എസ്.ജെ സൂര്യയുടെ അഭിനയം നേരിൽ കണ്ട് ഞെട്ടിപ്പോയി - വിഷ്ണു ഗോവിന്ദൻ

ലച്ചിത്ര സംവിധായകൻ അഭിനേതാവ് തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയനായ വിഷ്ണു ഗോവിന്ദൻ അഭിനയിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർ തണ്ട ഡബിൾ എക്സ്. തമിഴ് സിനിമ മേഖലയിലേക്ക് കന്നിപ്രവേശനം നടത്തിയ വിഷ്ണുഗോവിന്ദൻ തന്റെ സിനിമാ വിശേഷങ്ങൾ മാധ്യമവുമായി പങ്കുവെക്കുന്നു.

• അറ്റൻഷൻ പ്ലീസിൽ നിന്നും ജിഗർ തണ്ട ഡബിൾ എക്‌സിലേക്ക്

കഴിഞ്ഞവർഷം ഡിസംബറിൽ ഷൂട്ട് തുടങ്ങിയ സിനിമയാണ് ജിഗർ തണ്ട. ഏകദേശം ഒരു വർഷം സമയമെടുത്താണ് ചിത്രം റിലീസിനെത്തിയത്. ജിതിൻ ഐസക് സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസ് എന്ന സിനിമയിൽ ഞാൻ കേന്ദ്ര കഥാപാത്രം ചെയ്തിട്ടുണ്ട്. ആ സിനിമ കണ്ട സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ ഹൗസ് ആ സിനിമ വാങ്ങിച്ചു. അവരുടെ ബാനറിലാണ് അറ്റൻഷൻ പ്ലീസ് നെറ്റ്ഫ്ലിക്സിലും തിയറ്ററിലുമെല്ലാം വന്നത്. അറ്റൻഷൻ പ്ലീസ് ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഒരു ഓഡിഷനുണ്ട്, വരണമെന്നും പറഞ് എനിക്കവരിൽ നിന്നും ഒരു കോൾ വന്നു. ആ ഓഡിഷനിൽ പങ്കെടുത്തിട്ടാണ് ജിഗർ തണ്ട സിനിമയിലെ മുരുകൻ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് സെലക്ഷൻ ലഭിക്കുന്നത്. 1975 കാലഘട്ടത്തിലെ കഥാപാത്രമാണ് മുരുകനെന്നത് കൊണ്ട് തന്നെ ആ കാലഘട്ടത്തിലേക്ക് രൂപംകൊണ്ടും അഭിനയം കൊണ്ടും എന്നെ കൊണ്ടെത്തിക്കുക എന്നത് സ്വയം ഒരു വെല്ലുവിളിയായിരുന്നു. അതുപോലെതന്നെ ചെറിയൊരു മെഡിക്കൽ കണ്ടീഷനെല്ലാമുള്ള ഒരു കഥാപാത്രം കൂടിയാണ് മുരുകൻ. അത്തരമൊരു ശാരീരികാവസ്ഥയിലേക്കെന്നെ കൊണ്ടുവരിക എന്നുള്ളതും മറ്റൊരു വെല്ലുവിളിയായിരുന്നു. ആ മെഡിക്കൽ കണ്ടീഷൻ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിന്റെ അവസ്ഥയുമായി കണക്ട് ചെയ്യുന്ന സംഭവം കൂടിയാണ്. അത് അഭിനയിപ്പിച്ചെടുക്കുന്നതിൽ പാളിച്ച സംഭവിക്കാൻ പാടില്ല. അതുപോലെ തന്നെ ആ ഭാഗം ഷൂട്ട് ചെയ്യുന്നത് സിംഗിൾ ടേക്കിലായിരുന്നു. ആ രംഗം കൊറിയോഗ്രഫി ചെയ്തതെല്ലാം വളരെ രസകരമായിരുന്നു. കാമറ മൂവ്മെന്റ്നനുസരിച്ച് ഞങ്ങൾ അഭിനേതാക്കളെല്ലാം ഒരുപോലെ സഹകരിച്ചിട്ടാണ് ആ രംഗം അഭിനയിച്ചത്. ഈ പറഞ്ഞ മെഡിക്കൽ കണ്ടീഷനും, സിംഗിൾ ടേക്കുമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ പ്രധാന വെല്ലുവിളി. അതുപോലെതന്നെ ആ സിംഗിൾ ടേക്കിൽ എസ്. ജെ സൂര്യ സർ എനിക്ക് നല്ല സപ്പോർട്ട് തന്നിരുന്നു.

