മലയാള സിനിമയിൽ ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാരും കുടുങ്ങും, ബിനീഷ് കോടിയേരി വലയിൽ വീണ ചെറുമീൻ -ആലപ്പി അഷ്​റഫ്​

കോഴിക്കോട്: ആഡംബര കപ്പലിലെ ലഹരി വിരുന്നിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ അറസ്റ്റിലായതിന് പിന്നാലെ മലയാള ചലച്ചിത്ര ലോകത്തിന് മുന്നറിയിപ്പ് നൽകി സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ ആലപ്പി അഷ്റഫ്. ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ലെന്ന് ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ലഹരിയോടുള്ള ആഭിമുഖ്യം അവസാനിപ്പിച്ചില്ലങ്കിൽ, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന വാർത്തകൾ താമസിയാതെ നമുക്ക് കേൾക്കേണ്ടി വരും. സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ടെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ..

ഷാരൂഖാന്‍റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യൻഖാൻ അറസ്റ്റിലായ ആഡംമ്പരക്കപ്പൽ, കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർധിപ്പിച്ചേക്കും.

ചലച്ചിത്ര മേഖലയിലെ ആധുനികവൽക്കരണത്തിന്‍റെ ഉപോൽപന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെ കുറിച്ച് മുൻപ് സിനിമ സംഘടനകൾ ആക്ഷേപം ഉന്നയിച്ചപ്പോൾ, തെളിവു കൊണ്ടു വന്നാൽ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സർക്കാർ നിലപാട്.

എന്നാൽ സിനിമ സംഘടനകളിലാരും തെളിവുകൾ ഒന്നും നൽകാതെയാണ് നടൻ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയർന്നപ്പോൾ തന്നെ അന്വേഷിച്ചിരുന്നു എങ്കിൽ ഒരുപക്ഷേ ബിനീഷിന് ഇന്നീ ഗതി വരില്ലായിരുന്നു. ബിനീഷിനെക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയിൽ വീണ ചെറുമീൻ.

ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ഷാരുഖാന്‍റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളിൽ വിരാചിക്കുന്ന ഇവരിൽ പലരുടെയും മേൽ അന്വേഷണത്തിന്‍റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാർഥ്യമാണ്.

പിടിക്കപ്പെട്ടാൽ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകർത്തെറിയും. സൂക്ഷിച്ചില്ലങ്കിൽ... ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവർ അവസാനിപ്പിച്ചില്ലങ്കിൽ, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാർത്തകൾ താമസിയാതെ നമുക്ക് ഇനിയും കേൾക്കേണ്ടി വരും. സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ട്. ദയവായി

ആ അവസരം പഴാക്കരുതേ.

-ആലപ്പി അഷറഫ്

Tags:    
News Summary - Alleppey Ashraf react to Aryan Khan Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.