'മറക്കാനാവാത്ത ഒന്നിന്‍റെ തുടക്കം പോലെ, ചില കാര്യങ്ങൾക്ക് വാക്കുകൾ ആവശ്യമില്ല' -'രാമായണ'യെക്കുറിച്ച് ആലിയ

നിതീഷ് തിവാരിയുടെ 'രാമായണ'യുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തുവന്നത്. രണ്‍ബീര്‍ കപൂര്‍ രാമനായും സായി പല്ലവി സീതയായും എത്തുന്ന ചിത്രത്തിൽ യാഷാണ് രാവണനാകുന്നത്. രാമായണ: ദി ഇന്‍ട്രൊഡക്ഷന്‍ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോഴിതാ, തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസർ പങ്കിട്ടിരിക്കുകയാണ് നടിയും രൺബീറിന്‍റെ പങ്കാളിയുമായ ആലിയ.

'ചില കാര്യങ്ങൾക്ക് വാക്കുകൾ ആവശ്യമില്ല. മറക്കാനാവാത്ത ഒന്നിന്റെ തുടക്കം പോലെയാണ് ഇത് അനുഭവപ്പെടുന്നത്. 2026 ദീപാവലിക്കായി ഞങ്ങൾ കാത്തിരിക്കുന്നു' എന്ന് ദീപിക കുറിച്ചു. വ്യക്തിപരമായും തൊഴിൽപരമായും രൺബീറിനെ വളരെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ആലിയ ഭട്ട്. അദ്ദേഹത്തിന്റെ സിനിമ പ്രദർശനങ്ങളിൽ പങ്കെടുക്കുക, സോഷ്യൽ മീഡിയയിൽ ഹൃദയംഗമമായ പോസ്റ്റുകൾ പങ്കിടുക, അങ്ങനെ രൺബീറിന്‍റെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ഒരു അവസരവും ആലിയ നഷ്ടപ്പെടുത്താറില്ല.

രാമായണയിൽ ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്.

വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നമിത് മൽഹോത്രയും യാഷും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും, രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യും. എ.ആര്‍. റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതം ഒരുക്കുന്നത്.

'രാമായണ' ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിനിടെ നമിത് മൽഹോത്ര ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. ഓപ്പൺഹൈമർ, ഫോറസ്റ്റ് ഗമ്പ് എന്നീ ചിത്രങ്ങൾ പോലെ രാമായണയും ആഗോള ശ്രദ്ധ നേടുമെന്നാണ് നമിത് വിശ്വസിക്കുന്നത്.

Tags:    
News Summary - Alia Bhatt Reacts To Ranbir Kapoor's Ramayana First Look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.