• ചിത്രീകരണം ബുദ്ധിമുട്ടേറിയത്

ഏകദേശം രണ്ടാഴ്ചയൊക്കെയെ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. അതിൽ തന്നെ കാടും മറ്റു ഭാഗങ്ങളുമെല്ലാം അവർ ഷൂട്ട് ചെയ്തത് കൊടേക്കനാൽ ഏരിയയിലാണ്. പക്ഷേ ആ ലൊക്കേഷനിൽ എനിക്ക് ഷൂട്ടില്ലായിരുന്നു. എന്റെ ഭാഗങ്ങളെല്ലാം ടൗണിലായിരുന്നു. കൃത്യമായ വഴി പോലും ഇല്ലാത്ത ഒരു കാട്ടിലേക്ക് കഷ്ടപ്പെട്ട് വഴിയെല്ലാമുണ്ടാക്കി ഷൂട്ടിങ് സാധനങ്ങളും, ഭക്ഷണവുമെല്ലാം അതത് സമയത്ത് എത്തിച്ചിട്ടാണവർ ചിത്രീകരണം നടത്തിയത്. പോരാത്തതിന് കാട്ടിനകത്തെ മഴയും തണുപ്പുമെല്ലാം വേറൊരു വെല്ലുവിളിയായിരുന്നു. രാത്രിയിലെ ഷൂട്ട് രണ്ടുമണിവരെയൊക്കെ പോകും.ആ സമയത്ത് ഫൈറ്റും മറ്റു രംഗങ്ങളുമെല്ലാമെടുക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. എനിക്കാണെങ്കിൽ ഒരു ദിവസം ആ ഏരിയയിൽ ഷൂട്ട് വന്നിരുന്നു. അത് കാടിനകത്തല്ലെങ്കിൽ പോലും അന്നത്തെ തണുപ്പും മറ്റും കാരണം കാടിനകത്ത് നടക്കുന്ന ഷൂട്ടിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ഞാൻ ചിന്തിച്ചു. സിനിമയുടെ സെക്കൻഡ് ഹാഫ് മൊത്തം കാടിനകത്താണല്ലോ നടക്കുന്നത്. എത്രമാത്രം ബുദ്ധിമുട്ടിയായിരിക്കും അതെല്ലാം ഷൂട്ട് ചെയ്തിട്ടുണ്ടാവുക. അതുപോലെതന്നെ 1975 എന്ന കാലഘട്ടം റീക്രിയേറ്റ് ചെയ്യുമ്പോൾ ചെന്നൈ നഗരത്തിലെ ബിൽഡിങ്ങുകൾ പോലും ആ കാലഘട്ടത്തോട് സാദൃശ്യം പുലർത്തണം. ബിൽഡിംഗുകൾ മാത്രമല്ല, അന്നത്തെ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ആളുകൾ തുടങ്ങിയ എല്ലാത്തിലും ആ ഡീറ്റെയിലിങ് ബാധകമാണ്. സത്യത്തിൽ ഞാൻ ചെയ്ത ഏതെങ്കിലും വലിയ മൂന്നു സിനിമകൾ ചേർത്തുവച്ചാൽ വരുന്നത്ര വലിയ ക്യാൻവാസിലാണ് ജിഗർതണ്ട ഒരുക്കിയിരിക്കുന്നത്.

