പനാജി: 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തുടക്കം. അജയ് ദേവ്ഗൺ, കാർത്തിക് ആര്യൻ, പങ്കജ് ത്രിപാഠി, മനോജ് ബാജ്പെയ്, സുനിൽ ഷെട്ടി, വരുൺ ധവാൻ, സാറാ അലിഖാൻ തുടങ്ങിയ താരങ്ങൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയെ സിനിമ രചനയുടെയും നിർമാണത്തിന്റെയും ഷൂട്ടിങ്ങിന്റെയും കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവ വേദി എന്ന നിലയിൽ ഇന്ത്യയെ ആഗോള ചലച്ചിത്ര ഹബ് ആക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ സിനിമകൾ അന്താരാഷ്ട്ര സിനിമകളായി പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡീറ്റർ ബെർണർ സംവിധാനം ചെയ്ത ഓസ്ട്രിയൻ ചിത്രം 'അൽമ ആൻഡ് ഓസ്കർ' ആണ് ഈ വർഷത്തെ ഉദ്ഘാടന ചിത്രം. 79 രാജ്യങ്ങളിൽനിന്നുള്ള 280 സിനിമകൾ ഐ.എഫ്.എഫ്.ഐയിൽ പ്രദർശിപ്പിക്കും.
സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് അർഹരായ ആശാ പരേഖ്, സ്പാനിഷ് ചലച്ചിത്ര നിർമാതാവ് കാർലോസ് സൗറ എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ റെട്രോസ്പെക്ടിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. സൗറയുടെ 'ലാ കാസ ഡെൽ കോനെജോ', 'അന വൈ ലോസ് ലോബോസ്' എന്നിവയുൾപ്പെടെ എട്ട് സിനിമകൾ പ്രദർശിപ്പിക്കും. പരേഖിന്റെ 'തീസ്‌രി മൻസിൽ', 'ദോ ബദൻ', 'കടി പതംഗ്' എന്നിവയും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.