ദിലീപ്, ആലപ്പി അഷ്റഫ്

'ദിലീപിനെ പൂട്ടണം' വാട്സാപ് ഗ്രൂപ്പ്! അംഗങ്ങൾ 'ആഷിക് അബു' മുതൽ 'മഞ്ജു വാര്യർ' വരെ; അപകീർത്തി കേസ് എടുക്കണമെന്ന് ആലപ്പി അഷ്റഫ്

​കൊച്ചി: സിനിമാ, മാധ്യമ രംഗത്തെ പ്രമുഖരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ പേര് വ്യാജമായി ഉൾപ്പെടുത്തി 'ദിലീപിനെ പൂട്ടണം' എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെതിരെ അപകീർത്തി കേസ് എടുക്കണമെന്ന് സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ്. ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടെ പ്രസ്തുത ഗ്രൂപ്പിൽ ഉണ്ട്. ഇന്നലെ ആലുവാ ക്രൈം ബ്രാഞ്ചിൽ നിന്നും ഇതേക്കുറിച്ച് ചോദിക്കാൻ ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ വിളിപ്പിച്ചപ്പോഴാണ് ഇങ്ങനെ ഒരു വ്യാജ ഗ്രൂപ്പിനെ കുറിച്ച് അറിയുന്നതെന്ന് ആലപ്പി അഷ്റഫ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

നടൻ ആഷിക് അബു, സംവിധായകൻ ബൈജു കൊട്ടാരക്കര, മാധ്യമപ്രവർത്തകരായ നികേഷ് കുമാർ, പ്രമോദ് രാമൻ, വേണു, സ്മൃതി, അഭിഭാഷക ടി.ബി. മിനി, ലിബർട്ടി ബഷീർ, സന്ധ്യ ഐ.പി.എസ്, നടി മജ്ജു വാര്യർ തുടങ്ങിയവരുടെ പേരുകളാണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായി വ്യാജമായി ചേർത്തത്.

ഈ ഗ്രൂപ്പിൻ്റെ നാല് സ്ക്രീൻ ഷോട്ടുകൾ ക്രൈംബ്രാഞ്ച് തനിക്ക് കാണിച്ചു തന്നതായി ആലപ്പി അഷ്റഫ് വ്യക്തമാക്കി. ഒരു ഷോൺ ജോർജിന്റെ ഫോണിൽ നിന്നും ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്ക്രീൻ ഷോട്ടുകൾ എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങൾ പുനരുജ്ജീവിപ്പിച്ചെടുത്ത കൂട്ടത്തിൽ കിട്ടിയതാണിവ. അതിന്റെ സത്യാവസ്ഥ അറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും ബി. സന്ധ്യ ഐ.പി.എസിന്റെ പേരു കൂടി ഉൾപ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനായി എന്നും അഷ്റഫ് കുറിപ്പിൽ പറഞ്ഞു.

സിനിമ രംഗത്തെ പബ്ലിക് റിലേഷൻ വർക്കേഴ്സിന്റെ പല നമ്പറുകൾ മേൽപറഞ്ഞ പേരുകളിൽ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ. പേരുകൾ ചേർന്ന് വരുന്ന മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം. ഇതാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറയുന്നു.

ആലപ്പി അഷ്റഫ് എഴുതിയതിന്റെ പൂർണരൂപം:

ആലുവാ ക്രൈം ബ്രാഞ്ചിൽ നിന്നും എനിക്ക് വിളി വരുന്നു. അടുത്ത ദിവസം അവിടെ എത്താമോയെന്ന് ...?.

Yes, 15/07/'22 കൃത്യം 11.30 ന് ക്രൈംബ്രാഞ്ച് SP മോഹനചന്ദ്രൻ സാറിൻ്റെ മുൻപിൽ ഹാജർ.

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസുമായ് ബന്ധപ്പെട്ട്,

പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും കിട്ടിയ വിവരത്തിൻ്റെ നിജസ്ഥിതി അറിയാനായിരുന്നു എന്നെ വിളിപ്പിച്ചത്.

അദ്ദേഹത്തിൻ്റെ മുൻപിലുള്ള കംപ്യൂട്ടർ സ്ക്രീനിൽ,

ഒരു വാട്ട്സ്ആപ് ഗ്രൂപ്പിൻ്റെ സ്ക്രീൻ ഷോട്ട് കാട്ടിത്തരുന്നു.

ആ വാട്ട്സ്ആപ്പ് ഗ്രൂപ്പിൻ്റെ പേരാണ് ...

