ഹൃദയത്തിൽ ചേർന്നുനിൽക്കുന്ന കഥ; 22 വർഷങ്ങൾക്ക് ശേഷം അപ്പയോടൊപ്പം കണ്ണൻ! ആശംസകളുമായി ആരാധകർ

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്‍റേം എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയതാരം ജയറാമും മകൻ കാളിദാസും വീണ്ടും ഒന്നിക്കുന്നു. 22 വർഷങ്ങൾക്കു ശേഷമാണ് ഇതുവരും വീണ്ടും ഒന്നിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിലാണ് ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്നത്.

'എന്റെ അപ്പയോടൊപ്പം ഒരു വിടർന്ന കണ്ണുകളുള്ള കുട്ടിയായി, റീലിലും യഥാർത്ഥ ജീവിതത്തിലും അദ്ദേഹത്തിന്റെ മകനായി സ്‌ക്രീൻ പങ്കിടുന്നത് മുതൽ വർഷങ്ങളുടെ പഠനത്തിലൂടെ രൂപപ്പെട്ട ഒരു നടനായി വീണ്ടും അദ്ദേഹത്തോടൊപ്പം നിൽക്കുന്നത് വരെ, ഈ യാത്ര ഒരു പൂർണ്ണ വൃത്തം പോലെ തോന്നുന്നു. ഇത് സിനിമയേക്കാൾ ഒരു വികാരമാണ്. ഒരു പുനഃസമാഗമമാണ്. ഒരു സ്വപ്നത്തിന്റെ പുനർജനനമാണ്.

ഞങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ 'ആശകൾ ആയിരത്തിന്റെ' ആദ്യ ലുക്ക് പങ്കിടുന്നതിൽ വളരെ സന്തോഷം തോന്നുന്നു. ജി. പ്രജിത്ത് നയിക്കുന്ന, ഞങ്ങളുടെ ക്രിയേറ്റീവ് ക്യാപ്റ്റനായി എപ്പോഴും പ്രചോദനം നൽകുന്ന ജൂഡ് ആന്റണി ജോസഫിനൊപ്പം, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു കഥ. ഞങ്ങളുടെ പ്രിയപ്പെട്ട ഗോകുലം ഗോപാലൻ സാറിന്റെയും അഭിമാനകരമായ ശ്രീ ഗോകുലം മൂവീസിന്റെയും അചഞ്ചലമായ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകില്ല. ഇത് എല്ലാ അച്ഛൻ-മകൻ ബന്ധത്തിനും, ഓരോ സ്വപ്നജീവിക്കും, എല്ലാം ആരംഭിച്ച സ്ഥലത്തേക്ക് വരുമെന്ന് വിശ്വസിച്ചിട്ടുള്ള എല്ലാവർക്കും വേണ്ടിയുള്ളതാണ്' എന്നാണ് കാളിദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം നിരവധി ചിത്രങ്ങളിൽ നായകനായെത്തിയിരുന്നു. നായക വേഷങ്ങളിലേക്കുള്ള കാളിദാസിന്റെ രണ്ടാം വരവിന് ശേഷം ആദ്യമായാണ് ഇരുവരും സിനിമയിൽ ഒരുമിക്കുന്നത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.

'അയൽവീട്ടിലെ ആദ്യ പയ്യൻ, നമ്മുടെ സ്വന്തം ജയറാമേട്ടനും കണ്ണനും ഒന്നിക്കുന്ന സിനിമ. ഗോകുലവുമായും ഗോപാലൻ സാറുമായും കൃഷ്ണമൂർത്തി ചേട്ടനുമായും ആദ്യ സിനിമ. പ്രിയപ്പെട്ട പ്രജിത്തേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ, അരവിന്ദ് എഴുത്തുകാരനാകുന്ന ആദ്യ സിനിമ, ഈയുള്ളവന് വളരെ പ്രിയപ്പെട്ട സിനിമ. നിങ്ങൾക്കിഷ്ടപ്പെടും, ഉറപ്പാ' എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്. മധു വാര്യർ അടക്കം നിരവധി പേരാണ് ആശംസകളുമായിട്ട് എത്തിയത്. 

Tags:    
News Summary - Aasakal Ayram title poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.