ഫ്രം ശ്രീകൃഷ്ണ ടാക്കീസ് ടു ടാഗോർ തീയറ്റർ; മാജിദ് മജീദിയിലേക്കുള്ള ഒരു മേലഴിയംകാരന്റെ സഞ്ചാരങ്ങൾ

സിനിമാമേള തീർത്ത ആരവങ്ങളുടെയും നിറപ്പകിട്ടുകളുടെയും ഉത്സവപ്രവാഹത്തിൽ അപകർഷതയുടെ കനംതൂങ്ങുന്ന മനസ്സുമായി തലസ്ഥാനത്തെ അലങ്കരിച്ച തിയറ്റർ കവാടത്തിന് മുന്നിൽ അന്നൊരു യുവാവ് കാത്തുനിന്നിരുന്നു. നിറംമങ്ങിയ കുപ്പായവും മെലിഞ്ഞ് ചുള്ളിയ ശരീരവുമായിരുന്നുവെങ്കിലും ആ മനസിലാകെ തിളച്ചു മറിയുന്ന സിനമാകമ്പമായിരുന്നു. സിനിമാ കമ്പത്തിന് പല വ്യാഖ്യാനങ്ങളുണ്ടാകാമെങ്കിലും മുരളിയെ സംബന്ധിച്ച് പടമൊന്ന് കണ്ടാൽ മതി, അത്രമാത്രം. തടിച്ച സെക്യുീരിറ്റികൾ വിലങ്ങു തടിയായി നിൽക്കുന്ന ആ കൊട്ടകയുടെ കവാടമൊന്ന് കടന്നുകിട്ടിയിരുന്നെങ്കിൽ.. പക്ഷേ കയ്യിൽ പാസില്ല. കഴുത്തിൽ മേളയുടെ ടാഗും തോളിൽ സഞ്ചിയും തൂക്കി ന്യൂജൻ വസ്ത്രങ്ങളിൽ ഫെസ്റ്റിവൽ തുറന്ന് മലർക്കെപ്പിടിച്ച് തിയറ്ററുകളിലേക്ക് കയറുന്ന ആളുകളെ കൊതിയോടെ നോക്കി നിൽക്കാനായിരുന്നു വിധി.

ദാരിദ്ര്യം വരിഞ്ഞ് മുറുക്കിയ കുട്ടിക്കാലത്തും നിസ്സഹായതയും അരക്ഷിതത്വവും നിറഞ്ഞ ജീവിത പരിസരങ്ങളിലുമെല്ലാം 'വയറുനിറ'യെ സിനിമാ സിനിമ കാണാൻ കഴിയുന്ന നല്ലൊരു നാളെയെ കുറിച്ചായിരുന്നു മുരളിയുടെ സ്വപ്നം മുഴുവൻ. അതായിരുന്നല്ലോ പ്രതിസന്ധികളെ വകഞ്ഞുമാറ്റി കുതിക്കാൻ ത്രാണിയേകിയതും..വർഷങ്ങൾക്കിപ്പുറം ഇതേ വേദിയിലെ മഞ്ഞവെളിച്ചതിന് നടുവിൽ മുരളി ആദരിക്കപ്പെട്ടുവെന്നതും കാലത്തിെൻറ കാവ്യ നീതി.

മുരളിയെന്ന മുരളീകൃഷ്ണൻ എൻ.പി ആരാണെന്നാകും അല്ലേ... സിനിമ വിസ്മയങ്ങളുടെ സ്ക്രീനിലോ പിന്നണിയിലോ ഒന്നും തിരയാൻ നിൽക്കണ്ട, നിങ്ങൾക്കയാളെ കാണാനാവില്ല. സിനിമയുടെ വെള്ളിവെളിച്ചത്തിന് പുറത്ത് എവിടെയും അടയാളപ്പെടുത്താതെ പോയ പതിനായിരിക്കണക്കിന് സിനിമപ്രേമികളുടെ പ്രതിനിധിയാണ് അയാൾ. സിനിമ അയാളെ അടയാളപ്പെടുത്തിയില്ലെങ്കിലും തന്റെ കളിത്തിയറ്ററിനെ, സിനിമാ മോഹങ്ങളെ, ടാക്കീസ് അനുഭവങ്ങളെ, തിയറ്റർ യാത്രകളെയെല്ലാം ചൂട് ചോരാതെ അയാൾ രേഖപ്പെടുത്തി.


തിയറ്ററിന് മുന്നിലെ ക്യുവിൽ കാത്ത് നിന്ന് ടിക്കറ്റെടുത്ത് ഇരുട്ടിലലിയുന്ന സാധാരണക്കാരനായ ഒാരോ സിനിമ പ്രേമിയുടെയും അധികമാരും കാണുകേയാ എഴുതുകയോ പറയുകയോ ചെയ്യാത്ത ജീവിതവും നിശ്വാസവും വിലാസവും വ്യാകരണവും പൊടിപ്പും തൊങ്ങലുമില്ലാതെ പകർത്തിവെച്ചു. ഒരു സാധാരണ സിനിമാ പ്രേമി എന്ന നിലയിൽ ആറാം വയസിൽ തുടങ്ങിയ ഇഷ്ടങ്ങളുടെ, കണ്ണീർ നനവുള്ള അനുഭവങ്ങളുടെ, ഗൃഹാതുരത തുളുമ്പുന്ന ഒാർമ്മകളുടെ, നീളമളക്കാനാകാത്ത നിശ്വാസങ്ങളുടെയുമെല്ലാം അടയാളപ്പെടുത്തലുകൾക്ക് അയാൾ 'സിനിമ ടാക്കീസ്: മേലഴിയം ടു മാജിദ് മജീദി' എന്ന് പേരിട്ടു.