• കാർത്തിക് സുബ്ബരാജ് - എസ് ജെ സൂര്യ - രാഘവ ലോറൻസ്

കാർത്തിക് സുബ്ബരാജിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചുവെന്നുള്ളത് ഇപ്പോഴും എനിക്കൊരു മാജിക്കായിട്ടാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ പിസ സിനിമ മുതൽ അവസാനം ഇറങ്ങിയ ചിത്രം വരെയും തിയറ്ററിൽ പോയി കണ്ട ആളാണ് ഞാൻ. ജിഗർതണ്ട സിനിമ ഇറങ്ങിയ സമയത്ത് കോട്ടയത്ത് നിന്നും എറണാകുളം വരെ പോയി ആ സിനിമ കണ്ടയാളാണ് ഞാൻ. സിനിമ എന്ന കലയോടുള്ള അഭിനിവേശവും, അത് ഒരാളെ എത്രത്തോളം സ്വാധീനിക്കും എന്നുള്ളതൊക്കെയാണ് ആദ്യഭാഗമായ ജിഗർതണ്ടയിൽ പറയുന്നത്. അത്രത്തോളം നമ്മളെ സ്വാധീനിച്ച ഒരു സിനിമയുടെ രണ്ടാം ഭാഗമായ ജിഗർ തണ്ട ഡബിൾ എക്സിൽ കാർത്തിക് സാറിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അഭിനയിക്കാൻ പറ്റുക എന്നത് വലിയൊരു ഭാഗ്യമാണ്. കാർത്തിക് സാറിന് സിനിമയെന്ന കലയോടുള്ള തന്റെ സ്നേഹം ഏറ്റവും ആഴത്തിൽ തന്നെ തന്റെ ഈ സിനിമയിലൂടെ കാണിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അതുപോലെ തന്നെയാണ് എസ്. ജെ സൂര്യ സാറും. വിജയ് എന്ന നടനെ നമ്മൾ സ്നേഹിച്ചു തുടങ്ങാൻ കാരണമായ ഏറ്റവും ആദ്യത്തെ കുറച്ചു സിനിമകളിൽ ഉൾപ്പെടുന്ന ഒന്നാണ് എസ്. ജെ സൂര്യ സർ സംവിധാനം ചെയ്ത ഖുഷി സിനിമയൊക്കെ. അതുപോലെ അദ്ദേഹത്തിന്റെ ഓരോ സിനിമയും എനിക്കേറെ പ്രിയപ്പെട്ടതാണ്. പിന്നെ ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തെ ഗംഭീരം എന്നൊന്നും പറഞ്ഞാൽ പോര. അദ്ദേഹം പൂണ്ടുവിളയാടുകയാണ് എന്ന് വേണം പറയാൻ. അത്തരത്തിൽ ഒരാളുടെ കൂടെ സ്ക്രീൻ പങ്കിടുക, ആളുടെ ഉപദേശം സ്വീകരിക്കുക, ആളിൽ നിന്നും അഭിനന്ദനങ്ങൾ കേൾക്കാൻ കഴിയുക എന്നതൊക്കെ വലിയ കാര്യമാണ്. കരിയറിൽ വളരെയധികം ഫോക്കസ്ഡാണ് അദ്ദേഹം. ലൊക്കേഷനിൽ വന്നാൽപോലും അധികം സംസാരം ഒന്നുമില്ലാതെ തന്റെ കഥാപാത്രത്തിൽ മാത്രം ഫോക്കസ് ചെയ്യുന്ന ഒരാളാണെന്ന് വേണം പറയാൻ. ആ ഡെഡിക്കേഷൻ തന്നെയാണ് അദ്ദേഹത്തിന്റെ കരിയറിലദ്ദേഹത്തിന് തിരിച്ചു കിട്ടുന്ന വിജയം എന്നാണ് ഞാൻ മനസിലാക്കിയത്. ഇനി ലോറൻസ് സാറാണെങ്കിൽ വളരെ ചെറുപ്പത്തിലെ സിനിമയിൽ ഡാൻസറും, ജൂനിയർ ആർട്ടിസ്റ്റ്മൊക്കെയായി വന്ന് സിനിമയുടെ പല മേഖലകളിൽ തിളങ്ങുന്ന ആളാണ്. നമ്മൾ പ്രേക്ഷകർക്കാണെങ്കിൽ അദ്ദേഹത്തിന്റെ ഡാൻസ് കാണാൻ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഡാൻസ് കാണാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ പല സിനിമകളും കണ്ടിട്ടുമുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലാണെങ്കിലും മറ്റുള്ളവരുടെ അടുത്താണെങ്കിലും ആ ഒരു പോസിറ്റിവിറ്റിയും ഓറയും അദ്ദേഹത്തിൽ എപ്പോഴും കാണാൻ കഴിയും.

