ചരിത്രത്തെ, ആദിവാസി ഭൂസമരത്തെ സിനിമയിലേക്കും ചർച്ചകളിലേക്കും കൊണ്ടുവന്ന മികച്ച ദൃശ്യാനുഭവം; നരിവേട്ടയെ കുറിച്ച് ഡോ.ബിജു

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഡോ.ബിജു നരിവേട്ടയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മുത്തങ്ങ സമരം പോലെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ചരിത്രം ഒരു മുഖ്യ ധാരാ സിനിമക്ക് പ്രമേയമാക്കാൻ കാട്ടിയ ധൈര്യത്തിനും രാഷ്ട്രീയ ബോധ്യത്തിനും ഒരു വലിയ അഭിനന്ദനം തന്നെ നൽകേണ്ടതുണ്ട്. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ള ഒരു സംവിധായകനും എഴുത്തുകാരനും നിർമാതാവിനും മാത്രം സാധ്യമാകുന്ന ഒന്നാണ് ഇത്തരം ഒരു രാഷ്ട്രീയ ചരിത്രം സിനിമയിലേക്ക് കൂടെ കൂട്ടുക എന്നത്. നായകൻ എന്ന നിലയിൽ മുഖ്യ ധാരാ സിനിമകളിൽ പോലും ഇത്തരത്തിൽ ഉള്ള പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്നത് കലാകാരൻ എന്ന നിലയിലെ ടോവിനോയുടെ സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങൾ കൂടുതൽ വെളിപ്പെടുത്തുന്നു ഡോ.ബിജു പറഞ്ഞു.

പോസ്റ്റിന്‍റെ പൂർണ രൂപം

മലയാളത്തിലെ മുഖ്യ ധാരാ സിനിമകൾ രാഷ്ട്രീയം പറയാൻ മടിച്ചു നിൽക്കുന്ന ഒരിടത്താണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായ മുത്തങ്ങാ ഭൂസമരം പ്രമേയമാക്കി നരിവേട്ട പുറത്തിറങ്ങുന്നത്. സിനിമ കാണുന്നതിനുള്ള ആദ്യ കാരണവും അത് തന്നെ ആയിരുന്നു. മുത്തങ്ങ സമരത്തിന്റെ ചരിത്രത്തോടും രാഷ്ട്രീയത്തോടും ഒക്കെ സിനിമ പൂർണമായും നീതി പുലർത്തിയോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. പക്ഷെ യഥാർത്ഥ സംഭവങ്ങൾ സിനിമ ആക്കുമ്പോൾ സ്വാഭാവികമായി എടുക്കുന്ന കലാപരമായ ഭാവനാ സ്വാതന്ത്ര്യം എന്ന നിലയിൽ അതിനെ നോക്കി കാണാം.

മുത്തങ്ങ സമരം പോലെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ചരിത്രം ഒരു മുഖ്യ ധാരാ സിനിമക്ക് പ്രമേയമാക്കാൻ കാട്ടിയ ധൈര്യത്തിനും രാഷ്ട്രീയ ബോധ്യത്തിനും ഒരു വലിയ അഭിനന്ദനം തന്നെ നൽകേണ്ടതുണ്ട്. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ് മുഖ്യധാരാ സിനിമ ആദിവാസി സമര രാഷ്ട്രീയ ചരിത്രം സംസാരിക്കുന്ന ഒരു യഥാർത്ഥ പ്രമേയം കൈകാര്യം ചെയ്യുക എന്നത്, മാത്രവുമല്ല ഒരു മുഖ്യ ധാരാ സിനിമ ആദിവാസികളുടെ രാഷ്ട്രീയത്തെയും സമരത്തെയും ജീവിതത്തെയും അപമാനിക്കാതെ അടയാളപ്പെടുത്തുന്നു എന്നതും പ്രധാനമാണ്.