ഒ.വി വിജയൻ തസ്രാക്ക് എന്ന ദേശത്തെ വാക്കുകളിലൂടെ വരിച്ചിട്ടത് പോലെ മേലഴിയവും കുട്ടികൾ ഒാടിക്കളിച്ചിരുന്ന നസ്രാണിക്കുന്നും ഞാവൽക്കാടും അമ്മപ്പുഴയും രണ്ട് നിലയിൽ ഒാലമേഞ്ഞ നടുവിലേടത്ത് പറമ്പും ശ്രീകൃഷ്ണ ടാക്കീസും ഉണ്ണിക്കയുടെ പീടിയും രാമുട്ടിയേന്‍റെ ചായപ്പീടികയും പുഴ കടന്നുള്ള കുറ്റിപ്പുറം മീന ടാക്കീസിലേക്കുള്ള യാത്രയും മഞ്ചീരത്ത് വളപ്പുമെല്ലാം സ്വന്തം അനുഭവങ്ങളിലൂടെ മുരളി വരച്ചിടുകയാണ്.

കളിത്തിയറ്റർ മാത്രമല്ല, ഈ പുസ്തകത്തിലെ ഒരോ കഥാപാത്രങ്ങളും സ്ഥലങ്ങളും മേലഴിയം എന്ന ദേശത്തിന്‍റെ അടയാളപ്പെടുത്തൽ കൂടിയാണിത്. ഒരു ദേശത്തിന്‍റെ ദൃശ്യബിംങ്ങളായി ഇവ മനസിൽ മായാതെ നിറയ്ക്കുകയാണ്. സിനിമ കൊട്ടകകൾ മാത്രമല്ല ദൂരദർശൻ കാലവും വി.സി.ആർ കാലവും കേബിൾ എത്തുന്നതിന് മുമ്പ് ഡിഷ് ആൻറിന കാലവുമെല്ലാം ഇഴപിരിയാതെ വരികളിൽ പിണഞ്ഞുകിടപ്പുണ്ട്.

ഇതിലെ കഥാപാത്രങ്ങളിൽ അധിക പേരും ഇന്ന് ജീവിച്ചിരിക്കുന്നവരുമാണ്. പുസ്തകമല്ല, അതിനപ്പുറത്തെ ജീവിതവും അതിന് അരങ്ങേകിയ മേലഴിയം എന്ന ദേശവുമാണ് മുരളിയെ ഇൗ സിനിമഴക്കാലത്തും പ്രസക്തമാക്കുന്നത്. സിനിമകളുടെ മാത്രമല്ല, കാണികളുടെ കൂടി വാർഷികകോത്സവവും പൂരവും പെരുന്നാളുമാണ് ചലച്ചിത്രോസ്വമെന്നതിനാൽ ഇൗ കാഴ്ചക്കാരനും അവെൻറ ആത്മകഥക്കും പറയാനും ഏറെയുണ്ട്. അനുഭവങ്ങൾക്ക് ജീവനേകിയവരിൽ മിക്കവരും ഇന്ന് മേലഴയത്ത് ജീവിച്ചിരിപ്പുണ്ടെന്നതിനാൽ വിശേഷിച്ചും.

മലയാളിയുടെ സിനിമക്കാഴ്ചകളുടെയും ദൂരദർശൻ അനുഭവങ്ങളുടെയും അക്കാദമികമോ രേഖീയമോ ആയ ചരിത്രമൊന്നുമല്ലിത്. പക്ഷേ തിയറ്ററിന് മുന്നിലെ ക്യുവിൽ കാത്ത് നിന്ന് ടിക്കറ്റെടുത്ത് ഇരുട്ടിലലിയുന്ന സാധാരണക്കാരനായ ഒാരോ സിനിമ പ്രേമിയുടെയും അധികമാരും കാണുകേയാ എഴുതുകയോ പറയുകയോ ചെയ്യാത്ത ജീവിതവും നിശ്വാസവും വിലാസവും വ്യാകരണവും പൊടിപ്പും തൊങ്ങലുമില്ലാതെ ഇൗ താളുകളിൽ ഉറഞ്ഞു കിടപ്പുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത് ഒരു സിനിമ പ്രേമിയുടെ കേരളത്തിലെ ആദ്യത്തെ ആത്മകഥകൂടിയാകുന്നത്.


മേലഴിയം ശ്രീകൃഷ്ണ തിയറ്റർ

മുരളിയുടെ ഭാഷയിൽ പറഞ്ഞാൽ ബ്ലാക്ക് ആൻറ് വൈറ്റിൽ നിന്ന് കളർ ടി.വിയിലേക്ക് നായിക നായകൻമാർ മാറിത്തുടങ്ങിയ തൊണ്ണൂറുകളുടെ ആദ്യത്തിലാണ് അടങ്ങാത്ത 'സിനിമ മോഹ'ങ്ങളുടെ ഈ തിരയിളങ്ങൾക്ക് ആരോരുമറിയാതെ മേലഴിയം സാക്ഷിയായിത്തുടങ്ങുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിർത്തിയിലായി സ്വപ്നങ്ങൾ അതിരുകളുള്ള സാധാരണയൊരു കുഗ്രാമമാണ് മേലഴിയം. കുട്ടിക്കാലത്ത് കഞ്ഞിയും കറിയും വെച്ച് അച്ഛനും അമ്മയുമായി കളിച്ചവരുണ്ടാകും. സ്കൂൾ ടീച്ചറായി സ്വയം ഭാവിച്ച് ചൂരൾവടിയും പുസ്തകവുമായി 'ക്ലാസെടുത്തവരുണ്ടാകും'. സ്റ്റെതസ്കോപ്പണിഞ്ഞ് ഡോക്ടറായി രോഗികളെ പരിശോധിച്ചവരും മരുന്ന് കുറിച്ചവരും ഇഞ്ചക്ഷനെടുത്തവരുമുണ്ടാകും. പൊലീസായി സ്വയം ഭാവിച്ച് കള്ളനെപ്പിടിച്ചവരും ഇടിച്ചുകളിച്ചവരുമുണ്ടാകും. പക്ഷേ മുരളിയെന്ന ആറുവയസുകാരന് സിനിമയോടായിരുന്നു കമ്പം.

