മലയാള സിനിമയിൽ ആനിമേഷൻ ഉപയോഗം വലിയ രീതിയിൽ വികസിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിന്റെ സ്വാധീനവും പ്രാധാന്യവും വർധിച്ചുവരുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ചയും വിഷ്വൽ ഇഫക്റ്റുകളും കമ്പ്യൂട്ടർ ജനറേറ്റർ ഇമേജറികളും ടെക്നോളജികളുടെ ലഭ്യതയും മലയാള സിനിമകളിൽ ആനിമേഷന്‍റെ കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ദൃശ്യ സൗന്ദര്യശാസ്ത്രത്തിലും കഥപറച്ചിലിന്റെ സാങ്കേതികതയിലും, ചലച്ചിത്ര നിർമാതാക്കൾ ആനിമേഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിഷ്വൽ ഇഫക്റ്റുകളിൽ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നുണ്ട്.
മലയാള സിനിമകൾ എപ്പോഴും യാഥാർത്ഥ്യത്തിലേക്ക് ചായുന്നവയാണ്. അടുപ്പമുള്ള കഥകൾ, ദൈനംദിന ആളുകൾ, ശാന്തമായ വൈകാരിക പ്രഹരങ്ങൾ... പക്ഷേ കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. പതുക്കെ മലയാള സിനിമയിലെ കഥാപരിസരവും കഥാപാത്രങ്ങളും മാറുന്നു. പല സിനിമകളിലും തുടക്കത്തിൽ കാണുന്ന ടൈറ്റിൽ സീക്വൻസുകൾ, ഇന്റ്രോയും ക്രീഡിറ്റ് റോളുകളും ആകർഷകമാക്കാൻ ആനിമേഷൻ വ്യാപകമായി ഉപയോഗിക്കുന്നു. എസ്രയും ലൂസിഫറുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
ആനിമേഷനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വർണാഭമായ നിറങ്ങൾ, ആഖ്യാനരീതിയിലെ മാറ്റങ്ങൾ എന്നിവ പുതിയ സിനിമാ നിർമാതാക്കൾ പരീക്ഷിക്കുന്നുണ്ട്. അത് കാമറ ചലനങ്ങൾ, നർമ്മം, അതിശയോക്തി കലർന്ന വൈകാരിക സ്പന്ദനങ്ങൾ എന്നിവയിലേക്കും വ്യാപിക്കുന്നു. തിരക്കുകളിൽ അപകടകരമായ അല്ലെങ്കിൽ അസാധ്യമായ രംഗങ്ങൾ ആനിമേഷനിൽ നിർമിക്കുന്നതാണ്. മലയാളത്തിലെ സൂപ്പർഹീറോ സിനിമയായ മിന്നൽ മുരളിയിലും മോഹൻലാൽ നായകനായ ഒടിയനിലും കമ്പ്യൂട്ടർ ജനറേറ്റർ ഇമേജറികൾ കാണാൻ സാധിക്കും.
പടക്കളം,ഗഗനാചാരി തുടങ്ങിയ സിനിമകൾക്ക് ആനിമേഷന്റെ ചലനാത്മകമായ ദൃശ്യങ്ങളുമായി സാമ്യം തോന്നാം. കടുപ്പമേറിയ നിറങ്ങളിലേക്കും കൂടുതൽ ഊർജ്ജസ്വലമായ ദൃശ്യ ശൈലിയിലേക്കുമുള്ള ഒരു മാറ്റമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. പടക്കളം ട്രെയിലർ കണ്ടാൽ ആനിമേഷൻ ലോകങ്ങളിൽ കുറച്ചു കാലം ചെലവഴിച്ച ഒരാൾ നിർമിച്ചതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് കാണാം. ആനിമേഷനോടൊപ്പം സൂപ്പർഹീറോ സിനിമകൾ, സൈക്കോളജിക്കൽ ത്രില്ലറുകൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള പരീക്ഷണം പരമ്പരാഗത കഥപറച്ചിലിന് അപ്പുറത്തേക്ക് സിനിമയെ കൊണ്ടുപോകുന്നു.
തല്ലുമാല പോലുള്ള സിനിമകൾ പരമ്പരാഗത സിനിമാറ്റിക് അനുഭവത്തെ മാറ്റിമറിക്കുന്ന നൂതനമായ എഡിറ്റിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിലുള്ളതും ആകർഷകവുമായ അനുഭവം സൃഷ്ടിക്കുന്നു. വികാരങ്ങൾ എങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നതിലേക്ക് ഈ സ്വാധീനം വ്യാപിക്കുന്നു. ചില സിനിമകൾ ആനിമേഷനിലെ ഒരു പൊതു സ്വഭാവമായ അതിശയോക്തി കലർന്ന വൈകാരിക സ്പന്ദനങ്ങൾ ഉപയോഗിക്കുന്നു. ചുരുക്കി പറഞ്ഞാൽ, മലയാള സിനിമയിൽ അനിമേഷൻ സ്വാധീനം ഇന്നും വളർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. എന്നാൽ നല്ല സാങ്കേതികതയും സൃഷ്ടിമൂല്യവും ചേർന്നുള്ള ആനിമേറ്റഡ് ദൃശ്യങ്ങൾ ഭാവിയിൽ കൂടുതൽ പ്രേക്ഷക ശ്രദ്ധ ആകർഷിക്കും എന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.