കാത്തിരിപ്പിന് വിരാമം; എമ്പുരാൻ ട്രെയിലർ നാളെ ഉച്ചക്ക് 01:08നെന്ന് ആശീർവാദ് സിനിമാസ്
സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരുന്ന 'എമ്പുരാൻ' സിനിമയുടെ ട്രെയ്‌ലർ നാളെ എത്തും. മാർച്ച് 20 ഉച്ചക്ക് 01:08ന് ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാലിലൂടെയാകും ട്രെയിലർ പുറത്തിറങ്ങുക. പാൻ ഇന്ത്യൻ ചിത്രം ആയതുകൊണ്ട് തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യും. റിലീസ് തിയതി അടുത്തിട്ടും ട്രെയിലർ പുറത്തിറങ്ങാത്തതിൽ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ട്രെയിലർ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകർക്കിടയിൽ ചർച്ച തുടങ്ങി കഴിഞ്ഞു. ട്രെയിലർ റിലീസ് ചെയ്യുന്ന വാർത്ത പൃഥ്വിരാജ് പുറത്തുവിട്ടതും 01:08ന് തന്നെയാണ്. കൂടാതെ ലൂസിഫർ സിനിമയുടെ ട്രെയിലറും റിലീസ് ചെയ്തത് 2019 മാർച്ച് 20നായിരുന്നു.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ അവശത്തോടെയാണ് എമ്പുരാൻ റിലീസിനെ കാത്തിരിക്കുന്നത്. മാർച്ച് 27നാണ് സിനിമ ആഗോള റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.
മുരളി ഗോപി തിരക്കഥ രചിച്ച ചിത്രത്തിൽ ദീപക് ദേവാണ് സംഗീതം നൽകുന്നത്. സുജിത് വാസുദേവൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ അഖിലേഷ് മോഹനനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ, ടോവിനോ തോമസ്, സൂരജ് വെഞ്ഞാറമൂട്, അർജുൻ ദാസ്, എറിക് എബൗയേനെ, അഭിമന്യു സിങ്, ആൻഡ്രിയ തിവാടർ, സാനിയ ഇയ്യപ്പൻ തുടങ്ങിയ വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.