അങ്ങനെയാണ് സ്വന്തം നിലയ്ക്ക് ടാക്കീസ് പണിയുന്നത്. പേരിട്ടതും മുരളീ'കൃഷ്ണ'നെന്ന സ്വന്തം പേരിലെ പകുതിഭാഗം മുറിവേൽക്കാതെ മുറിച്ചെടുത്തും. മേലഴിയം എന്ന ഒരു തനിനാടൻ ഗ്രാമത്തിലെ ഒരു ഡി ക്ലാസ് തിയറ്റാണ് ശ്രീകൃഷ്ണ. 2.30, 6.30, 9.30... ദിവസം മൂന്ന് കളികൾ. എല്ലാ വെള്ളിയാഴ്ചയും പടം മാറും. കാണാനാളില്ലെങ്കിൽ ചിലപ്പോ ആഴ്ചയിൽ തന്നെ രണ്ട് പടം കളിക്കും. സിനിമ വിശേഷങ്ങൾ നാട്ടുകാരെ അറിയിക്കാൻ പോസ്റ്റർ ബോർഡും 'ശേഷം സ്ക്രീനിൽ' എന്നെഴുതിയ മഞ്ഞക്കളർ നോട്ടീസും കോളാമ്പി കെട്ടിയ ജീപ്പുമെല്ലാം ശ്രീകൃഷ്ണക്കുമുണ്ട്. വണ്ടിയിൽ നിന്ന് വഴി വക്കിലേക്ക് ചുരുട്ടിയെറിയുന്ന നോട്ടീസ്കൂട്ടങ്ങൾ ഒാടിയെടുക്കാൻ ഉടുപ്പിടാത്ത കുട്ടികളും.

മറ്റേത് നാട്ടിലെയും പോലെ മേലഴിയത്തെ കൂലിപ്പണിക്കാരുടെയും കർഷകരുടെയുമെല്ലാം സിനിമാമോഹങ്ങളെ (പരമ്പരാഗതമായി കേട്ടുവരുന്ന അർഥത്തിലല്ല, കേവലം കണ്ട് നിർവൃതിയടൽ, അത്രമാത്രം) നിറവേറ്റുന്ന ഈ നാടൻ കൊട്ടകക്ക് എന്ത് പ്രത്യേകതയെന്നാകും അല്ലേ...കേരളത്തിലെ സിനിമ തിയറ്റർ ഉടമകളുടെ അസോസിയേഷനുകൾക്കൊന്നും ഇങ്ങനെയൊരു തിയറ്ററിനെ കുറിച്ച് അറിയുക പോലുമില്ല. കഥ നടക്കുന്ന ആനക്കര മേലഴിയം ദേശനിവാസികളും ഒരു പക്ഷേ വാപൊളിക്കും. 'ഇങ്ങനെയൊരു ടാക്കീസോ...അതെവിടെ, എപ്പോ' ഇവിടെയാണ് വെള്ളിയാഴ്ചകളെ ജീവനോളം സ്നേഹിച്ച ആ ഒന്നാം ക്ലാസുകാരന്‍റെ കഥ തുടങ്ങുന്നത്.

വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ പിറകിൽ, സെയ്താലിക്കാന്‍റെ പറമ്പിനോട് ചേർന്നുള്ള ചെറിയ മുറ്റത്ത് കൂട്ടിയിട്ട അല്ലറ ചില്ലറ മരക്കഷണങ്ങളുടെയും ഓലയുടെയും കൊതുമ്പിന്‍റെയുമെല്ലാം ഇടയിൽ നാല് മരപ്പലകൾ താങ്ങാക്കി നാല് വശങ്ങളിലും മുകളിലും പഴന്തുണി കൊണ്ട് മറച്ചുമാണ് ശ്രീകൃഷ്ണ ടാക്കീസെന്ന മഹത്തായ സിനിമ ലോകം സജ്ജമാക്കിയിരിക്കുന്നത്. പിന്നിലെ മറയ്ക്കകത്ത് ഒരു വെള്ളത്തുണിയുണ്ട്, അതാണ് ശ്രീകൃഷ്ണയുടെ വെള്ളിത്തിര. തൊട്ടടുത്തായി ഒരു കാഞ്ഞിരമരത്തിൽ ഒരു കുഞ്ഞൻ കാർഡ് ബോർഡ് തൂക്കിയിട്ടുണ്ട്. ഇവിടെയാണ് എല്ലാ വെള്ളിയാഴ്ചയും മാറുന്ന പടത്തിെൻറ പോസ്റ്ററൊട്ടിക്കുക.

പത്രങ്ങളിൽ നിന്നും സിനിമ കടലാസുകളിൽ നിന്നും കൈമുറിയാതെ ബ്ലേഡ് കൊണ്ട് വെട്ടിെയടുത്ത് ചുളുങ്ങാതെ നോട്ടുപുസ്തകത്തിൽ സൂക്ഷിച്ചുവെച്ച ബ്ലാക്ക് ആൻറ് വൈറ്റ് പരസ്യം സിനിമ മാറുന്നതിെൻറ തലേ ദിവസമായ വ്യാഴാഴ്ച രാത്രിയാണ് ബോർഡിൽ ഒട്ടിക്കുക. രാത്രി അത്താഴത്തിനിടെ ഇത്തിരി വറ്റ് ആരും കാണാതെ കുപ്പായത്തിന്‍റെ പോക്കറ്റിലിടും. രാത്രി കാഞ്ഞിരമരത്തിനടുത്തെത്തി പോസ്റ്റർ തേച്ചൊട്ടിക്കും. 'മേലഴിയം ശ്രീകൃഷ്ണയിൽ ദിവസേന മൂന്ന് കളികൾ ' എന്നെഴുതിയ തുണ്ട് കടലാസ് കൂടി അൽപം ചരിച്ചൊട്ടിച്ച് കഴിഞ്ഞാൽ പണി തീർന്നു. സിനിമാപ്രദർശനം നടക്കുന്ന സമയത്ത് കാണാനെത്തുന്നവരെ ടിക്കറ്റ് കീറി കയറ്റുന്നയാളും ഒാപറേറ്ററും കാണിയും സ്ക്രീനിലെ അഭിനേതാക്കളുമെല്ലാം ഒരാൾ തന്നെ...അതേ പിടിപ്പത് പണി.

