വെള്ളിയാഴ്ച കളറാക്കാൻ ഇതാ പുത്തൻ ഒ.ടി.ടി റിലീസുകൾ

മേയ് 30ന് ഒ.ടി.ടിയിലെത്തുന്നത് പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങൾ. ജിയോഹോട്ട്സ്റ്റാർ, സീ 5, സോണി ലിവ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന നിരവധി ആവേശകരമായ സിനിമകളും ഷോകളും ഉണ്ട്.

തുടരും

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന കെ. ആർ. സുനിൽ ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, ശോഭന, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, അമൃത വർഷിണി മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നിഴാർകുടൈ

ശിവ അറുമുഖം രചനയും സംവിധാനവും നിർവ്വഹിച്ച് 2025ൽ പുറത്തിറങ്ങിയ ഇന്ത്യൻ തമിഴ് ചിത്രമാണ് നിഴാർകുടൈ. ദേവയാനി, വിജിത്ത്, കൺമണി മനോഹരൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ദർശൻ ഫിലിംസിന്റെ കീഴിൽ ജ്യോതിശിവയാണ് നിർമിച്ചിരിക്കുന്നത്. നരേൻ ബാലകുമാറാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ആഹാ തമിഴാണ് (തെലുങ്ക്, തമിഴ് ഭാഷാ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ഒരു ഇന്ത്യൻ ഓവർ-ദി-ടോപ്പ് സ്ട്രീമിങ് സേവനം) ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് ഏറ്റെടുത്തിരിക്കുന്നത്. മേയ് 30 മുതൽ സ്ട്രീമിങ് ആരംഭിക്കും.

ജെറി

ടോം ആൻഡ് ജെറി കാർട്ടൂണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന മലയാള ചിത്രമാണ് ജെറി. ഒരു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന എലിയും അത് ഇല്ലാതാക്കാനുള്ള മനുഷ്യരുടെ ശ്രമവുമാണ് ചിത്രത്തിൽ. കോമഡി ഫാമിലി എന്റർടെയ്‌നറായ ചിത്രം മേയ് 30 മുതൽ സിംപ്ലിസൗത്തിൽ സ്ട്രീം ചെയ്യും. എന്നാൽ ഇന്ത്യക്ക് പുറത്തുള്ള പ്രേക്ഷകർക്ക് മാത്രമേ ചിത്രം ലഭിക്കു എന്നാണ് വിവരം. അനീഷ് ഉദയ് സംവിധാനം ചെയ്ത ചിത്രം ജെയ്‌സണും ജോയ്‌സണും ചേർന്നാണ് നിർമിച്ചത്. അരുൺ വിജയ് ആണ് സംഗീതസംവിധാനം. സണ്ണി ജോസഫ്, റൂത്ത് പി. ജോൺ, കോട്ടയം നസീർ, കുമാർ സേതു, അനിൽ ശിവറാം, അബിൻ പോൾ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

വിരുന്ന്

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ദിനേശ് പള്ളത്ത് എഴുതി 2024ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ആക്ഷൻ ഡ്രാമ ചിത്രമാണ് വിരുന്ന്. ചിത്രത്തിൽ അർജുൻ സർജയും നിക്കി ഗൽറാണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ്, സോന നായർ, അജു വർഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, ഗിരീഷ് നെയ്യാർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മേയ് 30 മുതൽ സിംപ്ലിസൗത്തിൽ വിരുന്നു സ്ട്രീം ചെയ്യും. എന്നാലും, ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇത് ലഭ്യമാകില്ല.

ഡാൻസ് പാർട്ടി

സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ഡാൻസ് പാർട്ടി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ചിത്രം നിർമിച്ചത്. ഡാൻസും മ്യുസിക്കുമൊക്കെയായി ജീവിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി. എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രം മേയ് 30 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ, ശ്രദ്ധാഗോകുൽ, പ്രീതി രാജേന്ദ്രൻ, ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കംഖാജുര

സോണി ലിവിൽ സ്ട്രീം ചെയ്യുന്ന 2025 ലെ ഹിന്ദി ഭാഷാ ഇന്ത്യൻ ക്രൈം ത്രില്ലർ വെബ് സീരീസാണ് കംഖാജുര. ഇത് സംവിധാനം ചെയ്തിരിക്കുന്നത് ചന്ദൻ അറോറയും നിർമിക്കുന്നത് അജയ് റായ്യുമാണ്. റോഷൻ മാത്യു , മോഹിത് റെയ്‌ന , ത്രിനേത്ര ഹൽദാർ ഗുമ്മരാജു , സാറാ ജെയ്ൻ ഡയസ് എന്നിവർ അഭിനയിക്കുന്ന ഈ പരമ്പര 2025 മെയ് 30 ന് റിലീസ് ചെയ്യും. ചെറുപ്പത്തിലെ ഒരു കുറ്റകൃത്യത്തിന് 14 വർഷം തടവ് അനുഭവിച്ചതിന് ശേഷം, ആഷു തന്റെ സഹോദരൻ മാക്സുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നു. വിശ്വാസം പുനഃസ്ഥാപിക്കാൻ അവർ പാടുപെടുന്നതിനിടയിൽ, ആഷുവിന്റെ ഇരുണ്ട ഭൂതകാലവും അപകടകരമായ ബന്ധങ്ങളും വീണ്ടും ഉയർന്നുവരുന്നു. ഇത് മാക്സിന്റെ ജീവിതത്തിനും ബിസിനസിനും ഭീഷണിയാകുന്നുതാണ് കഥാതന്തു. 

Tags:    
News Summary - Friday OTT releases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.