ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുബേരയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ധനുഷിനൊപ്പം രശ്മിക മന്ദാന, നാഗാർജുന, ജിം സർഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂൺ 20 ന് റിലീസ് ചെയ്യും. ശേഖർ കമ്മുലയാണ് ആക്ഷൻ ത്രില്ലർ ചിത്രം കുബേരയുടെ സംവിധാനം.
"അധികാരത്തിന്‍റെ കഥ.. സമ്പത്തിന് വേണ്ടിയുള്ള യുദ്ധം.. വിധിയുടെ കളി.. 2025 ജൂൺ 20 മുതൽ" എന്ന കുറിപ്പോടെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിർമാതാക്കൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. നാഗാർജുനയും ധനുഷും മുഖാമുഖം നിൽക്കുന്ന ചിത്രത്തിൻ്റെ പോസ്റ്ററും നിർമാതാക്കൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ജിം സർഭും പോസ്റ്ററിലുണ്ട്.
ശേഖർ കമ്മുലയുടെ അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പിയുടെ ബാനറിൽ സുനിൽ നാരംഗും പുസ്‌കൂർ റാം മോഹൻ റാവുവും ചേർന്നാണ് കുബേര നിർമിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.
ധനുഷിൻ്റെ 51-ാമത്തെ ചിത്രമാണ് കുബേര. ഹിന്ദു പുരാണങ്ങളിലെ ഏറ്റവും ധനികനായ ദൈവമായ കുബേരൻ്റെ ഇതിഹാസമാണ് ചിത്രീകരിക്കുന്നത് എന്നും സൂചനയുണ്ട്. സംവിധായകൻ ശേഖർ കമ്മുലയും ധനുഷും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.