പുതുതലമുറയിൽ സ്വീകാര്യർ ഏറെ -ഹരികുമാർ

മുഖ്യധാര വാണിജ്യ സിനിമകളോടൊപ്പം നിൽക്കുമ്പോഴും സിനിമകളെ സമീപിക്കുന്ന രീതികൾകൊണ്ട് സാമ്പ്രദായികമായ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും മാറ്റി നിർത്തി പുതു രീതികളെ സ്വീകാര്യമാക്കി ശ്രദ്ധേയനായ സംവിധായകനാണ് ഹരികുമാർ. സുകൃതം എന്ന സിനിമയുടെ വൻ സ്വീകാര്യതയോടെ തന്റെ പേര് ആ സിനിമയോട് ചേർത്ത് വെച്ച് അറിയപ്പെടാൻ തുടങ്ങിയ ചരിത്രമുണ്ട് ഹരികുമാറിന്. അതിന് മുമ്പും ശേഷവും സിനിമയെ വെറും ആസ്വാദ്യകരമായ ഒരു ഉൽപന്നം എന്നതിനപ്പുറം ഒരു കല എന്ന രീതിശാസ്ത്രത്തോടെ വഴി മാറി നടന്ന് ശ്രദ്ധേയത നിലനിർത്തിയ സംവിധായകനാണ് അദ്ദേഹം.

അതോടൊപ്പം ഒരു പക്ഷേ, ധനം ഏറ്റവും കൂടുതൽ ചെലവഴിക്കപ്പെടുന്ന ഒരു കല എന്ന ബോധ്യത്തോടെ അതിൻ്റെ വിജയ സാധ്യതാ ചേരുവകൾക്കും അതുവഴി നിർമാതാക്കളോട് നീതി പാലിക്കുന്നതിൽ നിഷ്കർഷ പുലർത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു. ഒപ്പം 'ജ്വാലാമുഖി'പോലുള്ള ഫെസ്റ്റിവൽ സിനിമകളെയും 'ക്ലിൻറ്' പോലുള്ള ബയോപിക് സിനിമകളെയും സമീപിക്കുകയും ചെയ്യുന്നു. സാഹിത്യകാരന്മാരുടെ സാധ്യതകൾ ഭംഗിയായി സിനിമയിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം.

പെരുമ്പടവം ശ്രീധരനെ ' കൊണ്ട് തിരക്കഥയെഴുതിച്ച ആദ്യ ചിത്രമായ 'ആമ്പൽപ്പൂവ്' മുതൽ 'സുകൃത'ത്തിൽ എം.ടി. വാസുദേവൻ നായർ, 'ക്ലിൻറി'ൽ കെ.വി. മോഹൻകുമാർ, 'ജ്വാലാമുഖി'യിൽ കവി പി.എൻ. ഗോപീകൃഷ്ണൻ, 'സദ്ഗമയ'യിൽ ശത്രുഘ്നൻ, 'കാറ്റും മഴയും' സിനിമയിൽ സന്തോഷ് ഏച്ചിക്കാനം തുടങ്ങി ഏറ്റവുമൊടുവിൽ എം. മുകുന്ദനെകൊണ്ട് തിരക്കഥയെഴുതിച്ച 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' വരെ എത്തി നിൽക്കുന്നു അദ്ദേഹത്തിന്റെ സിനിമയിലെ സാഹിത്യ സാന്നിധ്യം. 

? സിനിമയിലെത്തി 40 വർഷങ്ങൾക്കിപ്പുറവും സിനിമയെ സമീപിക്കുമ്പോൾ ന്യൂജൻ സിനിമ രീതിശാസ്ത്രത്തെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്?

ഞാൻ സിനിമയിലെത്തുന്ന '80കളിൽ പി.എൻ. മേനോൻ്റെ കാലത്തെ സിനിമകളിൽ ഞങ്ങൾ ന്യുജൻ ആയിരുന്നു. അന്ന് ഇത്തരം പദപ്രയോഗങ്ങളൊന്നുമില്ല എന്നേയുള്ളൂ. അന്ന് നിലനിന്നിരുന്ന സാമ്പ്രദായിക രീതികളെ മാറ്റിമറിച്ച് സിനിമകൾ ഒരുക്കുകയും അതിന് സ്വീകാര്യത ഉണ്ടാക്കുകയും ചെയ്തവരായിരുന്നു അന്നത്തെ ന്യുജൻ. അതിന് മുമ്പ് ഒരുപാട് സ്ട്രഗിൾ ചെയ്തത് മദ്രാസ് സിനിമ പ്രവർത്തകരാണ്. ഞാനൊന്നും മദ്രാസ് സിനിമയുടെ ഭാഗമല്ല.പിന്നീട് ഡിജിറ്റൽ സിനിമ വന്നു. ഇപ്പോഴത്തെ ന്യുജന്റെ സാധ്യതകൾ എന്തെന്നാൽ അന്നത്തെ അപേക്ഷിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാനും ചെയ്യാനുമവസരങ്ങളുണ്ട് എന്നതാണ്.

