'മുൻപ് ഇഷ്ടമായിരുന്നതെല്ലാം എനിക്കിപ്പോൾ വെറുപ്പാണ്' ഭർത്താവിന്‍റെ മരണശേഷം മറവി രോഗം ബാധിച്ചെന്ന് നടി ഭാനുപ്രിയ

ഒരു പിടി മലയാള ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളിയുടെ പ്രിയനായികയായി ഇന്നും മനസിൽ തങ്ങി നിൽക്കുന്ന താരമാണ് ഭാനുപ്രിയ. തനിക്ക് മറവി രോഗമാണെന്ന് നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. രാജശിൽപിയിൽ മോഹൻലാലിന്‍റെ നായികയായും അഴകിയ രാവണനിൽ മമ്മൂട്ടിയുടെ നായികയായും തിളങ്ങിയ നടിയെ മലയാളി ഒരിക്കലും മറിക്കില്ല. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത കുലത്തിലെ സുഭദ്രയുടെ വീറുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച സുന്ദരിയെ ആരും മറക്കാൻ ഇടയില്ല. മലയാളത്തിൽ മാത്രമില്ല ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്.

നർത്തകി എന്ന നിലയിലും തിളങ്ങിയ നടിയാണ് ഭാനുപ്രിയ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങളിലെ 'ശിവകരഡമരുകലയമായ് കാലം' എന്ന ഗാനത്തിലെ ഭാനുപ്രിയയുടേയും ലക്ഷ്മി ഗോപാലസ്വാമിയുടേയും പെർഫോമൻസ് ആ സിനിമ കണ്ടവരാരും മറക്കില്ല. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ദേവദാസിലെ എൈശ്വര്യ റായ് - മാധുരി ദീക്ഷിത് കോമ്പോയേക്കാൾ മുൻപ് സിനിമാ പ്രേമികൾക്കിടയിൽ ഈ പാട്ടും ഡാൻസും തിരയിളക്കം സൃഷ്ടിച്ചു.

1983ൽ മെല്ല പേസുങ്കൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാനുപ്രിയ പെട്ടെന്നാണ് പ്രശസ്തിയുടെ പടവുകൾ താണ്ടിയത്. തുടർന്നുള്ള വർഷങ്ങളിൽ തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. ഭാവസാന്ദ്രമായ കണ്ണുകൾ, ആകർഷകമായ മുഖം, താളാത്മകമായ ശരീരഭാഷ, കുട്ടിക്കാലം മുതൽ വളർത്തിയെടുത്ത നർത്തന വൈഭവം എന്നിവ ഭാനുപ്രിയയെ ചലച്ചിത്ര സംവിധായകരുടേയും പ്രേക്ഷകരുടേയും പ്രിയപ്പെട്ടവളാക്കി മാറ്റി.

ഈ കാലയളവിൽ, അക്കിനേനി നാഗേശ്വര റാവു, കൃഷ്ണ, ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, വെങ്കിടേഷ്, വിജയകാന്ത്, കെ. ഭാഗ്യരാജ്, കാർത്തിക് തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പം അവർ പ്രവർത്തിച്ചു. ജിതേന്ദ്രയുടെ ദോസ്തി ദുഷ്മനി, ഖുദ്ഗർസ്, മർ മിടേംഗേ, ധർമ്മേന്ദ്രയുടെ ഇൻസാഫ് കി പുകാർ, രാജ് കുമാർ, വിനോദ് ഖന്ന എന്നിവരുടെ സൂര്യ: ആൻ അവേക്കനിങ്, മിഥുൻ ചക്രവർത്തിയുടെ ഗരിബോം കാ ദാദ തുടങ്ങിയ ഹിന്ദി സിനിമകളിലും ഭാനുപ്രിയ പ്രധാന വേഷങ്ങൾ ചെയ്തു.

