2025-ലെ ഫിലിം ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡുകളിൽ ജോൺ കാസവെറ്റ്സ് അവാർഡ് നേടി ഇന്ത്യയുടെ 'ഗേൾസ് വിൽ ബി ഗേൾസ്'. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. ഒരു മില്യൺ ഡോളറിൽ താഴെയാണ് ഇതിന്‍റെ ബജറ്റ്. ശുചി തലതി സംവിധാനം ചെയ്ത ചിത്രം പുഷിങ് ബട്ടൺസ് സ്റ്റുഡിയോസിന്റെ കീഴിൽ നടിമാരായ റിച്ച ഛദ്ദയും അലി ഫസലും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
'ഇത് എനിക്ക് ഒരു അവാർഡ് മാത്രമല്ല. ഞങ്ങൾ പറയാൻ ഉദ്ദേശിച്ച കഥയുടെ ശക്തമായ സ്ഥിരീകരണമാണിത്. ഇത് സ്നേഹത്തിന്റെ അധ്വാനമായിരുന്നു. ചിത്രം പ്രേക്ഷകരിലും നിരൂപകരിലും ഒരുപോലെ പ്രതിധ്വനിക്കുന്നത് അതിശയകരമാണ്. റിച്ചയുമായുള്ള എന്റെ സൗഹൃദം കലാപരമായ രീതിയിൽ വികസിച്ചതിൽ സന്തോഷമുണ്ട്'. ഗേൾസ് വിൽ ബി ഗേൾസിന്റെ സംവിധായികയും എഴുത്തുകാരിയുമായ ശുചി തലതി പറഞ്ഞു.
'ഈ വിജയം സ്വപ്നം പോലെയാണ് തോന്നുന്നത്. ഗേൾസ് വിൽ ബി ഗേൾസിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇതൊരു കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ്. ഇത്രയും മഹത്തായ വേദിയിൽ ചിത്രം അംഗീകരിക്കപ്പെടുന്നത് കാണുന്നത് സന്തോഷമാണ്. ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ നടനും നിർമ്മാതാവും എന്ന നിലയിൽ, ഇത് എന്റെ മാത്രം വിജയമല്ല. വൈവിധ്യമാർന്നതും ആധികാരികവുമായ കഥകൾ നിർമിക്കാൻ പ്രവർത്തിക്കുന്ന നമുക്കെല്ലാവർക്കും ലഭിച്ച വിജയമാണെന്ന് എനിക്ക് തോന്നുന്നു'. ചിത്രത്തിന്‍റെ സഹ നിർമാതാവും നടിയുമായ റിച്ച ഛദ്ദ പറഞ്ഞു.
കനി കുശ്രുതി, പ്രീതി പാണിഗ്രഹി, കേശവ് ബിനോയ് കിരൺ എന്നിവർ അഭിനയിക്കുന്ന ചിത്രം ബോർഡിങ് സ്കൂളിൽ എത്തുന്ന മീര എന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. ചിത്രം പ്രൈം വീഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.