സംവിധായകൻ അനുരാജ് മനോഹറിനും, തിരക്കഥാകൃത്ത് അബിൻ ജോസഫിനും നിർമാതാക്കൾ ആയ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർക്കും അഭിനന്ദനങ്ങൾ. കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ള ഒരു സംവിധായകനും എഴുത്തുകാരനും നിർമാതാവിനും മാത്രം സാധ്യമാകുന്ന ഒന്നാണ് ഇത്തരം ഒരു രാഷ്ട്രീയ ചരിത്രം സിനിമയിലേക്ക് കൂടെ കൂട്ടുക എന്നത്. മുത്തങ്ങ ഭൂസമരം വീണ്ടും കേരളത്തിന്റെ സാമൂഹ്യ മേഖലയിൽ ചർച്ചയിലേക്ക് കൊണ്ട് വരുന്നു ഈ സിനിമ. മികച്ച മേക്കിങ്ങും സാങ്കേതിക മേന്മകളും അഭിനേതാക്കളുടെ പ്രകടനങ്ങളും സിനിമക്ക് ഏറെ മികവേകുന്നു. വിജയ്‌യുടെ കാമറയും രംഗനാഥ് രവിയുടെ ശബ്ദ സന്നിവേശവും ജേക്സ് ബിജോയിയുടെ സംഗീതവും ഏറെ നന്നായി.

ടോവിനോയുടെ അഭിനയം ഏറെ സൂക്ഷ്മമായ ഒന്നായി മാറുന്നുണ്ട്. ഓരോ സിനിമകൾ കഴിയുമ്പോഴും അഭിനയം കൂടുതൽ കൂടുതൽ ഉരച്ചു മിനുസപ്പെടുത്തി റിഫൈൻഡ് ആയി മാറുന്ന നടൻ ആണ് ടോവിനോ. നായകൻ എന്ന നിലയിൽ മുഖ്യ ധാരാ സിനിമകളിൽ പോലും ഇത്തരത്തിൽ ഉള്ള പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്നത് കലാകാരൻ എന്ന നിലയിലെ ടോവിനോയുടെ സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങൾ കൂടുതൽ വെളിപ്പെടുത്തുന്നു.

സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തെ പറ്റി കൂടുതൽ എഴുതേണ്ടതില്ലല്ലോ. സുഹൃത്ത് കൃഷ്ണൻ ബാലകൃഷ്ണനെയും മികച്ച ഒരു വേഷത്തിൽ കണ്ടു. മറ്റുള്ള നടന്മാരും സ്വാഭാവിക അഭിനയത്താൽ ഏറെ നന്നായി. തീർച്ചയായും കാണേണ്ട സിനിമ ആണ് നരിവേട്ട എന്ന നര വേട്ടയുടെ ചരിത്രം. ചരിത്രത്തെ, ആദിവാസി ഭൂസമരത്തെ സമകാലിക സിനിമയിലേക്കും ചർച്ചകളിലേക്കും കൊണ്ടുവന്ന മികച്ച ഒരു ദൃശ്യാനുഭവം.

സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ രണ്ടു കാര്യങ്ങൾ ഓർത്ത് പോയി. പേരറിയാത്തവർ സിനിമയുടെ രണ്ടാം പകുതി നടക്കുന്നത് ആദിവാസികൾ ഭൂമിക്കായി സമരം നടത്തുന്ന കാട്ടിനുള്ളിൽ ആണ്. ആ സിനിമയുടെ തുടക്കവും ഒടുക്കവും ഒരേ ഷോട്ടാണുള്ളത്. ഒരു വശത്തു നിരന്നു നിന്ന് ഭൂമിക്കായുള്ള മുദ്രാവാക്യം മുഴക്കുന്ന അനേകം ആദിവാസികൾ. അവർക്ക് നേരെ മറു വശത്തായി തോക്കുകളും ലാത്തിയും ബാരിക്കേഡുകളും ആയി നിരന്നു നിൽക്കുന്ന അനേകം പൊലീസുകാർ. പൊലീസുകാർ അവരുടെ കയ്യിലുള്ള തോക്കുകൾ ഉയർത്തി മുന്നിൽ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് നിൽക്കുന്ന നൂറു കണക്കിന് ആദിവാസികൾക്ക് നേരെ ചൂണ്ടുന്നിടത്താണ് പേരറിയാത്തവർ സിനിമ അവസാനിക്കുന്നത്.

