മലയാള സിനിമയിലെ അത്യപൂർവ പരീക്ഷണങ്ങളിലൊന്നും, മഹാനടൻ മമ്മൂട്ടി അതിശയ പ്രകടനം കാഴ്ചവെച്ചതുമായ ‘ഭ്രമയുഗം’ പഠന വിഷയമായെടുത്ത് ഇംഗ്ലണ്ടിലെ സിനിമ സ്കൂൾ. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ ഹൊറർ ത്രില്ലറിലെ ദൃശ്യങ്ങൾ സ്ക്രീനിൽ കാണിച്ചുകൊണ്ട് ക്ലാസെടുക്കുന്ന അധ്യാപകന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ഫാൺഹാമിലെ യൂനിവേഴ്സിറ്റി ഫോർ ദ ക്രിയേറ്റിവ് ആർട്സിലേതെന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ, മലയാളി സിനിമ പ്രേമികൾ ആഘോഷിക്കുകയാണ്.
അടുത്ത കാലത്തായി മലയാള സിനിമക്ക് ലോകതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് കാണിക്കുന്നതെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഒ.ടി.ടിയുടെ വരവോടെ ലോകത്തിന്റെ ഏതു മൂലയിലുമുള്ള ചിത്രങ്ങൾക്ക്, അവ മികച്ചവയാണെങ്കിൽ ലോകമെങ്ങും പ്രേക്ഷകരുണ്ടാകുമെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ‘ഭ്രമയുഗ’ത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ അടക്കമുള്ളവർ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ കൊടുമൺ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടിയും മറ്റു പ്രധാന വേഷമഭിനയിച്ച അർജുൻ അശോകനുമെല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ച ചിത്രം 60 കോടിയോളം കലക്ഷൻ നേടിയിരുന്നതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.