മുംബൈ: രൺവീർ സിങ് നായകനായ ധുരന്ധറിന്റെ രണ്ടാംഭാഗം ധുരന്ധർ: ദി റിവഞ്ചിന്റെ വ്യാജപതിപ്പ് യുട്യൂബിൽ. ബോക്സ് ഓഫിസിൽ കലക്ഷൻ റെക്കോഡുകൾ മറികടന്ന് മുന്നേറുന്നതിനിടെയാണ് വ്യാജപതിപ്പ് യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. ആരാധകർ സിനിമയുടെ അണിയറ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെ വ്യാജപതിപ്പ് യുട്യൂബിൽനിന്ന് നീക്കം ചെയ്തു.
ആദിത്യ ധറാണ് ധുരന്ധറിന്റെ സംവിധാനം. ചിത്രത്തിന്റെ വ്യാജപതിപ്പ് യുട്യൂബിലുണ്ടെന്ന് അറിയിച്ച് ആദിത്യ ധറിനെയും പങ്കാളി യാമി ഗൗതത്തെയും ടാഗ് ചെയ്ത് നിരവധി പോസ്റ്റുകൾ എക്സിൽ പ്രത്യക്ഷപ്പെട്ടു. ചിത്രം പങ്കുവെച്ച ചാനലിന്റെ പേര് സൂചിപ്പിച്ചായിരുന്നു പോസ്റ്റുകൾ. ‘ആദിത്യ ധർ ഫിലിംസ്, യാമി ഗൗതം ധുരന്ധർ ടു യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നു. യുട്യൂബിൽ ഉടൻതന്നെ ഒരു പരാതി നൽകൂ. കുറഞ്ഞത് 3000കോടിയെങ്കിലും ചിത്രം നേടണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. കഥപറയുന്ന രീതിയും സിനിമാറ്റോഗ്രഹിയും വളരെയേറെ ഇഷ്ടപ്പെട്ടു. അവസാന സീനിൽ കരഞ്ഞു. യുട്യൂബ് ചാനലിന്റെ പേര് എ2സെഡ് മൂവീ’ -ആരാധകൻ എക്സിൽ പോസ്റ്റ് ചെയ്തു.
അതേസമയം ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം 150 കോടി രൂപക്ക് വിറ്റുപോയതായാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗമായ ധുരന്ധർ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തതെങ്കിൽ, രണ്ടാം ഭാഗം ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ ഇതുവരെ നടത്തിയിട്ടില്ല. ധുരന്ധർ രണ്ടാംഭാഗത്തിന്റെ കലക്ഷൻ 11 ദിവസംകൊണ്ട് 1000 കോടി മറികടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.