സിനിമയിൽ കയറലോ പടം പിടിക്കലോ തിരക്കഥയെഴുതലോ സംവിധാനം ചെയ്യലോ ഒന്നുമായിരുന്നില്ല ഇൗ കുഞ്ഞിെൻറ മനസിൽ. 'സിനിമ കാണൽ, പിന്നെയും കാണൽ'.. അത് മാത്രം. എങ്ങനെ സിനിമ കാണാമെന്നത് മാത്രമായിരുന്നു ആ കുഞ്ഞു മനസിനെ ആകുലപ്പെടുത്തിയിരുന്ന ആലോചനകൾ. കുറ്റിപ്പുറം മീന ടാക്കീസിൽ നിന്ന് ചേച്ചിമാർക്കും ചേട്ടൻമാർക്കുമൊപ്പം മൃഗയ സിനിമ കണ്ടതിെൻറ ആവേശത്തിലും പ്രേരണയിലുമാണല്ലോ മേലഴിയത്ത് ആരോരുമറിയാതെ ശ്രീകൃഷ്ണ തിയറ്റർ സ്ഥാപിതമാകുന്നത്.

മുരളിയുടെ സിനിമാമോഹങ്ങൾ ഏതോ പാതിരാത്രിയിൽ വീശിയടിച്ച പെരുങ്കാറ്റിനൊപ്പം പൊട്ടി വീണ കാഞ്ഞിരമരകൊമ്പിനിടയിൽ പെട്ട് തകർന്നില്ല. അല്ലെങ്കിൽ കാലപ്പാച്ചിലിലോ തുലാവർഷത്തിലേയോ കാലവർഷത്തിലെയോ മലവെള്ളപ്പാച്ചിലിലോ കുത്തിയൊലിച്ച് പോയതുമില്ല. ഒരുവേള വരിഞ്ഞുമുറുക്കിയ ദാരിദ്ര്യത്തിനൊടുവിൽ സ്വന്തം കിടപ്പാടത്ത് നിന്ന് കുടിയിറങ്ങുകയും ശ്രീകൃഷ്ണ ടാക്കീസ് നിലകൊണ്ട പറമ്പും വീടുമെല്ലാം അന്യാധീനമായി നിലംപൊത്തുന്നത് കണ്ടുനിൽക്കേണ്ടിവരികയും ചെയ്തിട്ടും സിനിമയെ കൈവിടാൻ മുരളി തയ്യാറായിരുന്നില്ല.

കശുവണ്ടി പെറുക്കിയും ക്ലാസെടുത്തും ചില്ലറ സ്വരുക്കൂട്ടിയും വിയർപ്പൊഴിക്കിയും ടിക്കറ്റിന് വേണ്ട പണം കണ്ടെത്തും. കരുതിവെയ്പുകളൊന്നുമില്ലെങ്കിലും കണ്ണുനിറയെ കണ്ട സിനിമകളായിരുന്നു മുരളിയുടെ എറ്റവും വലിയ നിക്ഷേപം. തിയറ്ററിൽ നിന്ന് തിയറ്ററിലേക്കുള്ള യാത്രകൾ ഇങ്ങനെ അനസ്യൂതം തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ ഒരു കാഴ്ചക്കാരനായി വിശ്വവിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ മാജിദ് മജീദിയുടെ വിരൽതുമ്പിൽ തൊടുന്നതു വരെ എത്തി നിൽക്കുന്നു ഇൗ സ്വപ്നസഞ്ചാരങ്ങൾ.


ഉണ്ണിക്കയുടെ പീടികയിലെ അട്ടിക്കടലാസുകൾ..

സാധനങ്ങൾ വാങ്ങാനുള്ള ഊഴം കാത്ത് നിൽക്കലിലും ആ കുട്ടിയുടെ കണ്ണ് സാധനം പൊതിയുന്ന പത്രക്കടലാസു കെട്ടിലായിരിക്കും. കീറിയെടുത്ത് പൊതിയുന്ന കടലാസിൽ 'സിനിമ പരസ്യമുണ്ടായിരിക്കണേ' എന്നാണ് പ്രാർഥന. ആ പേപ്പറിൽ തനിക്കുള്ള സാധനം പൊതിഞ്ഞു തരുമോ എന്ന ചോദിക്കാനുള്ള ധൈര്യമില്ല. മിക്കപ്പോഴും കടമായിരിക്കും. അല്ലെങ്കിൽ 50 ഗ്രാമും 100 ഗ്രാമുമടക്കം തൂക്കത്തിെൻറ ഏറ്റവും ചെറിയ അളവിലായിരിക്കും സാധനം വാങ്ങൽ. മൂന്നും നാലും സിനിമ പരസ്യങ്ങളുള്ള വലിയ പത്രക്കടലാസിൽ സാധനം വാങ്ങുന്നവർ വലിയ വീട്ടുകാരും പണക്കാരുമായിരിക്കുമെന്ന് മുരളി പറയുന്നു.

