റത്തീന സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പാതിരാത്രി. നവ്യ നായരും സൗബിൻ ഷാഹിറുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കഥാപാത്രങ്ങളെയാണ് സൗബിൻ ഷാഹിറും നവ്യ നായരും അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഹരിശ്രി അശോകൻ, സണ്ണി വെയ്ൻ, ആന്‍ അഗസ്റ്റിൻ, ആത്മീയ രാജൻ, ഇന്ദ്രന്‍സ്, അച്യുത് കുമാർ ശബരീഷ് വര്‍മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ആന്‍ അഗസ്റ്റിൻ. 'കണ്ട് കഴിഞ്ഞാൽ മറന്നുപോകുന്ന സിനിമയല്ല പാതിരാത്രി. നമ്മളെ പിന്തുടരുന്ന എന്തോ ഒന്ന് അതിലുണ്ട്. കണ്ട് വീട്ടിലെത്തിയാലും അതിനെക്കുറിച്ച് നമ്മൾ ആലോചിക്കും. സിനിമയിലെ കഥാപാത്രങ്ങൾ, ആ സ്ഥലം അവയൊക്കെ നാം ആലോചിക്കും. അതുപോലെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടെതായ കഥയുണ്ട്. ആ സ്ഥലവും കാലാവസ്ഥയുമൊക്കെ സിനിമയെ നന്നായി സഹായിച്ചിട്ടുണ്ട്'- ആൻ അഗസ്റ്റിൻ പറഞ്ഞു.
കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങൾ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് നവ്യ സംസാരിച്ചിരുന്നു. 'ജീവിതത്തിൽ സ്റ്റക്കായി പോകുന്ന ചില മനുഷ്യരില്ലേ, മുമ്പിലേക്ക് എന്താണെന്ന് മനസിലാകാത്ത ചില സന്ദർഭങ്ങളിൽ, ചില ജീവിത സാഹചര്യങ്ങൾ കൊണ്ട് സ്റ്റക്കായി പോകുന്ന മനുഷ്യർ. അത്തരത്തിൽ ഉള്ളൊരു കഥാപാത്രമാണ്. എല്ലാ സ്ത്രീ കഥാപാത്രങ്ങളും നമുക്ക് കണ്ട് പരിചയമുള്ളവരായിരിക്കും. എപ്പോഴെങ്കിലും ഈ മൂന്ന് പേരിൽ ആരുടെയെങ്കിലും ഒരാളുടെ ജീവിത സാഹചര്യത്തിലൂടെ നമ്മൾ കടന്നു പോയിട്ടുണ്ടാകും' -എന്നാണ് നവ്യ പറഞ്ഞത്.
യഥാർഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.