11 വർഷത്തിന് ശേഷം ‘ഋതു’വിലെ നായകർ വീണ്ടും ഒന്നിക്കുന്നു

‘ഋതു’വിലെ നായകരായ ആസിഫ് അലിയും നിഷാനും 11 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്‍കിന്ധാകാണ്ഡം’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വേഷമാണ് നിഷാന്റേത്. താരത്തെ വീണ്ടും മലയാള സിനിമയിൽ സജീവമാക്കാൻ വഴിയൊരുക്കുന്നതാണ് ഇതിലെ കഥാപാത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ചെർപ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയിലായിരുന്നു ആസിഫ് അലിയുമൊത്തുള്ള നിഷാന്റെ രംഗങ്ങൾ ചിത്രീകരിച്ചത്. ഇരുവരും ഗാഢാലിംഗനം ചെയ്താണ് ദീർഘ കാലത്തിന് ശേഷമുള്ള കണ്ടുമുട്ടലിന്റെ സന്തോഷം പങ്കിട്ടത്.

ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. ആ സിനിമയിൽ സഹനായകസ്ഥാനത്തുണ്ടായിരുന്ന നടനായിരുന്നു നിഷാൻ. ചിത്രത്തിൽ ഇരുവരുടെയും വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആസിഫ് അലി മലയാള സിനിമയിലെ നായകന്മാരിൽ മുൻനിരയിൽ എത്തിയപ്പോൾ മലയാളിയല്ലാത്ത നിഷാൻ ശ്രദ്ധ നേടിയത് ഇതര ഭാഷ ചിത്രങ്ങളിലായിരുന്നു. മറ്റു ദക്ഷിണേന്ത്യൻ ഭാഷ ചിത്രങ്ങളിൽ നിഷാന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട്.

ഗുഡ് വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ‘കിഷ്‍കിന്ധാകാണ്ഡം’ എന്ന ചിത്രത്തിൽ അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, നിഴൽകൾ രവി, മേജർ രവി, വൈഷ്ണവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുൽ രമേശാണ് തിരക്കഥയും ഛായാഗ്രഹണവും ഒരുക്കുന്നത്. ഇ.എസ് സൂരജ് എഡിറ്റിങ്ങും സജീഷ് താമരശ്ശേരി കലാസംവിധാധവും നിർവഹിക്കുന്നു. 

Tags:    
News Summary - After 11 years, the heroes of 'Ritu' are reuniting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.