സിനിമ പരസ്യങ്ങളുള്ള വലിയ കടലാസിൽ സാധനം വാങ്ങിപ്പോകുന്നവരെ സങ്കടത്തോടെ നോക്കി നിൽക്കാനേ ആ ആറ് വയസുകാരന് നിവർത്തിയുണ്ടായിരുന്നുള്ളൂ. ''ഞാനും ഒരുക്കൽ മുഴുനീള സിനിമ പരസ്യമുള്ള പത്രപ്പേപ്പറിൽ സാധനം വാങ്ങു'മെന്ന് എന്നും കടയിൽ നിന്നിറങ്ങുേമ്പാൾ എന്നും മനസ്സിൽ കരുതും. പക്ഷേ ഒരിക്കലും നടന്നില്ലെന്നത് പിന്നനുഭവം. വഴിവക്കിൽ ആരെങ്കിലും ചുരുട്ടിയെറിയുന്ന കടലാസ് നിവർത്തി നോക്കും. നനഞ്ഞതോ ചെളി പുരണ്ടതാ ആണെങ്കിലും സാരമില്ല. സിനിമ പരസ്യമുണ്ടെങ്കിൽ അതിസന്തോഷം. വീട്ടിലെത്തിച്ച് പരസ്യം വെട്ടിയെടുത്ത് നോട്ട്ബുക്കിൽ ഭദ്രമാക്കും. ശ്രീകൃഷ്ണയിൽ കളിക്കാനുള്ള ഒരു പടം കൂടിയാവും.

രാമുട്ടിയേട്ടന്‍റെ ചായപ്പീടിക

മേലഴിയത്തെ നാടുകിസ്സകളുടെ കൂടാരവും പ്രധാന വാർത്തയിടമാണ് രാമുട്ടിയേട്ടന്‍റെ ചായക്കട. രാവിലെയും വൈകുന്നേരവും എല്ലാവരും ഒത്തും കൂടി. കുഞ്ഞുമുരളിയും രാവിെല അവിടെയെയെത്തും. ചായക്കടയിൽ മാതൃഭൂമി പത്രമാണ് വരുന്നത്. മുതിർന്നവരെ പോലെ പത്രം വായിക്കാനെത്തുന്ന ഈ കുട്ടി എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. പക്ഷേ ലോക വിവരമറിയാനൊന്നുമല്ല, പാത്രവായനയുടെ ഗൂഢലക്ഷ്യം മറ്റൊന്നാണ്. 'ഇന്നത്തെ സിനിമ' കോളമുള്ള പേജ് കയ്യിൽ കിട്ടണം. അതിനായാണ് ഉൗഴംനോക്കി കാത്തിരിപ്പ്. പത്രക്കടലാസുകൾ പലതായി പങ്കുവെച്ചാണ് കടയിലെ ഓരോരുത്തരും വായിക്കുക. സിനിമ പേജ് നോക്കാനാണെങ്കിലും ഗൗരവം വിടാതെ മുരളിയും കയ്യിൽ കിട്ടുന്ന എല്ലാ പുറങ്ങളും നോക്കും. സിനിമാക്കോളമുള്ള പേജ് കിട്ടിയാൽ മനസ് സന്തോഷം കൊണ്ട് നുരഞ്ഞ് പൊന്തും.

മലപ്പുറം ആനന്ദ്, ഡിൈലറ്റ്, കോട്ടയ്ക്കൽ താര, സംഗീത, രാധാകൃഷ്ണ, മഞ്ചേരി ശ്രീകൃഷ്ണ, ശ്രീദേവി, നർത്തകി, തിരൂർ സെൻട്രൽ, ചിത്രസാഗർ, പൊന്നാനി അലങ്കാർ...ഇങ്ങനെ എത്രയാവർത്തിച്ച് വായിച്ചാലും കൗതുകം തീരാത്ത ടാക്കീസുകളിലും സിനിമാപ്പേരുകളും മുരളിയങ്ങ് മുഴുകിയലിയും. പല്ലുതേയ്ക്കലും കുളിയും പോലെ സിനിമാക്കോളം വായനയും അങ്ങനെ ശീലമായി കൂടെ കൂടി. ആഴ്ചയിലേ സിനിമ മാറൂവെങ്കിലും പക്ഷേ എല്ലാ ദിവസവും വായിക്കണം. പല്ലു തേച്ചാലുടൻ രാമുവേട്ടെൻറ കടയിലേക്ക് ഒരോട്ടം.

ഇത്തരം വായനയിലൂടെ മറ്റൊന്ന് കൂടി സംഭവിച്ചു. സ്കൂളിലെ ഗുണനപ്പട്ടികലോ അക്ഷരമാലയോ പദ്യമോ പാഠഭാഗമോ ഒന്നും മനപ്പാഠമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു സ്ഥലം പറഞ്ഞാൽ അവിടത്തെ തിയറ്ററുകളുടെ പേരുകൾ മുട്ടും തടസ്സവുമില്ലാതെ മുരളി പറയും. കേെട്ടഴുത്തിന് സിനിമ ടാക്കീസുകളുടെ പേരായിരുവെങ്കിൽ പത്തിൽ പത്തും മുരളിക്ക് തന്നെ. മലപ്പുറം ജില്ലയിലെ സിനിമ തിയറ്റുകളാണ് ആദ്യം മനപ്പാഠമായത്, 51 അക്ഷരങ്ങൾ മനസ്സിലുറച്ചതും തെറ്റാതെ എഴുതാനും വായിക്കാനും ശീലിച്ചതും പിന്നെയും ഏറെക്കഴിഞ്ഞാണ്. സിനിമ കൊട്ടകകളുടെ പേര് പഠിക്കാനും വായനകൾ പിന്നെയും തുടർന്നു. കേരളത്തിൽ ഇത്രമാത്രം സ്ഥലങ്ങളുണ്ടല്ലോ എന്ന തോന്നലുണ്ടായത് ഇത്രയധികം തിയറ്ററുകളുടെ പേര് വായിച്ച് മനസ്സിലുറച്ചതിൽ പിന്നെയാണ്. 'ഇവിടങ്ങളിെലല്ലാം പോയി പടം കാണണം. അതിന് വേഗം വളർന്ന് മുതിർന്നയാളാകണം....'വളർച്ചയെയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലും മുരളിക്ക് പ്രചോദനമേകിയത് ഇവയായിരുന്നു...