പൊലീസുകാർ തോക്കിന്റെ കാഞ്ചിയിൽ വിരൽ അമർത്തുമ്പോൾ ആദിവാസി സമരക്കാരുടെ മുന്നിൽ നിന്ന് പൊലീസിനെ നോക്കുന്ന രണ്ട് ആൺകുട്ടികൾ ചെവി പൊത്തുകയും ദൃശ്യത്തിന്റെ ഓഡിയോ മുഴുവൻ മ്യൂട്ടായി ഇരുട്ടിലേക്ക് ഫെയ്ഡ് ചെയ്യുകയും ചെയ്യുന്നു. നരിവേട്ട പറയുന്നത് പൊലീസുകാരുടെ ആ തോക്കുകളിൽ നിന്നും വർഷിക്കുന്ന വെടിയുണ്ടകളുടെയും അത് നെഞ്ചിൽ പതിച്ച ആദിവാസികളുടെയും കഥ കൂടിയാണ്.

രണ്ടാമത് ഞാൻ ഓർത്തത് ഷാജി പട്ടണം എന്ന സുഹൃത്തിനെയാണ്. മുത്തങ്ങ സമരത്തിലെ പൊലീസ് നരനായാട്ടിന്റെതായി പുറത്തു വന്ന ഒരേ ഒരു വിഷ്വൽ ആ കാലത്തു കൈരളി ചാനലിന്റെ കാമറാമാൻ ആയിരുന്ന ഷാജി പട്ടണം ചിത്രീകരിച്ച ദൃശ്യങ്ങൾ ആണ്. മുത്തങ്ങയിൽ പൊലീസിന്റെ ലാത്തിചാർജ്ജും വെടി വെപ്പും ഉണ്ടാകുമ്പോൾ കൂടുതൽ ദൃശ്യങ്ങൾ എടുക്കുന്നതിനായി ഒരു മരത്തിന്റെ മുകളിൽ അതി സാഹസികമായി കയറി കൂടി ആണ് ഷാജി പട്ടണം ആ ദൃശ്യങ്ങൾ പകർത്തിയത്.

മരത്തിന്റെ മുകളിൽ നിന്നും പൊലീസ് ഷാജിയെ വലിച്ചു താഴെ ഇറക്കുമ്പോഴേക്കും ഷാജി കാമറയിൽ നിന്നും ടേപ്പ് ഊരി മാറ്റി ജീൻസിന്റെ പോക്കറ്റിൽ ഒളിപ്പിക്കുകയും പകരം വേറെ ഒരു ടേപ്പ് കാമറയിൽ ഇടുകയും ചെയ്തു. താഴെ ഇറങ്ങിയ ഷാജിയെ പൊലീസ് മർദിക്കുകയും കാമറയിലെ ടേപ്പ് ഊരി വാങ്ങുകയും ചെയ്തു. ഒളിപ്പിച്ചു കടത്തിയ ടേപ്പിലുണ്ടായിരുന്ന ഷാജി പകർത്തിയ ദൃശ്യങ്ങൾ ആണ് പിന്നീട് കൈരളി ചാനലിലൂടെ ആ കടുത്ത പൊലീസ് ആക്രമണത്തിന്റെ കഥ പുറം ലോകത്തേക്ക് എത്തിച്ചത്. പേരറിയാത്തവർ സിനിമയുടെ അവസാന ടൈറ്റിലുകളിൽ കൈരളി ചാനലിന്റെ ആ ഫുട്ടേജുകൾ കാണിക്കുന്നുണ്ട്. ചരിത്രം ഓർമ്മപ്പെടുത്തലുകൾ ആണ്, അത് ആവർത്തിച്ചുകൊണ്ടേ ഇരിക്കും. നരിവേട്ട എന്ന സിനിമയും അത്തരത്തിൽ ഒരു ഓർമ്മപ്പെടുത്തൽ ആണ്. കേരളം കാണേണ്ട ഒരു ഓർമപ്പെടുത്തൽ. ഒരിക്കൽക്കൂടി അനുരാജിനും ടീമിനും അഭിനന്ദനങ്ങൾ.

Tags:    
News Summary - Dr. Biju about Narivetta movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.