• എസ് ജെ സൂര്യയുടെ അഭിനയം നേരിൽ കണ്ട് ഞെട്ടിപ്പോയി

ജിഗർതണ്ട സിനിമയിൽ ലോറൻസ് ചെയ്യുന്ന സീസർ എന്ന കഥാപാത്രം സംവിധായകന്മാരെ കണ്ടെത്തുവാനായി ഒരു ഓഡിഷൻ വെക്കുന്ന രംഗമുണ്ട്. അപ്പോഴാണ് എസ്.ജെ സൂര്യ സർ ചെയുന്ന റേ ദാസ് എന്ന കഥാപാത്രം ഞാൻ ഡയറക്ടറാണെന്നും പറഞ്ഞു സീസറിന് മുമ്പിൽ സ്വയം പരിചയപ്പെടുത്തുന്നത്. ആ രംഗം കണ്ടവർക്ക് ഞാൻ പറയാതെ തന്നെ അതിനെപ്പറ്റിയറിയാം. ഉള്ളിൽ വളരെ ഭയത്തോടെ നിൽക്കുന്ന റേ ദാസ് ആ ഭയം പുറത്തു കാണിക്കാതെ സീസറിന് മുമ്പിൽ താൻ കൽക്കട്ടയിൽ നിന്ന് വന്നതാണ്, എനിക്ക് ഓസ്കാർ വാങ്ങണമെന്നുണ്ട്, നിങ്ങൾ സംവിധായകരെ പുച്ഛിക്കുന്നത് കണ്ടു അതുകൊണ്ട് എനിക്ക് സിനിമ ചെയ്യാൻ താല്പര്യമില്ല ഞാൻ തിരിച്ചു പോവുകയാണ് എന്നൊക്കെ പറയുന്നത് വലിയ ധൈര്യം നടിച്ചുകൊണ്ടാണ്. റേ ദാസിനെ സീസർ അടുത്തേക്ക് വിളിച്ചു ഇരിക്കാൻ കസേരയിട്ട് കൊടുക്കുമ്പോൾ അയാൾ ആ കസേരയിലിരിക്കാതെ സീസറിന്‍റെ കസേരയിലാണ് ഇരിക്കുന്നത്. ഇത്രയും ഭാഗം ഒന്ന് രണ്ടു മിനിറ്റുള്ള വലിയൊരു ഷോട്ടാണ്. ഒറ്റ ടേക്കിൽ പോകുന്ന സിംഗിൾ ഷോട്ട്. ഒറ്റ ഷോട്ടിൽ ഒരു 15 പേജ് ഡയലോഗുണ്ടായിരിക്കും. അതോടൊപ്പം അഭിനയത്തിലും ശബ്ദത്തിലും വേരിയേഷൻസും കൊണ്ട് വരണം. ഞാനാദ്യമായി ലൊക്കേഷനിലേക്ക് ചെല്ലുമ്പോൾ ആ സീനാണ് ഷൂട്ട് ചെയ്യുന്നത്. അത് പെർഫോം ചെയ്തത് എസ്. ജെ സാറാണെങ്കിലും എനിക്കതിൽ സ്ക്രീൻ പ്രസൻസുണ്ട്. ഏകദേശം അഞ്ച് ടേക്ക് വരെ എടുത്ത ഈ ഷോട്ടിൽ ഏറ്റവും മികച്ച ഷോട്ടാണ് അവർ സിനിമയിൽ ഉൾപ്പെടുത്തിയത്. എനിക്കാണെങ്കിൽ എസ്. ജെ സാറിന്റെ അഭിനയം നേരിൽ കണ്ടു അത്ഭുതം തോന്നി. പക്ഷേ എടുക്കുന്ന സീനിൽ ആ അത്ഭുതം പുറത്തു കാണിക്കാൻ പറ്റില്ലല്ലോ. ആ അത്ഭുതം മറച്ചുവെച്ചുകൊണ്ട് വേണം ആ ഷോട്ടിൽ നിൽക്കാൻ. ഡബ്ബിങ്ങിലും മറ്റും പരിഹരിക്കാൻ പറ്റുന്ന ചെറിയ പ്രശ്നങ്ങൾ വന്നാൽ പോലും ആ ഷോട്ടിൽ അദ്ദേഹം യാതൊരുവിധത്തിലും കോംപ്രമൈസും ചെയ്തിട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിന് ഓക്കെയാവുന്നത് വരെ ആ ടേക്ക് എടുത്തു കൊണ്ടേയിരുന്നിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ വളരെ അടുത്തുനിന്ന് കണ്ടപ്പോൾ തന്നെ ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന അത്ഭുതം എനിക്ക് തോന്നിയിരുന്നു. പിന്നീട് തിയറ്ററിനകത്തിരുന്ന് കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഫ്രെയിമിൽ വന്നപ്പോൾ അത് വേറെ ലെവലായിരുന്നു. നേരിൽ കണ്ടതിനേക്കാളും അമ്പരിപ്പിക്കുന്ന മറ്റൊരാനുഭവം.