മഞ്ചീരത്ത് വളപ്പിലെ ദൂരദർശൻ

മമ്മൂട്ടിയും മോഹൻലാലും കൂടി ഇടികൂടിയാൽ ആര് ജയിക്കുമെന്ന സകലരെയും കുഴക്കുന്ന ബാല്യകാല സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞതായിരുന്നു മുരളിയുടെ ബാല്യം. ഈ ബാല്യകൗതുകങ്ങൾക്ക് വേദിയായത് മഞ്ചീരത്ത് വളപ്പിലെ കളർ ടി.വിയും ദൂരദർശനുമാണ്. മേലഴിയം ദേശത്ത് അന്ന് ടി.വിയുള്ള അപൂർവം വീടുകളിലൊന്ന് മഞ്ചീരത്ത് വളപ്പിലാണ്. ഞായറാഴ്ച വൈകുന്നേരമാകുേമ്പാേഴക്കും വലിയൊരു ജനസഞ്ചയം മണ്ണിടവഴികൾ താണ്ടി മഞ്ചീരത്ത് വളപ്പിലേക്ക് ഒഴുകും. നിലത്തും തിണ്ണയിലും വഴിയിലുമെല്ലാമായി ഇടം പിടിപ്പിക്കും.

ഞായറാഴ്ച പുലരാനാണ് മറ്റെല്ലാ ദിവസവും കടന്നുപോകുന്നതെന്ന് കരുതിയ നാളുകൾ. തിയറ്ററിൽ സിനിമ മാറുന്ന വെള്ളിയാഴ്ച കഴിഞ്ഞാൽ പിന്നെ ദൂരദർശനിൽ പടമുള്ള ഞായറാഴ്ചയുമാണ് ആഴ്ചയിലെ വിശുദ്ധദിനങ്ങൾ. ആഴ്ചയിൽ ഇവ രണ്ടും നിലനിർത്തി ബാക്കിയെല്ലാം ആരെങ്കിലും വെട്ടിക്കളഞ്ഞിരുന്നെങ്കിലെന്ന്പ്രത്യാശയോടെ മുരളി സ്വപ്നവും കണ്ടിട്ടുണ്ട്. ടി.വി കളർ ആണെങ്കിലും മഞ്ചീരത്ത് വളപ്പിലെ സ്ക്രീനിനെ ബ്ലാക്ക് ആൻറ് വൈറ്റ് ആക്കി നസീറും അടൂർഭാസിയുമെല്ലാം ചിലപ്പോഴെത്തും. 'ബ്ലാക്ക് ആൻറ് വൈറ്റ്' തലമുറക്ക് അന്നേ ദിവസം ഹരമാണ്. കുട്ടികൾക്കാകട്ടെ നിരാശയും.

ചിരിയും കരച്ചിലും േദഷ്യവും പോലുമുള്ള വികാരങ്ങൾക്ക് തടയിട്ട് പടം കാണാനുള്ള പക്വത ആരും ആർജ്ജിച്ചിരുന്നില്ല. സിനിമ രസം പിടിപ്പിച്ച് മുന്നേറുന്നതിനിടെയാകും സകലരെയും നിരാശരാക്കി വാർത്തകളെത്തുക. അന്നേരങ്ങളിൽ ടി.വിക്കുള്ളിലെ വാർത്താവായനക്കാരി മുമ്പിലാരുമില്ലാത്തതിന്‍റെ കലശലായ ഏകാന്തതയും വിരസതയും അനുഭവിച്ച് കാണുമെന്നാണ് മുരളിയുടെ പക്ഷം. സിനിമ തീരുേമ്പാൾ ഇരുട്ട് കനത്തിരിക്കും. ചൂട്ടും കത്തിച്ചാണ് മടക്കയാത്ര. ജലജയുടെ ദു:ഖഭാരം കലർന്ന മുഖവും നസീറിെൻറ വീരസംഘട്ടനങ്ങളുടെ ആവേശവും മാളയുടെ തമാശയും ഷീലയുടെ പ്രേമഭാവങ്ങളുമെല്ലാം മനസ്സിലുറപ്പിച്ചാകും നടത്തും. അന്നത്തെ അത്താഴത്തിന് പോലും സിനിമാരുചിയായിരിക്കും. രണ്ട് വീടപ്പുറം പടിഞ്ഞാറേ വളപ്പിൽ വി.സി.ആർ വന്നതിന് ശേഷമാണ് മഞ്ചീരത്ത് വളപ്പിൽ ആളൊഴിഞ്ഞത്.

ഭാവിയിൽ ടാക്കീസിൽ ടിക്കറ്റ് കീറുന്നയാളാകണം...

കുറ്റിപ്പുറം മീന ടാക്കീസിസിൽ വെച്ചാണ് ആദ്യമായി സിനിമകണ്ടത്. സഹോദരങ്ങളടക്കം മുപ്പത് പേരടിങ്ങിയ സംഘം കാൽനടയായും പുഴമുറിച്ചു കടന്നും ആറ് കിലോമീറ്ററോളം പിന്നിട്ടായിരുന്നു യാത്ര. സിനിമ തിയറ്റിലേ അദ്ഭുത ലോകത്തെക്കാൾ ആദ്യം കുഞ്ഞുമുരളിയുടെ കണ്ണിലുടക്കിയിത് വാതിൽക്കലിൽ ടിക്കറ്റ് കീറി ആളെക്കയറ്റാൻ നിൽക്കുന്ന ആളിലാണ്. അടുത്ത് കസേരയുമുണ്ട്. വേണമെങ്കിൽ അയാൾക്ക് ഇരുന്നും ടിക്കറ്റ് കീറാം. എന്ത് മനോഹര ജോലി. എപ്പോഴും സിനിമ കണ്ടുകൊണ്ടേയിരിക്കാം. ജീവിതത്തിൽ ആരാകണമെന്ന ലക്ഷ്യബോധം ആയാളിൽ കൂടി മുരളിയുടെ മനസിൽ ഉരുവംകൊള്ളുകയായിരുന്നു. 'അതേ ടാക്കീസിൽ ടിക്കറ്റ് ടിക്കറ്റ് കീറാൻ നിൽക്കുന്നയാളാകണം'..പടവും കാണാം കൂലിയും കിട്ടും.

