ആ നടനുമായി ഒന്നിച്ച് അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത് -പാർവ്വതി തിരുവോത്ത്

പുഴു എന്ന സിനിമയില്‍ താനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഒരു ഗൂഡാലോചന ആയിട്ടാണ് തോന്നിയതെന്ന് നടി പാര്‍വതി തിരുവോത്ത്. ഓൺലൈൻ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിലാണ് അവർ മനസുതുറന്നത്.

'ഹര്‍ഷദിക്ക അത് എഴുതുന്നതും മമ്മൂട്ടിയെ പോലൊരു ആക്ടര്‍ ആ കഥാപാത്രം ഏറ്റെടുത്ത് ചെയ്യാന്‍ തയാറാവുന്നതും ആ സിനിമയുടെ ഭാഗമാവാന്‍ എനിക്ക് അവസരം കിട്ടുന്നതും പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്. എല്ലാവരും നല്ല ആളുകളാകണമെന്നല്ല ഞാന്‍ ഒരിക്കലും പറഞ്ഞിട്ടുള്ളത്. പക്ഷേ തെറ്റായ വ്യക്തികളെ കാണിക്കുമ്പോള്‍ അത് ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാന്‍ പറ്റും എന്നുള്ളതിന്റെ ടെസ്റ്റമെന്റാണ് പുഴു എന്ന സിനിമ' -പാർവ്വതി പറയുന്നു.

കസബ എന്ന ചിത്രത്തിന്മേല്‍ പാര്‍വതി നടത്തിയ വിമര്‍ശനവും തുടര്‍ന്നുണ്ടായ സൈബര്‍ അറ്റാക്കും വിവാദമായിരുന്നു. താന്‍ പറഞ്ഞതിനെ തെളിയിക്കാന്‍ പോകുന്നതാണ് പുഴു എന്ന സിനിമ എന്നും പിന്നീട് പാര്‍വതി പറഞ്ഞിരുന്നു. 'പുളിയോ എരിവോ ഉള്ള മരുന്ന് എന്ത് മധുരത്തില്‍ മുക്കി ചാലിച്ച് കൊടുക്കണമെന്നുള്ളത് മനസിലാക്കാന്‍ പഠിക്കണം. കുട്ടനെ പോലൊരു കഥാപാത്രമായി സാധാരണ ഇത്തരം റോള്‍ ചെയ്യുന്ന ഒരു ആക്ടറിനെ വെച്ചാല്‍ അതില്‍ പുതുമയെന്താണുള്ളത്. 70 മുതല്‍ 90 ശതമാനം വരെ വില്ലന് സ്‌പേസ് കൊടുക്കുമ്പോള്‍, ഇഷ്ടപ്പെടുന്ന ഒരു നടനാണെങ്കില്‍ ആദ്യത്തെ രണ്ടുമൂന്ന് സീനില്‍ ഇഷ്ടം തന്നെയാണ് തോന്നുക. പിന്നെ അയാളുടെ ഓരോരോ ചെയ്തികളും നമുക്ക് തന്നെയാണ് കൊള്ളുക. ഇയാളെന്താ ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നും. നമ്മുടെ ഉള്ളില്‍ തന്നെയാണ് ഈ തോന്നലുകള്‍ മാറുക. അതൊരു ട്രോജന്‍ ഹോഴ്‌സ് ടെക്‌നിക്കാണ്'-പാർവ്വതി പറഞ്ഞു.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന വണ്ടര്‍ വിമെന്‍ എന്ന സിനിമയിലാണ് പാർവ്വതി അഭിനയിക്കുന്നത്. നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആര്‍എസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇം​ഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. 

Tags:    
News Summary - Acting with that actor felt like a conspiracy of the universe-Parvathy Thiruvoth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.