വിവാദങ്ങളുടെ അകമ്പടിയോടെ റിലീസിനെത്തിയ എമ്പുരാൻ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. റിലീസ് ചെയ്ത് അഞ്ച്ദിവസം കൊണ്ട് ചിത്രം 200 കോടി ക്ലബ്ബിൽ കയറിയിരുന്നു. ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 325 കോടി കടന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു. എമ്പുരാനിലെ നായകനായ മോഹൻലാലാണ് വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മോഹൻ ലാൽ,
പൃഥ്വിരാജ്, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ ചിത്രമടങ്ങിയ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ''ചരിത്രത്തിൽ കൊത്തിവെക്കാവുന്ന ഒരു ചലച്ചിത്ര നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഈ സ്വപ്നം കണ്ടത്. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് സാക്ഷാത്കരിച്ചതും. കൂടുതൽ തിളക്കത്തിലാണ് ഇന്ന് മലയാള സിനിമ...''-എന്നാണ് മോഹൻ ലാൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റർ ഏറ്റെടുത്തത്.
മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്തത്. തിയേറ്ററിലെ വൻ വിജയത്തിന് ശേഷം എമ്പുരാന്റെ ഒ.ടി.ടി റിലീസും പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 24 ചിത്രം ജിയോ ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും. വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.
ചിത്രത്തിലെ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ വിവാദമായിരുന്നു. ഒടുവിൽ, സിനിമ 24 ഇടത്ത് വെട്ടിയാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിച്ചത്. സിനിമക്കെതിരെ സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായ സാഹചര്യത്തിലാണ് റീ സെൻസർ ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. റീ എഡിറ്റ് ചെയ്ത പതിപ്പ് ആയിരിക്കും ഒ.ടി.ടിയില്‍ എത്തുക എന്ന് ചിത്രത്തിന്‍റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ സ്ഥിരീകരികരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനായും ഒഴിവാക്കി. പ്രധാന വില്ലന്‍ കഥാപാത്രവും മറ്റൊരു വില്ലന്‍ കഥാപാത്രവുമായുള്ള സംഭാഷണത്തിനും വെട്ട് വീണിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ വില്ലന്റെ പേര് ബാബു ബജ്റംഗി എന്നായിരുന്നു. ചിത്രത്തില്‍ എന്‍.ഐ.എ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തുകളഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.