• കരിയർ ബ്രേക്ക് തന്ന അറ്റൻഷൻ പ്ലീസ്

കോമഡി കഥാപാത്രങ്ങളൊക്കെ ഫോക്കസ് ചെയ്തു മുമ്പോട്ട് വരുന്ന ഒരു നടനായിരുന്നു ഞാൻ. ആ എനിക്ക് കരിയറിൽ ബ്രേക്ക് തരുന്നത് അറ്റൻഷൻ പ്ലീസ് എന്ന സിനിമയാണ്. അതിനുശേഷം കോമഡി കഥാപാത്രങ്ങളിൽ പോലും വളരെ ശ്രദ്ധയോടെ മാത്രം തിരഞ്ഞെടുപ്പുകൾ നടത്തിയാൽ മതിയെന്ന് തീരുമാനിച്ചു. മാത്രമല്ല കോമഡി കഥാപാത്രങ്ങൾ വിട്ട് കുറച്ചുകൂടി ഗൗരവമുള്ള ക്യാരക്ടർ റോളുകൾ തരാമെന്നുള്ള ഓഫറുകൾ കൂടി വന്നതോടെ ഞാൻ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു. അതിനിടയിലാണ് ജിഗർതണ്ട സംഭവിക്കുന്നത്. ആ സിനിമക്ക് വേണ്ടി താടിയെല്ലാം വളർത്തിയിരുന്നു. എന്റെ ഷൂട്ട് കഴിയുന്നതുവരെ ആ താടി മാറ്റാൻ പറ്റില്ല. അക്കാരണത്താൽ മറ്റു പല സിനിമകളും ചെയ്യാതിരുന്നു. അതിനിടയിൽ സോണി ലീവിന് വേണ്ടി ഒരു വെബ് സീരീസും, ലൂക്ക സിനിമയുടെ സംവിധായകൻ ചെയ്യുന്ന അടുത്ത സിനിമയായ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയിൽ ഒരു കഥാപാത്രവും ചെയ്തു. രണ്ടും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. അറ്റൻഷൻ പ്ലീസ് സിനിമ കഴിഞ്ഞു അടുത്തൊരു വർക്ക് ചെയ്യുമ്പോൾ അതൊരിക്കലും താഴെ പോകരുത് എന്നുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അടുത്ത സിനിമ അറ്റൻഷൻ പ്ലീസിനും ഏറെ മുകളിൽ ചെന്നെത്തി എന്നതാണ് സത്യം. അതുപോലെ തന്നെ വലിയൊരു സിനിമയിൽ ചെറിയൊരു കഥാപാത്രം ചെയ്താലും അത് നമുക്ക് ഒരുപാട് ഉപകരിക്കുമെന്ന് ഈ സിനിമയിലൂടെ ഞാൻ മനസ്സിലാക്കി.