സിനിമാ പോസ്റ്റർ കാണാനുള്ള യാത്രകളായിരുന്നു ബാല്യകാലത്തെ വിനോദയാത്രകൾ. എടപ്പാളിലുള്ള തിയറ്ററുകളിലെ പോസ്റ്റർ കാണാൻ നാലഞ്ച് കിലോമീറ്റർ നടന്ന് പാലപ്രയിലെത്തണം. അല്ലെങ്കിൽ മൊതയങ്ങാടി. കൂടല്ലൂർ ശ്രീധറിലേത് ആലുഞ്ചോട്ടിൽ കുഞ്ഞുട്ടിക്കാെൻറ റേഷൻ പീടിക മതിലിലും. റേഷൻ കടയിലേക്കുള്ള യാത്രകളെല്ലാം അതുകൊണ്ട് അതീവ ഹൃദ്യവും. അമ്മവീടായ പൂക്കാട്ടിരിയിലേക്ക് പോകാനായി ബസ്സിൽ വളാഞ്ചേരിയിലെത്തിയപ്പോഴാണ് വളാഞ്ചേരി കാർത്തികയിലെ പടുകൂറ്റൻ പോസ്റ്റർ വിസ്മയം കാണുന്നത്. ഇതിനിടെ അച്ഛന് ശ്വാസംമുട്ട് കൂടിയതിനെ തുടർന്ന് തൃശൂർ മിഷൻ ആശുപത്രിയിൽ അഡ്മിറ്റായി. അവിടേക്കുള്ള യാത്രക്കിടയിലാണ് തൃശൂരിലെ തിയേറ്ററുകളും അവിടങ്ങളിലെ സിനിമ പോസ്റ്ററുകളും കാണാനായത്. അച്ഛൻ അസുഖമായി കിടക്കുന്നത് കൊണ്ടു മാത്രം ബസിന്‍റെ സൈഡ് സീറ്റിലിരുന്ന് റിലീസ് പടങ്ങളുടെ പോസ്റ്ററുകൾ കാണാനായതിലെ ഉത്കടമായ ആനന്ദം ഉള്ളിൽ തന്നെ സൂക്ഷിച്ചുവെന്നാണ് മുരളി കുറിക്കുന്നത്.

പോസ്റ്ററുകുളോടുള്ള ഈ പ്രണയം, ഭാവിയിൽ സിനിമാപോസ്റ്റർ ഒട്ടിപ്പുകാരനാകണമെന്ന മോഹത്തിലേക്കും അൽപകാലം മുരളിയെ തള്ളിയിട്ടു. അഛൻ മരിച്ചതിന് പിന്നാലെ ഭീകരമായ അനാഥത്വത്തിെൻറ നാളുകളാണ് മുരളിയെ കാത്തിരുന്നത്. മുട്ടായി വാങ്ങിക്കോ എന്ന് പത്ത് പൈസതരാൻ ആരുമില്ലാത്ത നാളുകൾ. ഉള്ള ഭക്ഷണം എട്ടു പാത്രങ്ങളിലായി പകുത്തുവെച്ച ദിവസങ്ങൾ. ഇൻർവെല്ലിന് മിഠായി കടയുടെ അടുത്ത് പോകാത്ത സ്്കൂൾ ദിനങ്ങൾ. ഇതിനിടയിലാണ് സ്കൂളിൽ സിനിമ കാണിക്കുന്നുവെന്ന അറിയിപ്പെത്തുന്നത്. ഒരു രൂപയാണ് ടിക്കറ്റ് ചാർജ്ജ്. ഒന്നുമാലോചിക്കാതെ മുരളിയും പേര് കൊടുത്തു. ഒാടി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ അമ്മ കൈമലർത്തി. കടയിൽ പോയി മിച്ചം പിടിക്കാമെന്ന് വെച്ചാൽ നടക്കില്ല. ബാക്കിയായി ഇങ്ങോെട്ടാന്നും കിട്ടാനില്ല. അങ്ങോട്ട് കൊടുക്കാനുള്ളതിെൻറ കണക്ക് കുറിച്ച് നിറഞ്ഞു കവിഞ്ഞ പറ്റുബുക്കുമായാണ് കടകളിൽ നിന്നുള്ള പതിവ് മടക്കങ്ങൾ. പക്ഷേ എങ്ങനെയൊക്കെയോ അഞ്ചും പത്തുമായി മിച്ചം പിടിച്ച് ഒരു രൂപ തികച്ചു. അതും ചോറ്റുപാത്രത്തിലിട്ട് കിലുക്കി സ്കൂളിലേക്ക് രാജകീയമായി പോയത് ഇന്നും മുരളിയുടെ മനസ്സിലുണ്ട്. അപ്പോഴും സിനിമ കാണുന്നതിനിടെ തിന്നാൻ കൊതിച്ച പുളിയച്ചാറും പുളിയിഞ്ചിയും അത്യാഗ്രഹമായി മനസ്സിൽ കെട്ടടക്കാനായിരുന്നു വിധി.


