‘പത്താൻ’ സിനിമക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. ഏറ്റവും ഒടുവിൽ അഹമ്മദാബാദിലെ മാളിൽ പ്രൊമോഷന്‍റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളും കട്ടൗട്ടുകളും നശിപ്പിച്ചിരിക്കുകയാണ്. ബജ്റംഗ് ദൾ പ്രവർത്തകർ തള്ളിക്കയറി അക്രമം നടത്തുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ചിത്രം റിലീസ് ചെയ്യരുതെന്ന് മാൾ അധികൃതരെ അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനുവരി 25നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാനും ദീപിക പദുകോണും ജോൺ എബ്രഹാമുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
#WATCH | Gujarat | Bajrang Dal workers protest against the promotion of Shah Rukh Khan's movie 'Pathaan' at a mall in the Karnavati area of Ahmedabad (04.01)
— ANI (@ANI) January 5, 2023
(Video source: Bajrang Dal Gujarat's Twitter handle) pic.twitter.com/NelX45R9h7
ബജ്റംഗ് ദളിന്‍റെ അക്രമത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സെൻസർ ബോർഡിനൊപ്പം ഭാവിയിൽ ബജ്റംഗ് ദളിന്‍റെ സർട്ടിഫിക്കറ്റും സിനിമ ഇറക്കാൻ വേണ്ടിവരുമെന്ന് ഒരാൾ ട്വിറ്ററിൽ പരിഹസിച്ചു. തൊഴിലില്ലായ്മയാണ് ഇത്തരം ആളുകളുടെ പ്രശ്നമെന്നും ധാരാളം ഒഴിവു സമയവും ഫ്രീ ഇന്‍റർനെറ്റ് ഡാറ്റയുമുള്ളതാണ് ഇതിനെല്ലാം കാരണമെന്നും മറ്റൊരാൾ പറയുന്നു.
ചിത്രത്തിലെ ബേഷറം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദവും പ്രതിഷേധവും ആരംഭിച്ചത്. ഗാനരംഗത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. പ്രതിഷേധക്കാർ വിവിധയിടങ്ങളിൽ ഷാരൂഖിന്‍റെ കോലം കത്തിച്ചു. അയോധ്യയിലെ വിവാദ സന്യാസിയായ മഹന്ത് പരമഹൻസ് ആചാര്യ ഷാരൂഖിന്‍റെ ശേഷക്രിയ നടത്തുകയും നേരിൽ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മധ്യപ്രദേശിലടക്കം ശക്തമായ ബഹിഷ്കരണാഹ്വാനവും ചിത്രത്തിനെതിരെ നടക്കുന്നുണ്ട്. വസ്ത്രങ്ങളും രംഗങ്ങളും തിരുത്തണമെന്നും അല്ലെങ്കിൽ സിനിമ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ലെന്നും മധ്യപ്രദേശ് മന്ത്രി പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ, ചിത്രത്തിലെ ഗാനരംഗത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.