വിവാദങ്ങൾ,നിരോധനം, പ്രിന്‍റ് കത്തിക്കൽ; അഭ്രപാളിയിലെ അടിയന്തരാവസ്ഥക്കാലം...

ജനാധിപത്യ ഇന്ത്യയുടെ ഇരുണ്ട അധ്യായമായി അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 50 വർഷം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ആകുലപ്പെടേണ്ടതൊന്നുമില്ല എന്ന ഇന്ദിര ഗാന്ധിയുടെ വാക്കുകൾ പോലെയായിരുന്നില്ല പിന്നീട് നടന്ന കാര്യങ്ങൾ. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. 21 മാസം രാജ്യത്തിന്‍റെജനാധിപത്യ മൂല്യങ്ങളെല്ലാം റദ്ദാക്കപ്പെട്ടു.

ബോംബെയിൽ കോൺഗ്രസിന്‍റെ റാലിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ആകാശവാണിയിൽ ഗായകൻ കിഷോർ കുമാറിന്‍റെ ഗാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. സിനിമയുടെ സെൻഷർഷിപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ അടിയന്തരാവസ്ഥ കാലത്ത് കൂടുതൽ ശക്തമായി. സിനിമകളിൽ മദ്യക്കുപ്പികളും രക്തച്ചൊരിച്ചിലും കാണിക്കാൻ പാടില്ലെന്ന നിയമം വന്നു. സംഘട്ടന രം​ഗങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമകൾ ശക്തമായ നിയന്ത്രണങ്ങളാൽ സെൻസർ ചെയ്യപ്പെട്ടു. ഇന്ദിര ഗാന്ധിയുമായി ബന്ധപ്പെട്ട സിനിമകൾ ആദ്യമായി വിവാദങ്ങളിൽ പെടുന്നതും അടിയന്തരാവസ്ഥ കാലത്താണ്.

കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇന്ദിരാ ഗാന്ധി പ്രത്യക്ഷമായോ പരോക്ഷമായോ പരാമർശിക്കപ്പെട്ട നിരവധി സിനിമകൾ വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ആന്ധി, കിസ്സ കുർസി കാ, നസ്ബന്ദി, ഇന്ദു സർക്കാർ, മിഡ് നൈറ്റ് ചിൽഡ്രൺ, ക്രാന്തി കി തരംഗെ അങ്ങനെ നീളുന്നു ഈ സിനിമകളുടെ പട്ടിക. ഏറ്റവും ഒടുവിൽ കങ്കണയുടെ എമർജൻസിയും. ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്ന ചിത്രത്തിന് 'എമർജൻസി' എന്ന് ടൈറ്റിൽ മാത്രം മതിയാവും അതിന്‍റെ രാഷ്ട്രീയ പ്രധാന്യം മനസിലാക്കാൻ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 50 വർഷമാകുമ്പോൾ ആ സിനിമകൾ വീണ്ടും ചർച്ചചെയ്യപ്പെടട്ടെ.

1. ആന്ധി

1975 ഫെബ്രുവരിയിൽ ഗുൽസാർ സംവിധാനം ചെയ്ത ആന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു. ഗുൽസാറിന്‍റെ ഈ വിവാദ ക്ലാസിക് 24 ആഴ്ചകളോളം തിയറ്റർ ഇളക്കിമറിച്ചു. സഞ്ജീവ് കുമാറും സുചിത്ര സെന്നും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം നടന്നെങ്കിലും ചിത്രം റിലീസ് ചെയ്ത് നാലാമത്തെ മാസമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നീട് ഈ സിനിമ നിരോധിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാരോപിച്ചാണ് ചിത്രം നിരോധിച്ചത്. എന്നാൽ 1977 ൽ എൽകെ അദ്വാനി 'ആന്ധി' ദൂരദർശനിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകി.