? സാഹിത്യ കൃതികളിലും സാഹിത്യകാരന്മാരിലും മുമ്പും താങ്കൾ സിനിമയുടെ സാധ്യതകൾ കണ്ടിരുന്നു. ആദ്യ സിനിമ 'ആമ്പൽപ്പൂ'വിന്റെ തിരക്കഥ തന്നെ സാഹിത്യകാരനായ പെരുമ്പടവം ശ്രീധരനെകൊണ്ട് എഴുതിക്കുകയായിരുന്നു. ഈ കാലത്തും സിനിമയെഴുത്തിൽ സാഹിത്യകാരന്മാർക്ക് പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്നതെന്തുകൊണ്ട്?

സാഹിത്യകാരന്മാരുടെ ഒരുപാട് കഥകൾ ഞാൻ സിനിമയാക്കുകയോ അവരെകൊണ്ട് തിരക്കഥയെഴുതിക്കുകയോ ചെയ്തിട്ടുണ്ട്. ആദ്യ സിനിമ ആമ്പൽപ്പൂവ് കൂടാതെ 1985ൽ ഞാൻ ഏകലവ്യൻ്റെ അയനം സിനിമയാക്കിയിരുന്നു. പിന്നെ 1987ൽ ഇറങ്ങിയ ജാലകം എന്ന സിനിമയുടെ തിരക്കഥ ബാലചന്ദ്രൻ ചുള്ളിക്കാടിനെകൊണ്ട് എഴുതിച്ചിരുന്നു. അങ്ങനെ ഒരുപാട് സാഹിത്യകാരന്മാരെയോ സാഹിത്യവുമായി ബന്ധമുള്ളവരെയോ എൻ്റെ സിനിമകളുമായി സഹകരിപ്പിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് എം.ടി. വാസുദേവൻ നായരുടെ 'സുകൃ'തമാണ്. ഏറ്റവുമൊടുവിൽ ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ എന്ന സിനിമക്ക് എം. മുകുന്ദനെകൊണ്ട് തിരക്കഥ എഴുതിച്ചത് ഞാനാണ്. അങ്ങനെ അവർക്ക് തിരക്കഥാരചനാ സാധ്യതയുണ്ടെന്ന എന്റെ തോന്നലുകളാണ് എന്നെ അവരിലെത്തിച്ചത്. ഇപ്പോഴും അവരിലെത്തിക്കുന്നത്.

? ഒരു സാഹിത്യകാരനെ തിരക്കഥയിലേക്ക് തിരിക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്?

സിനിമയുടെ തിരക്കഥയെഴുത്തിൽ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് തിരക്കഥയെഴുത്തിൽ ഒരു സംഘർഷമുണ്ട്. സ്മൂത്തായി രചനകൾ നടത്തുന്ന ഒരു സാഹിത്യകാരന് ആ സംഘർഷം ഉൾകൊള്ളാനാകണമെന്നില്ല. മറ്റൊന്ന് രണ്ടാമതൊരാളായ സംവിധായകൻ്റെ ഇടപെടൽ അംഗീകരിക്കാൻ സാഹിത്യകാരന് കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാട്, മുകുന്ദനെ പോലുള്ളവർ ഞാൻ സിനിമയിലെത്തുന്നതിന് മുമ്പേ സാഹിത്യത്തിലെത്തിയതിനാലും അവരുമായി സൗഹൃദങ്ങളുള്ളതിനാലും എൻ്റെ സിനിമകൾ അവർക്ക് മനസ്സിലാകുന്നതാണെന്നതിനാലും ഞാൻ അവർക്ക് സ്വീകാര്യനാണ്. എൻ്റെ സിനിമകൾക്ക് ശേഷം ചുള്ളിക്കാട് പിന്നെ എഴുതിയിട്ടില്ല. കാരണം അദ്ദേഹമെന്നോട് പറഞ്ഞത്: 'നമ്മൾ തമ്മിലുള്ളതുപോലൊരു ഐക്യം മറ്റുള്ളവരുമായി സാധ്യമല്ല. കാരണം എനിക്ക് സംഘർഷം പറ്റില്ല. അതിനാൽ പിന്നീട് തിരക്കഥയെഴുത്തിനായി പലരുമായി ചർച്ച നടത്തിയെങ്കിലും ചർച്ചക്കിടെ തന്നെ വേണ്ടെന്ന് വെക്കുകയാണുണ്ടായത്' എന്നാണ്. മുകുന്ദനും അങ്ങനെ തന്നെ. അവരൊക്കെ ഒരുപാട് ആരാധകരുള്ള എഴുത്തുകാരാണ്.

