപ്പോഴത്തെ ഏതെങ്കിലും സംവിധായകരെ ഏല്‍പ്പിച്ചാല്‍, 3ഡി സാങ്കേതികതകള്‍ ഞാന്‍ സന്തോഷത്തോടെ ശ്രദ്ധിക്കാമെന്ന് പറഞ്ഞു. എന്നോട് ആവശ്യപ്പെട്ടാല്‍, തക്കിയുദ്ദീന്‍ വാഹിദിന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്യുന്നതിലാണ് ആഗ്രഹമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ്, എന്നെ അതിശയിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന് ഒരു ഫാന്റസി ഫിലിം സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. കാര്യം. ഞങ്ങളുടെ സംഭാഷണം കേട്ട്, ആന്റണി പെരുമ്പാവൂര്‍ മുറിയിലേക്ക് വന്നുമ്പോള്‍ ലാലുമോന്‍ എന്നോട് ചോദിച്ചു, എന്താണ് അഭിപ്രായമെന്ന്. ഇതൊരു മികച്ച തീരുമാനമാണെന്ന് ഞാന്‍ പറഞ്ഞു. എനിക്കത് ഒരു അംഗീകാരമായി തോന്നുന്നുവെന്ന്.

ആദ്യമായി സംവിധാനം ചെയ്യുവരെ സഹായിക്കാന്‍ എനിക്കെപ്പോഴും താല്‍പര്യമാണ്. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂവുമുതല്‍ രഘുനാഥ് പലേരിയുടെ ഒന്നു മുതല്‍ പൂജ്യം വരെ, രാജീവ് കുമാറിന്റെ ചാണക്യന്‍ അതെല്ലാം അതിനുദാഹരണങ്ങളാണ്. ഇപ്പോള്‍ മോഹന്‍ലാലിന്റെ അസോസിയേറ്റാകാന്‍ അവസരം വന്നിരുന്നു, 350 സിനിമകളില്‍ അഭിനയിച്ച നടന്റെ ആദ്യ സംവിധാന സംരംഭം.

അതിനുശേഷം കാര്യങ്ങള്‍ വളരെ വേഗത്തില്‍ വികസിച്ചു. ലാലുമോന്‍ തന്നെ തിരക്കഥയ്ക്കായി നിരവധി കഥാ ഘടകങ്ങള്‍ പങ്കുവെച്ചു. ഞാന്‍ വീണ്ടും വീണ്ടും അത് എഴുതി... (22 തവണ) സംവിധായകന്റെയും നിര്‍മാതാവിന്റെയും ഇഷ്ടത്തിനനുസരിച്ച് തിരക്കഥ മിനുക്കിയെടുത്തു, എന്നാല്‍ സിനിമയില്‍ പെണ്‍കുട്ടി തന്നെയായിരുന്നു കേന്ദ്രകഥാപാത്രം, ബറോസ് രണ്ടാമതാണ് എന്ന വസ്തുതയില്‍ ഉറച്ചുനിന്നു.മോഹന്‍ലാല്‍ എന്ന നടനെക്കാളുപരി മോഹന്‍ലാല്‍ എന്ന സംവിധായകനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ അത് എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. ലാലുമോന്റെ ആക്ഷന്‍ രംഗങ്ങളിലെ പ്രാവീണ്യവും പട്ടായയില്‍ നിന്ന് വന്ന അദ്ദേഹത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ജെജെയുടെ (ജകൃത്) ഡിസൈനുകളും പരിഗണിച്ച് സ്റ്റോറി ബോര്‍ഡിലും പ്രീ-വിസ് വീഡിയോയിലും ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.

2020-ന്റെ തുടക്കത്തോടെ പ്രൊഡക്ഷന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയായി. സിനിമാ സെറ്റിന്റെ ജോലികള്‍ ആരംഭിക്കാനിരിക്കെ, ഫെബ്രുവരിയില്‍, ആദ്യത്തെ കൊവിഡ് ലോക്ക്ഡൗണ്‍ സംഭവിച്ചു, എല്ലാ പ്രവര്‍ത്തനങ്ങളും അതോടെ പൂര്‍ണമായും നിലച്ചു.