" ദിലീപിനെ പൂട്ടണം."

നിരവധി ചാറ്റുകൾ...

എല്ലാം ദിലീപിനെ കുടുക്കാനുള്ള പദ്ധതികൾ മാത്രം .

ഗ്രൂപ്പംഗങ്ങളിൽ ആദ്യത്തെ പേര് കണ്ട് ഞാൻ അമ്പരന്നു .

ആലപ്പി അഷറഫ്,

അതായത് എൻ്റെ പേര് .

ഇനിയുള്ള മറ്റ്

അംഗങ്ങളെക്കുറിച്ചാണങ്കിൽ,

ആഷിക് അബു

ബൈജു കൊട്ടാരക്കര

നികേഷ്

സന്ധ്യ IPS

ലിബർട്ടി ബഷീർ

മജ്ജു വാര്യർ

പ്രമോദ് രാമൻ

വേണു

TB മിനി

സ്മൃതി ,

ഇത്രയും പേരാണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ .

ഈ ഗ്രൂപ്പിൻ്റെ നാല് സ്ക്രീൻ ഷോട്ടുകളാണ് എന്നെ കാണിച്ചു തന്നത്.

ഒരു ഷോൺ ജോർജിൻ്റെ ഫോണിൽ നിന്നും , വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിൻ്റെ ഫോണിലേക്ക് വന്നതാണ് ഈ സ്ക്രീൻ ഷോട്ടുകൾ എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ടു്.

അന്വേഷണത്തിനിടെ

പോലീസ് കസ്റ്റഡിയിലെടുത്ത അനുപിൻ്റെ ഫോണിലെ വിവരങ്ങൾ പുനർജീവിപ്പിച്ചെടുത്ത കൂട്ടത്തിൽ കിട്ടിയതാണിവ.

അതിൻ്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചത്.

സന്ധ്യ മാഡത്തിൻ്റെ പേരു കൂടി ഉൾപ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനായി.

PR വർക്കേഴ്സിൻ്റെ പല നമ്പറുകൾ... മേൽപറഞ്ഞ പേരുകളിൽ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ.

പേരുകൾ ചേർന്ന് വരുന്ന മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം .

ഇതാണ്പോലീസിൻ്റെ പ്രാഥമിക നിഗമനം .

പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായ് എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടർ കാട്ടികൂട്ടുന്നത്.

ഞാൻ മനസാ വാചാ കർമ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തു ... അപകീർത്തിക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടു് .

ഒടുവിൽ ഞാൻ അവരോടു പറഞ്ഞു :

സാർ , ഒരു പാവം പെൺകുട്ടിയുടെ ദീനരോധനം കേട്ടിട്ട് എനിക്കും മറ്റുള്ളവരെപോലെ മിണ്ടാതെ പോകാം...

പക്ഷേ ഒരു മുതിർന്ന ചലച്ചിത്ര പ്രവർത്തകനായ ഞാൻ അങ്ങിനെ ചെയ്താൽ,

അത് സ്ത്രീ സമൂഹത്തോടും,

വരും തലമുറയോടും ചെയ്യുന്ന ക്രൂരതയാകും.

ഞാൻ തുടർന്നു...

ഗൂഢാലോചന നടന്നിട്ടുണ്ടന്ന്

ഉറച്ച് വിശ്വസിക്കുന്നു.

അതിലെറെ ഞാൻ വിശ്വസിക്കുന്ന മറ്റൊന്ന് കൂടിയുണ്ടു് ...

അതിജീവിതയ്ക്ക് നീതി ലഭിക്കില്ല... ഒരിക്കലും.

ദിലീപ് പുഷ്പം പോലെ ഊരിപോകും സാറേ...

സത്യസന്ധനായ ആ ഉദ്യോഗസ്ഥൻ തെല്ല് നിസ്സംഗതയോടെ എൻ്റെ മുഖത്തേക്ക് നോക്കി ...

സ്ത്രീകളുടെ സുരക്ഷക്കായ് പൊളിച്ചെഴുതേണ്ടുന്ന ,

നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാണ് ആ മുഖത്ത് നിഴലിച്ചത് .

എങ്കിലും പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം , നീതിദേവത കൺതുറക്കുന്ന നല്ലൊരു തീർപ്പിനായ്.

ആലപ്പി അഷറഫ്

Tags:    
News Summary - Alleppey Ashraf disclose about fake WhatsApp group named 'Dileep should be locked'! Members range from 'Aashiq Abu' to 'Manju Warrier'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.