• We don't choose art, art chooses us

ജിഗർ തണ്ട സിനിമയുടെ തുടക്കത്തിൽ തന്നെ എഴുതി കാണിക്കുന്നുണ്ട് 'We don't choose art, art chooses us' എന്ന്. എന്റെ ജീവിതത്തിൽ ഞാനത് തിരിച്ചറിയുന്നത് അറ്റൻഷൻ പ്ലീസ് എന്ന സിനിമയിലൂടെയാണ്. അതൊരു മിനിമൽ പരിപാടിയാണ് എക്സ്പിരിമെന്റൽ മൂവിയാണ് എന്നൊക്കെയെ ആ സമയത്ത് ഞാൻ ചിന്തിച്ചിരുന്നുള്ളൂ. അത് ഈ പറയുന്നതുപോലെ ജിഗർതണ്ട സിനിമയിൽ ലോറൻസിന്റെ കഥാപാത്രം സിനിമ ചെയ്യാൻ തീരുമാനിക്കുന്നതും, ലോറൻസിന്റെ കഥാപാത്രത്തെ കൊല്ലാൻ വരുന്ന എസ് ജെ സൂര്യയുടെ കഥാപാത്രം സിനിമ സംവിധായകനായി മാറി കഴിഞ്ഞിട്ട് പുള്ളി തിരിച്ച് പോവുന്നില്ല എന്ന് പറയുന്നതും സത്യത്തിൽ സിനിമ എന്ന മാധ്യമം രണ്ടുപേരെയും തെരഞ്ഞെടുക്കുന്നതുപോലെയാണ്. അതുപോലെതന്നെയാണ് അറ്റൻഷൻ പ്ലീസിലൂടെ സിനിമ എന്നെ തിരഞ്ഞെടുക്കുന്നതും. അതുവരെ കോമഡി കഥാപാത്രങ്ങളിലൂടെ മാത്രം എന്നെ കണ്ട ആളുകൾക്ക് പോലും ആ കഥാപാത്രം കണക്ട് ചെയ്യാൻ പറ്റുകയും അതുവഴി ജിഗർതണ്ട സിനിമ വരെ എത്തുകയും ചെയ്തു എന്ന് പറഞ്ഞാൽ സിനിമ എന്ന ആർട്ട് എന്നെ തിരഞ്ഞെടുത്തതിന്റെ നേട്ടങ്ങളാണ്. സത്യത്തിൽ സിനിമ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ സിനിമയെ തെരഞ്ഞെടുക്കുകയായിരുന്നില്ല. അറ്റൻഷൻ പ്ലീസ് ഇറങ്ങിയതിനു ശേഷം ഞാൻ നേരിട്ടിരുന്ന ഏറ്റവും വലിയ ചോദ്യമായിരുന്നു നിറത്തിന്റെ പേരിൽ വിവേചനം അനുഭവിച്ചിട്ടുണ്ടോ എന്നത്. ആ സിനിമയിൽ ഞാൻ ചെയ്ത ഹരി എന്ന കഥാപാത്രം അത് അനുഭവിച്ചിട്ടുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ ഞാനെന്ന വ്യക്തി അത്തരത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല. വേണമെങ്കിൽ എനിക്ക് പറയാം ഞാൻ അനുഭവിച്ചിട്ടുണ്ട്, ഞാനതിന്റെ ഇരയാണ് എന്നൊക്കെ. അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ അതെന്റെ സ്റ്റേറ്റ്മെന്റായി നിലനിൽക്കുകയും ചെയ്യും. പക്ഷെ എനിക്കത്തരത്തിൽ കളളം പറയാൻ താല്പര്യമില്ല. പക്ഷേ ഞാൻ പ്രിവിലേജ്ഡാണ് എന്ന് പറയുമ്പോഴും ഈ സമൂഹത്തിൽ അത്തരം കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, അത് അഡ്രസ്സ് ചെയ്യപ്പെടേണ്ടതാണെന്നുമുള്ള കാര്യത്തിൽ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. ഞാൻ അനുഭവിച്ചിട്ടില്ലെങ്കിലും ഇത്തരം അനുഭവങ്ങളുള്ളവരെ ഞാൻ കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ആ പൊളിറ്റിക്സ് നമ്മുടെ കൂടിയാണ്.അത്തരം പൊളിറ്റിക്സുകൾ കൂടി പറയാനുള്ളതാണ് സിനിമയെന്ന് ഞാൻ കരുതുന്നു.