2020 അവസാനത്തോടെ, പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കല, വസ്ത്രാലങ്കാരം , പ്രോപ്‌സ്, സെറ്റ് വര്‍ക്ക് എന്നിവ ഏകദേശം 3 മാസം കൊണ്ട് പൂര്‍ത്തിയാക്കി. ഇവിടെ നവോദയ സ്റ്റുഡിയോയില്‍ 160 അംഗങ്ങള്‍ ദിവസവും ഈ പ്രോജക്റ്റില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. (1) വൂഡൂ ഡോള്‍ ആനിമേഷന്‍, (2) ഫാന്റസി വിഷ്വല്‍ ഇഫക്റ്റുകള്‍, (3) ആക്ഷന്‍ സീക്വന്‍സുകള്‍ എന്നിവയ്ക്കായുള്ള എല്ലാ പ്രീ-വിസ് വീഡിയോകളും മിനുക്കാന്‍ ഞങ്ങള്‍ അധിക സമയം ഉപയോഗിച്ചു. സ്‌ക്രിപ്റ്റ് റിഹേഴ്സല്‍ ചെയ്ത് അവസാനത്തെ ഷോട്ട് വരെ പൂര്‍ത്തിയാക്കി (അതിവേഗം ചിത്രീകരിക്കാന്‍ തീരുമാനിച്ച 3 വൈകാരിക രംഗങ്ങള്‍ ഒഴികെ), ആഷിഷ് മിത്തല്‍ ഒരു ത്രീഡി ഡെപ്ത്ത് സ്‌ക്രിപ്റ്റ് തയ്യാറാക്കി സ്റ്റീരിയോഗ്രാഫി പ്രോഗ്രഷന്‍ രൂപകല്‍പ്പന ചെയ്തു. അതുപോലെ സൗണ്ട് ഡിസൈനര്‍ വിഷ്ണു മുഴുവന്‍ ചിത്രത്തിനും സൗണ്ട് സ്‌ക്രിപ്റ്റ് എഴുതി. 2021 ഏപ്രില്‍ അവസാനത്തില്‍ സിനിമയുടെ പൂജയും നടന്നു.

കൊച്ചിയില്‍ 85 പേര്‍ അടങ്ങിയ ഒരു ക്രൂവുമായി സിനിമ ആരംഭിച്ചു. അതിനിടെയാണ് കൊറോണയുടെ രണ്ടാം തരംഗം ആരംഭിക്കുന്നത്. അതോടെ ഷൂട്ടിങ് വീണ്ടും നിന്നുപോയി. ലോകമെമ്പാടും സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഞങ്ങളുടെ ക്രൂവിലുള്ളവര്‍ എന്നാണ് ബറോസ് ആരംഭിക്കുന്നത് എന്ന് അന്വേഷിച്ചു കൊണ്ടേയിരുന്നു.

ആശിര്‍വാദിന്റെ ഒടിടി ഫിലിം പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ബറോസ് പുനരാരംഭിക്കാനുള്ള ആലോചനകളിലെത്തി. ലാലുമോന്‍ മുന്‍കൈ എടുത്താണ് അത് സംഭവിച്ചതെന്ന് കരുതുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കഥ,തിരക്കഥ, അഭിനേതാക്കള്‍ എല്ലാത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. അന്ന് (2021 നവംബര്‍ മാസത്തില്‍) വിദേശത്ത് നിന്ന് കലാകാരന്മാരെ തിരികെ കൊണ്ടുവരാനോ ലൊക്കേഷന്‍ ചിത്രീകരണത്തിനായി ഗോവയുടെ സമീപ സ്ഥലങ്ങളിലേക്ക് പോകാനോ ഒന്നും സാധ്യതയില്ലായിരുന്നു. മോഹന്‍ലാലിന്റെ അടുത്ത കോള്‍ ഷീറ്റുകള്‍ മറ്റ് പ്രോജക്റ്റുകള്‍ക്ക് നല്‍കുന്നതിന് മുമ്പ് നാല് മാസത്തെ ഡേറ്റ് ഉപയോഗിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചു. അതിനാല്‍, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, സിനിമയുടെ കഥയും തിരക്കഥയും മാറ്റാന്‍ തീരുമാനിച്ചു.

തിരക്കഥ വീണ്ടും എഴുതുന്നു

2021 ഡിസംബര്‍ മാസത്തില്‍, ലാലുമോന്‍ തന്നെ മുന്‍കൈയെടുത്ത്, കൊച്ചിയിലും പരിസരത്തും നടക്കുന്ന പ്രധാന ചിത്രീകരണങ്ങള്‍ക്കായി രാജീവ്കുമാറിനൊപ്പം തിരക്കഥ (രംഗങ്ങളും കഥാപാത്രങ്ങളും സ്ഥലങ്ങളും) വീണ്ടും എഴുതി. കൂടുതലും നവോദയ കാമ്പസിന്റെ അകത്തായിരുന്നു ചിത്രീകരണം. അതൊരു ബുദ്ധിപരമായ തീരുമാനമായിരുന്നുവെന്ന് എനിക്ക് തോന്നി.

ലാലുമോന്‍, റീ-റൈറ്റിംഗ് പ്രക്രിയയില്‍, തന്റെ സമീപകാല ഹിറ്റായ ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിന്റെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരുക്കി. മാറിയ തിരക്കഥയില്‍ മലയാളി കുടുംബ സിനിമ പ്രേക്ഷകരെ രസിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. 350 സിനിമകളുടെ ഭാഗമായ അറിവുകൊണ്ട് ലാലുമോന് അത് ചെയ്യാന്‍ കഴിയും (എന്റെ വെറും 7 സിനിമകളില്‍ നിന്നുള്ള അറിവല്ലല്ലോ). ഈ പുനര്‍നിര്‍മ്മാണത്തില്‍ ലാലുമോനെ സഹായിക്കാനുള്ള ചുമതല രാജീവ് എന്നില്‍ നിന്ന് ഏറ്റെടുത്തു.

Tags:    
News Summary - jijo punnoose about barroz and quitting project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.