‘അമ്മ’ ജനറൽ ബോഡി; പ്രസിഡന്‍റായി മോഹൻലാൽ തുടർന്നേക്കും

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ’അമ്മ’യുടെ വാർഷിക ജനറൽ ബോഡി കൊച്ചിയിൽ പുരോഗമിക്കുന്നു. പുതിയ ഭാരവാഹികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനം യോഗത്തിലുണ്ടാകും. രാജിവെച്ച ഭരണസമിതിയിലെ പ്രസിഡന്‍റ്​ മോഹൻലാൽ തുടരാനാണ്​ സാധ്യത.

ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ്​ ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായി സ്ഥാനം ഒഴിഞ്ഞ​തോടെ ജോയന്‍റ്​ സെക്രട്ടറി ബാബുരാജാണ്​ ചുമതല വഹിച്ചിരുന്നത്​. ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്ന കാര്യവും ജനൽ ബോഡി ചർച്ച ചെയ്യും. ഭാരവാഹിയായി തുടരാൻ താൽപര്യമില്ലെന്ന്​ ട്രഷറർ ഉണ്ണി മുകുന്ദൻ ആവർത്തിച്ച്​ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ സ്ഥാനത്തേക്ക്​ പുതിയ ആളെ തെരഞ്ഞെടുക്കും. മറ്റ്​ സ്ഥാനങ്ങളിലേക്ക്​ അഡ്​ഹോക്​ കമ്മിറ്റിയിലുള്ളവർതന്നെ തുടരും.

പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ തെരഞ്ഞെടുപ്പ്​ നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ്​​ മോഹൻലാലിന്‍റെ നിലപാട്​. അതുകൊണ്ടു​തന്നെ തെരഞ്ഞെടുപ്പ്​ നടക്കാനിടയില്ലെന്നാണ്​ അറിയുന്നത്​. പ്രസിഡന്‍റായി മോഹൻലാൽ തുടരണമെന്ന്​ മേയ്​ 31ന്​ നടന്ന അഡ്​ഹോക്​ കമ്മിറ്റിയുടെ അവസാന യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. സിനിമ ചിത്രീകരണത്തിനിടെ സെറ്റിലോ താമസസ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്ന്​ താരങ്ങളടക്കം പ്രതിഫല കരാറിനൊപ്പം സത്യവാങ്​മൂലം ഒപ്പിട്ട്​ നൽകണമെന്ന നിർമാതാക്കളുടെ ആവശ്യവും യോഗം ചർച്ച ചെയ്യും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്​ പിന്നാലെ ചില താരങ്ങൾക്കെതിരെ നടിമാർ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന്​ കഴിഞ്ഞ വർഷം ആഗസ്റ്റ്​ 27നാണ്​ മോഹൻലാൽ പ്രസിഡന്‍റായ ഭരണസമിതി കൂട്ടരാജി സമർപ്പിച്ചത്​. വിഷയത്തിൽ സംഘടനയിൽ ഭിന്നത ഉടലെടുക്കുകയും ആരോപണവിധേയരായ താരങ്ങളോട്​ വിശദീകരണം ചോദിക്കണമെന്ന്​ ഒരുവിഭാഗം വനിത അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തതാണ്​ രാജിയിലേക്ക്​ നയിച്ചത്​. നിയമോപദേശം അടക്കം കാര്യങ്ങൾ പരിഗണിച്ചാണ്​​ രാജി എന്നായിരുന്നു അന്ന്​​ മോഹൻലാലിന്‍റെ വിശദീകരണം.

Tags:    
News Summary - Amma general body Mohanlal may continue as president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.