? സാഹിത്യകാരനെ തിരക്കഥാരചനയുമായി സിനിമയിൽ സഹകരിപ്പിക്കുമ്പോൾ ഉള്ള സാധ്യതയും പരിമിതിയും എന്താണ്?

സിനിമയിൽ സാങ്കേതികമായ ഇടപെടൽ കൂടുതലാണ്. അതിൻ്റെ പരിമിതികളിൽ നിന്ന് വേണം തിരക്കഥ രചനയെ സമീപിക്കാൻ. സാഹിത്യത്തെ ചലച്ചിത്രമാക്കുമ്പോൾ മാത്രമല്ല, അല്ലെങ്കിലും തിരക്കഥാരചനയെ സമീപിക്കാൻ ഈ പരിമിതികളറിഞ്ഞു വേണം. ഒരു സാഹിത്യരചന ഞാൻ സിനിമയാക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. കാരണം ഇതെൻ്റെ സിനിമയാണ്. അതിന് വേണ്ട കഥ വേറൊരാളിൽ നിന്ന് ഞാൻ സ്വീകരിക്കുന്നു എന്ന് മാത്രം. സാമ്പത്തികവും ഇതിൽ ഒരു ഘടകമാണ്. എന്നെ വിശ്വസിച്ചാണ് ഒരു നിർമാതാവ് പണം മുടക്കുന്നത്. ഒരു കഥയെഴുതുന്ന ആൾക്ക് അല്ലെങ്കിൽ കവിതയെഴുതുന്നയാൾക്ക് അതെഴുതിയാൽ മതി. അത് പ്രസിദ്ധീകരിക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ഒരു നോവൽ എഴുതുന്ന ആൾക്കും ആരോടും ചോദിക്കണമെന്നില്ല. എന്നാൽ സിനിമ ഒരുപാട് കാര്യങ്ങളാൽ ചുറ്റിവരിഞ്ഞ് നിൽക്കുന്നതാണ്. എല്ലാവർക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. സാഹിത്യകാരന്മാർ സിനിമയിലെത്തി പരാജയപ്പെടുന്നതിന് ഒരു കാരണമതാകാം. സാഹിത്യത്തിൽ നിന്ന് സിനിമയിലെത്തി നിന്ന രണ്ട് പേരെ നമുക്കുണ്ടായിട്ടുള്ളൂ. ഒന്ന് എം.ടി. വാസുദേവൻ നായരും മറ്റൊന്ന് പത്മരാജനും. ബാക്കി അധികം പേരും വന്ന് പരാജയപ്പെട്ടവരാണ്.സി. രാധാകൃഷ്ണൻ, കാക്കനാടൻ തുടങ്ങിയവരൊക്കെ പരാജിതരാണ്.

? പലപ്പോഴും തിരക്കഥാരചനയുടെ വഴികൾക്കിടെ തിരക്കഥാകൃത്തുക്കൾ സംവിധാനത്തിലേക്ക് മാറിച്ചിന്തിക്കുന്നതിന് നേരത്തെ പറഞ്ഞ സംഘർഷങ്ങൾ കാരണമാകുന്നുണ്ടോ?