• സിനിമ സംവിധാനം മനസിലുണ്ട്

ഒരു സ്റ്റാൻഡപ്പ് കോമേഡിയൻ ആവണമെന്നൊക്കെയായിരുന്നു ചെറുപ്പത്തിലെ എന്റെ ആഗ്രഹം. പിന്നീടാണ് സിനിമയോടുള്ള ഇഷ്ടമൊക്കെ തുടങ്ങുന്നത്. കുസാറ്റിൽ പഠിക്കാൻ പോയതുകൊണ്ട് ഒരു സിനിമക്കാരനായി മാറിയ ആളാണ് ഞാൻ. എന്റെ സ്കൂൾ പഠനമെല്ലാം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കുന്ന, മറ്റു അക്കാദമി കഴിവുകളെ പ്രോത്സാഹിപ്പിക്കാത്ത ഒരിടമാണത്. അതുകഴിഞ്ഞ് പെട്ടെന്നാണ് കുസാറ്റ് എന്ന് പറയുന്ന വലിയൊരു യൂണിവേഴ്സിറ്റിയിലേക്ക് ഞാൻ എത്തുന്നത്. യൂണിവേഴ്സിറ്റിയിലെ ലൈഫും കോളജിലെ ലൈഫും രണ്ടും രണ്ടാണ്. യൂണിവേഴ്സിറ്റിയിൽ തന്നെ ഒരു പത്ത് കോളജുണ്ടാകും. ആ ഒരു വൈബിലാണ് നമ്മൾ നാലുകൊല്ലം ജീവിക്കുന്നത്. യൂണിവേഴ്സിറ്റി വലുതായതുകൊണ്ട് തന്നെ അതിന്റെ കൾച്ചറൽ ഡെപ്ത്തും വലുതാണ്. അവിടെ പഠിക്കാൻ തുടങ്ങിയ കാലം തൊട്ട് എനിക്കതിന്റെ ഭാഗമാകാൻ കഴിഞ്ഞു. അത്തരത്തിൽ യൂണിവേഴ്സിറ്റി നാടകങ്ങൾ ചെയ്തിട്ടാണ് എനിക്ക് അഭിനയത്തോട് ആഗ്രഹം വരുന്നത്. അതുവഴി എറണാകുളത്തെ സിനിമാ സൗഹൃദങ്ങൾ ആരംഭിച്ചു. പിന്നീട് ഇയോബിന്റെ പുസ്തകം എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ കുട്ടിക്കാലം ചെയ്തു. അതിനുശേഷം മെക്സിക്കൻ അപാരത എന്ന സിനിമയിൽ അഭിനയിച്ചു. അങ്ങനെയൊക്കെയാണ് അറ്റൻഷൻ പ്ലീസ് വരെ എത്തിയത്. സ്റ്റോറി ടെല്ലർ എന്ന കാറ്റഗറിയോടുള്ള എന്റെ ഇഷ്ടം തന്നെയാണ് അറ്റൻഷൻ പ്ലീസ് എന്ന സിനിമക്ക് എനിക്ക് ഏറെ ഉപകാരപ്പെട്ടതും. കോളേജ് കാലത്ത് തിയേറ്റർ നാടകത്തിൽ ഒക്കെ ഞാൻ സജീവമായതോടെയാണ് ഒരു നടൻ എന്ന നിലയ്ക്കുള്ള എന്റെ ശ്രമങ്ങളൊക്കെ തുടങ്ങുന്നത്. അതേസമയത്തും കഥ എഴുതുക കഥ പറയുക ആളുകളെ ചിരിപ്പിക്കുക തുടങ്ങിയ പരിപാടികളൊക്കെ ഒരു വശത്ത് നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയൊക്കെ എഴുതുന്നത്. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയും ഞാനുമൊക്കെ കുട്ടിക്കാലം മുതലെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾക്കിങ്ങോട്ടാണ് ഒരു പ്രൊഡ്യൂസർ ഓഫർ വന്നത്. അങ്ങനെയാണ് വിഷ്ണു അഭിനയിക്കുന്നു ഞാൻ സംവിധാനം ചെയ്യുന്നു എന്ന നിലയിലെല്ലാം ഹിസ്റ്ററി ഓഫ് ജോയ് ഞങ്ങൾ ചെയ്യുന്നത്. ഏകദേശം 24 വയസ്സ് പ്രായമുള്ളപ്പോഴാണ് ആ സിനിമ ചെയ്യുന്നത്. അതിനുശേഷമാണ് സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കണമെന്നും പഠിച്ചതിനുശേഷം ഒരു സിനിമ ചെയ്യണമെന്നും ആഗ്രഹിക്കുന്നത്. അതിനിടക്ക് ഞാനൊരു വെബ് സീരീസ് ചെയ്തത്. അജു വർഗീസ് നിർമ്മിച്ച കിളി എന്ന പേരിലുള്ള ഒരു വെബ് സീരീസായിരുന്നു അത്. ലോക്ക് ഡൗൺ സമയത്തായിരുന്നു അതിന്റെ ഷൂട്ട് നടന്നത്. 8 എപ്പിസോഡ് ഉള്ള വെബ് സീരീസ് ആയിരുന്നു അത്. അത്യാവശ്യമാളുകൾ കണ്ട വർക്കാണത്. കിളി എന്ന വർക്കിന് അത്യാവശ്യം അഭിനന്ദനങ്ങൾ ലഭിച്ചപ്പോൾ സംവിധാനം എന്ന മേഖലയെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. നല്ലൊരു വർക്ക് ഡയറക്ട് ചെയ്യണമെന്ന പ്ലാൻ ഇപ്പോഴും മനസ്സിലുണ്ട്. അതിന്റെ ചെറിയ ചർച്ചകളും കാര്യങ്ങളുമൊക്കെയായി നിൽക്കുന്നുണ്ട്. സംവിധാനം മനസ്സിലുണ്ട് എപ്പോഴും.

• വരും വിശേഷങ്ങൾ

മാരിവില്ലിൻ ഗോപുരങ്ങൾ, സോണി ലീവിൽ വരാനിരിക്കുന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസ് എന്നിവയൊക്കെയാണ് പുതിയ വർക്കുകൾ. മറ്റു ഷൂട്ട് പരിപാടികൾ ഒന്നും ഫിക്സ് ചെയ്തിട്ടില്ല. നിലവിൽ ജിഗർ തണ്ട സിനിമയുടെ സന്തോഷത്തിൽ നിൽക്കുകയാണ്.

Tags:    
News Summary - vishnu govindhan Share Jigarthanda DoubleX Movie Experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.