90കളുടെ മധ്യത്തോടെ ബോധപൂർവം സിനിമകളുടെ എണ്ണം കുറച്ചെങ്കിലും ഭാനുപ്രിയക്ക് അവസരങ്ങൾ കുറഞ്ഞില്ല. അവർ തന്റെ റോളുകൾ വിവേകപൂർവ്വം തെരഞ്ഞെടുക്കുകയും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. മമ്മൂട്ടിയുടെ അഴകിയ രാവണൻ, സുരേഷ് ഗോപിയുടെ ഹൈവേ തുടങ്ങി മോഹൻ ബാബു-രജനീകാന്ത് ജോഡിയുടെ പെദരായുഡു, കമൽഹാസന്റെ മഹാരസൻ തുടങ്ങി അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം തന്‍റേതായ മുദ്ര പതിപ്പിക്കാൻ ഭാനുപ്രിയക്കായി.

1998 ൽ എഞ്ചിനീയറായ ആദർശ് കൗശലിനെ വിവാഹം കഴിച്ച ഭാനുപ്രിയ പിന്നീട് ഇടക്കിടെ മാത്രമാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ മഞ്ഞുപോലൊരു പെൺകുട്ടി, തെലുങ്കിലെ ലാഹിരി ലാഹിരി ലാഹിരിലോ, തമിഴിലെ നൈന, കന്നഡയിലെ കദംബ എന്നീ ചിത്രങ്ങളിലൂടെ അവർ പ്രേക്ഷകരെ ആകർഷിച്ചുകൊണ്ടിരുന്നു. 2005ൽ അവർ ഭർത്താവ് ആദർശുമായുള്ള വിവാഹ മോചനം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. 2018 ൽ ഹൃദയാഘാതത്തെ തുടർന്ന് ആദർശ് മരിച്ചു.

ഭാനുപ്രിയ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരെ വിഷമിപ്പിക്കുന്നത്.

ഭർത്താവിന്‍റെ വേർപാടിന്‍റെ കാലം തന്‍റെ ജീവിതത്തിലെ നിർഭാഗ്യകരമായ കാലമായിരുന്നുവെന്ന് ഭാനുപ്രിയ പറയുന്നു. താമസിയാതെ മറവിരോഗം ബാധിച്ചു. ഇത് തന്‍റെ ദൈനംദിന ജീവിതത്തെയും ഇഷ്ടങ്ങളെയും ബാധിച്ചു. കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുകയും അതിലൂടെ ചലച്ചിത്രമേഖലയിലും പൊതുജീവിതത്തിലും പ്രശസ്തയുമായ ഭാനുപ്രിയ, ഒരിക്കൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും താൽപര്യം നഷ്ടപ്പെട്ടവളായി മാറിയെന്ന് പറയുന്നു.

"എനിക്ക് നല്ല സുഖം തോന്നിയിരുന്നില്ല. ഓർമ്മക്കുറവ് അനുഭവപ്പെട്ടിരുന്നു. പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നു. നൃത്തത്തിൽ ഇപ്പോൾ എനിക്ക് താൽപ്പര്യമില്ല. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല," രണ്ട് വർഷം മുമ്പ് ഒരു അഭിമുഖത്തിനിടെ അവർ പറഞ്ഞു.

സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്റെ വരികൾ പോലും മറന്നുപോകുന്ന ഒരു ഘട്ടത്തിലേക്ക് മറവി രോഗം മാറിയെന്നും അവർ പറഞ്ഞു. "സില നേരങ്ങളിൽ സില മനിതർഗൾ (2022) എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. സംവിധായകൻ 'ആക്ഷൻ' പറഞ്ഞപ്പോൾ എന്റെ ഡയലോഗുകൾ മറന്നുപോയി," ഭാനുപ്രിയ വെളിപ്പെടുത്തുന്നു.

2024ൽ ശിവകാർത്തികേയന്റെ അയ്യാളനിലാണ് ഭാനുപ്രിയ അവസാനമായി അഭിനയിച്ചത്. 

Tags:    
News Summary - Bhanupriya began suffering memory loss after ex-husband’s death; gave up what she loved most

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.