പിറന്നാൾ ദിനത്തിൽ ആദ്യ നിർമാണ സംരംഭം പ്രഖ്യാപിച്ച് അപ്പാനി ശരത്ത്

മലയാള സിനിമയിൽ 'അങ്കമാലി ഡയറീസ്' എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയ ജീവിതത്തിൽ അഞ്ചാം വർഷം പിന്നിടുമ്പോൾ കരിയറിൽ പുതിയ ഒരു തലത്തിലേക്ക് കൂടി പ്രയാണം ആരംഭിക്കാൻ തുടങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ യുവ നടൻ അപ്പാനി ശരത്ത്.

താരത്തിന്റെ പിറന്നാൾ ദിനം കൂടിയായ ഈ വിഷു നാളിൽ തന്‍റെ ആദ്യ നിർമാണ സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. സൈനു ചാവക്കാടന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന റോഡ് മൂവി ഇനത്തിൽ ത്രില്ലർ ചിത്രമായ 'പോയിന്‍റ് ബ്ലാങ്ക്' എന്ന ചിത്രത്തിലൂടെയാണ് ശരത്ത് നിർമാണ മേഖലയിലേക്ക് കടക്കുന്നത്. തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നാണ് ശരത്തിന്‍റെ പുതിയ പ്രൊഡക്ഷൻ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷിജി മുഹമ്മദും നിർമാണ പങ്കാളിത്തം വഹിക്കുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. ആഗസ്റ്റ് 17ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഗോവക്ക് പുറമെ മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം. അപ്പാനി ശരത്ത് തന്നെ നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ഭാഗമാകും. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ പാർട്ണർമാരിൽ ഒരാളായ ബോണി അസ്സനാർ ആണ് ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നത്.

മിഥുൻ സുബ്രൻ കഥ എഴുതിയ ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ എ.കെ. സുധീറും, ബി.ആർ.എസ് ക്രിയേഷൻസുമാണ്. റോബിൻ തോമസാണ് ചിത്രത്തിന്‍റെ പ്രോജക്ട് ഡിസൈനർ. പ്രൊഡക്ഷൻ മാനേജർ സോണിയൽ വർഗീസ്. ബിമൽ പങ്കജ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും വത്സലകുമാരി ചാരുമ്മൂടും ചേർന്നാണ്.

ടോൺസ് അലക്സാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ് ഡി.ഒ.പി ജിജോ ഭാവചിത്ര, കൊറിയോഗ്രാഫി: സുനിൽ കൊച്ചിൻ, മേക്കപ്പ്: മായ മാധു, ആക്ഷൻ: ഡ്രാഗൺ ജിറോഷ്, കലാസംവിധാനം: ഷെരീഫ്, ഡിസൈൻസ്: ദിനേശ് അശോക്, സ്റ്റുഡിയോ: ഹൈ ഹോപ്സ്, സ്റ്റിൽസ്: പ്രശാന്ത് ഐ-ഐഡിയ, മാർക്കറ്റിങ്: താസ ഡ്രീം ക്രീയേഷൻസ്, പബ്ലിസിറ്റി : ത്രിഡി ക്രാഫ്റ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Tags:    
News Summary - Apani Sarath announces first production company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.