2. കിസ്സ കുര്‍സി കാ

സഞ്ജയ് ഗാന്ധിയുടെ ഓട്ടോ മൊബൈല്‍ നിര്‍മാണ പദ്ധതികളെ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിച്ച പൊളിറ്റിക്കല്‍ സിനിമയായിരുന്നു കിസ്സ കുര്‍സി കാ. അമിത് നഹത സംവിധാനം ചെയ്ത ചിത്രത്തിൽ ഷബാന ആസ്മി, രാജ് ബബ്ബർ, മനോഹർ സിങ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ അമൃത് നഹതയുടെ 'കിസ്സ കുർസി കാ' ആണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുമ്പ് ചിത്രത്തിന്‍റെ നിർമാണം പൂർത്തീകരിച്ചിരുന്നെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. ചിത്രത്തിന്റെ മാസ്റ്റര്‍ പ്രിന്റുകള്‍ ഉള്‍പ്പടെ എല്ലാ കോപ്പികളും അന്നത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന വിദ്യാ ചരൺ ശുക്ലയും ഇന്ദിര ഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധിയും ചേർന്ന് കത്തിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതിന് പിന്നാലെ, സഞ്ജയ് ഗാന്ധിയെ ജയിലില് അടക്കുന്നതിനും ഈ സിനിമ കാരണമായി.

3. നസ്ബന്ദി

അടിയന്തരാവസ്ഥക്കാലത്ത് നിരവധി പേരെയാണ് നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഇടയാക്കിയത്. ഇത് പ്രമേയമായി ഐ. എസ് ജോഹർ സംവിധാനം ചെയ്ത് 1978ൽ ഇറങ്ങിയ ചിത്രമാണ് നസ്ബന്ദി. അടിയന്തരാവസ്ഥക്ക് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സിനിമ റിലീസ് അനുവദിക്കുകയായിരുന്നു. ചിത്രത്തിലെ 'ഏക് ഭാരത് മേ ബൻ ഗയേ ജാലിയൻ വാലാബാഗ് ഹസാർ' എന്ന കിഷോർ കുമാർ പാടിയ ഗാനം രാഷ്ട്രത്തിന്‍റെ രോഷമായാണ് വിലയിരുത്തപ്പെട്ടത്.

4. ക്രാന്തി കി തരം​ഗ്

ആനന്ദ് പട്‌വർദ്ധന്‍റെ 'ക്രാന്തി കി തരം​ഗ്' എന്ന ഡോക്യുമെന്‍ററി 1974- 75 കാലഘട്ടത്തിൽ ബിഹാറിൽ ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധങ്ങളെയാണ് ചിത്രീകരിച്ചത്. 1975 ൽ രഹസ്യമായാണ് ഈ ഡോക്യുമെന്ററി പൂർത്തിയാക്കിയത്. അതേവർഷം രഹസ്യമായി തന്നെയായിരുന്നു പ്രദർശനവും.

5. ഇന്ദു സര്‍ക്കാര്‍

അടിയന്തരാവസ്ഥ പ്രമേയമാക്കി ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയവും ജീവിതവും പറയുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഇന്ദു സര്‍ക്കാര്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുപ്രിയ വിനോദ് ആണ് ഇന്ദിര ഗാന്ധിയായി എത്തിയത്. 14 കട്ടുകളാണ് ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. ചിത്രത്തിലെ ചില സംഭാഷണങ്ങളും നീക്കം ചെയ്യാനും അടൽ ബിഹാരി വാജ്പേയി, മൊറാർജി ദേശായി, എൽ. കെ അദ്വാനി തുടങ്ങിയ നേതാക്കളുടെ പേരുകളുള്ള ഇന്ത്യൻ ഹെറാൾഡ് ന്യൂസ് പേപ്പർ കട്ടിങും നീക്കം ചെയ്യാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടു.

6. മിഡ്നൈറ്റ്സ് ചിൽഡ്രൻ

ദീപ മേത്തയുടെ മിഡ്നൈറ്റ്സ് ചിൽഡ്രനും അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശിച്ച ചിത്രമായിരുന്നു. സൽമാൻ റുഷ്ദിയുടെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ഈ സിനിമയിൽ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്ന ഭാഗത്തെ ഒരു വോയ്സ് ഓവറാണ് വിവാദമായത്. ‘ഇന്ദിര ഗാന്ധി ഒരു ദേവതയായി പരിഗണിക്കപ്പെടാൻ ആഗ്രഹിച്ചു’ എന്ന സൽമാൻ റുഷ്ദിയുടെ വോയ്സ് ഓവർ നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് നടി സരിത ചൗധരിയാണ് ഇന്ദിര ഗാന്ധിയെ അവതരിപ്പിച്ചിരിക്കുന്നത്.

7. എമർജൻസി

കങ്കണ റണാവത്ത് സംവിധാനം ചെയ്ത ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ റോളിലാണ് നടി എത്തിയത്. മലയാളി നടൻ വിശാഖ് നായർ ആണ് സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.

Tags:    
News Summary - Bans, cuts and controversies; Emergency-themed films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.