സിനിമ പുതച്ചുറങ്ങുന്ന നഗരത്തിലേക്ക്

ജീവിതത്തിലെ നിർണ്ണയാക സംഭവങ്ങളുടെ കാലഗണന മുരളിെയ സംബന്ധിച്ച് സിനിമകളുടെ റിലീസുകളായിരുന്നു. അതിനൊപ്പമാണ് മുരളി വളർന്നതും മുതിർന്നതും. സിനിമയാണ് മുരളിയുടെ മതം. പോസ്റ്ററുകളും മഞ്ഞക്കടലാസുകളുമായി മതശാസനകൾ. തിയറ്റുകൾ ആരാധനാലയങ്ങളും. കാലമാറ്റത്തിൽ മുരളിയുടെ വീട്ടിലും ഡിഷ് എത്തി. അൽപം സെറ്റിലായി എന്ന് കരുതുന്നതിനിടെ കാര്യങ്ങൾ തകിടം മറിഞ്ഞു. കടം കയറി വീട് ജപ്തി ചെയ്തതോടെ മറ്റൊരു നാട്ടിലേക്ക് കുടിയേറി. കണ്ണീരോടെയാണ് നസ്രാണിക്കുന്നിനോടും നാട്ടിടവഴികളോടും വിടപറഞ്ഞത്. എത്തിയ നാട്ടിലും വേരുറയ്ക്കാനായില്ല. മാറിമറിയുന്ന ക്ലൈമാക്സുകൾ പോലെ ജീവിതം പ്രതിസന്ധികളുടെ നടുക്കയത്തിൽ. അനിശ്ചിതത്വങ്ങളിലും ആശ്വാസമായി അപ്പോഴും സിനിമകളുണ്ടായിരുന്നു.

ബി.എഡ് പഠനത്തിനായാണ് തലസ്ഥാനത്തേക്ക് വണ്ടികയറിയത്. സിനിമ വാരിപ്പുതച്ച ഇൗ നഗരം ശരിക്കും മുരളിക്ക് വിരുന്നൊരുക്കുകയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാളുകളിൽ തിയറ്ററുകളിലേക്ക് ആളുകൾ കയറുന്നതും കണ്ട് കൊതിയോടെ കണ്ട് നിന്നിരുന്നു ഇൗ യുവാവ്. കഴുത്തിൽ മേളയുടെ ടാഗും തോളിൽ സഞ്ചിയും ന്യൂജൻ വസ്ത്രങ്ങളുമായി ചലച്ചിത്ര മേളക്കെത്തുന്നവർ. ടാക്കീസിനകത്തേക്ക് കടക്കാൻ ധൈര്യം തോന്നിയിരുന്നില്ല. മെലിഞ്ഞുണങ്ങിയ ശരീരം, അത്രമെച്ചമുള്ള വസ്ത്രങ്ങളുമല്ല. കയ്യിലാണേൽ പാസുമില്ല. നടക്കില്ലെന്ന് ഉറപ്പിച്ച് റോഡിലേക്ക് തന്നെ തിരികെ നടന്നു. മേളയുടെ അവസാന ദിവസം ഒരദ്ഭുതം നടന്നു. പരിചയക്കാരെൻറ പാസ് കിട്ടി. അതുമായി കണ്ണും മനസും നിറയെ പടം കണ്ടു.


അങ്ങനെ ഉപജീവനം തേടിയുള്ള ഒാട്ടപ്പാച്ചിലുകൾക്കിലെ മാധ്യമപ്രവർത്തകെൻറ കുപ്പായവുമണിഞ്ഞു. അങ്ങനെയാണ് സിനിമായെഴുത്തുകളും തുടങ്ങിയത്. ഇതിനിടെയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനായി ചലച്ചിത്ര മേള റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടുന്നത്. ഇൗ വഴിക്കാണ് ഇറാനിയൻ സിനിമാ ഇതിഹാസമായ മാജിദ് മജീദിയെ നേരിൽ കാണാനും കയ്യിൽ തൊടാനും ഭാഗ്യം സിദ്ധിച്ചതും അപകർഷത ബോധത്തോടെ പിന്തിരിഞ്ഞു നടന്ന ആ യുവാവിനെ അതേ േവദിയിലെ നിറഞ്ഞ സദസ്സ് ആരവത്തോടെ ആദരിക്കുന്നതിനും കാലം സാക്ഷിയായി.

അപ്പോഴും മുരളിയുടെ മനസ് നിറയെ കാഞ്ഞിരമരത്തിലെ ആ കാർഡ് ബോർഡിൽ ശ്രീകൃഷ്ണ ടാക്കീസിെൻറ പോസ്റ്ററൊട്ടിക്കാൻ ഇരുട്ടിൽ നടന്ന് പോകുന്ന കുട്ടിയായിരുന്നു. ചിൽട്രൻസ് ഒാഫ് ഹെവനിലെ അലിയുടെയും സഹ്റയുടെയും ബഹുവർണ്ണ പോസ്റ്ററായിരുന്നു കൈവെള്ളയിൽ മുറുകെ പിടിച്ചിരുന്നത്. ശ്രീകൃഷ്ണ തിയറ്റർ നിലനിന്ന നടുലേടത്ത് പറമ്പ് എന്ന വീടും നഷ്ടമായിട്ട് 18 വർഷാകുന്നു. അതിപ്പോഴും മുരളിയുടെ മനസ്സിലുണ്ട്. മേലഴിയവും നടുവിലേടത്ത് പറമ്പും രണ്ടും തന്‍റെ നഷ്ടങ്ങളാണ്. സ്വപ്നത്തിൽ ഒരു വീട് കാണുന്നുണ്ടെങ്കിൽ അത് നടുവിലേടത്ത് വീട് തന്നെയായിരിക്കുമെന്നും മുരളി ആവർത്തിക്കുന്നു.


Tags:    
News Summary - Autobiography of the movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.