അതല്ല. എഴുത്തിൻ്റെ സംഘർഷം സംവിധാനത്തിനില്ലെന്ന ഒരു തോന്നൽ അവർക്കുണ്ട്. അത്തരം ചിന്തകളോടെയാണ് അവർ സംവിധാനത്തിലെത്തുന്നത്. ലോഹിതദാസിനെ പോലുള്ളവർക്ക് എന്നാൽ തിരക്കഥയെഴുതി സിനിമയാക്കി ശ്രദ്ധേയമായത്ര പേര് സംവിധാനത്തിലെത്തിയപ്പോൾ ഇല്ല. പലർക്കുമില്ല. പത്മരാജനു പോലും ഇല്ലെന്ന് വേണം പറയാൻ. പത്മരാജൻ എന്ന തിരക്കഥാകൃത്തിനെ നമ്മൾ ആരാധിക്കും. അദ്ദേഹത്തിൻ്റെ തിരക്കഥകൾ പഠിക്കുമ്പോൾ വലിയ മാനങ്ങളുള്ളതായി കാണാൻ കഴിയും. തിരക്കഥാകൃത്തെന്ന നിലയിൽ പത്മരാജൻ ഏറ്റവും നല്ല തിരക്കഥാകൃത്താണ്. എന്നാൽ സംവിധായകനെ അത്രക്കിഷ്ടപ്പെടില്ല.

? സാഹിത്യകാരന്മാരുടെ പല നല്ല കഥകളും ചില സംവിധായകർ മനസ്സിലാക്കപ്പെടുന്നിടത്തുള്ള പരിമിതികളിൽ പരാജയപ്പെടുന്ന അനുഭവങ്ങളുമില്ലേ?

ചില സംവിധായകരുടെ കുഴപ്പത്താൽ തിരക്കഥ പരാജയപ്പെട്ടതുമുണ്ട്. അതിനുദാഹരണമാണ് എം.ടി.യുടെ വാനപ്രസ്ഥം. അത് നല്ലൊരു കഥയാണ്. പക്ഷേ, സിനിമയാക്കാൻ ശ്രമിച്ചപ്പോൾ എങ്ങുമെത്താതെ പോയി. പല തിരക്കഥകളും സംവിധായകന് മനസ്സിലാക്കാൻ പറ്റാതെയാവുമ്പോൾ അങ്ങനെ സംഭവിക്കാം.

? താങ്കളുടെ സിനിമ ജീവിതത്തിൽ താങ്കൾക്ക് സുകൃതമായിത്തീർന്ന 'സുകൃതം' എന്ന സിനിമയിൽ എത്തിപ്പെടുന്നത് എങ്ങനെയാണ്?

സുകൃതം മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന എം.ടി. വാസുദേവൻ നായരുടെ ഒരു കഥയായിരുന്നു. ആ കഥയുടെ ഹെഡിങ് സിനിമയുമായി എം.ടിയെ സമീപിച്ചപ്പോൾ വാങ്ങുകയായിരുന്നു. പിന്നീട് എം.ടി.യുമായി ചർച്ച ചെയ്താണ് അതിൻ്റെ തിരക്കഥയെഴുതി തരുന്നത്. 'സുകൃതം' എം.ടി. മനോഹരമായി എഴുതി. അത് ഫീൽ ചെയ്യിക്കുക സംവിധായകൻ്റെ കഴിവാണ്. അതു മാത്രമാണ് ഞാൻ ചെയ്തത്. ശ്രദ്ധേയമായപ്പോൾ ആ സിനിമയുടെ പേരിലാണ് ഞാൻ പിന്നീട് അറിയപ്പെടുന്നത്. ഇത്രയധികം അംഗീകാരങ്ങൾ നേടിത്തന്നത് സുകൃതമാണ്. ദേശീയ അവാർഡുകളടക്കം 42 അവാർഡുകൾ കിട്ടിയിട്ടുണ്ട്. സിനിമ അക്കാലത്ത് ഭയങ്കരമായി ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

? താങ്കൾ ചെയ്ത സിനിമകളിൽ മറ്റൊരു വ്യത്യസ്ത ചിത്രമായിരുന്നല്ലോ 'ക്ലിൻ്റ്'. ഒരു ബയോപിക് ചിത്രമെന്ന് പറയാവുന്ന ക്ലിൻറിലെത്തിപ്പെടുന്നത് എങ്ങനെയാണ്?

ക്ലിൻറിനെ കുറിച്ച് ഒരു പാട്‌ കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും സിനിമയാക്കാൻ തോന്നിയിരുന്നില്ല. ഒരു ഇംഗ്ലീഷ് പുസ്തകം വായിച്ചപ്പോഴാണ് ഒരു സ്പാർക്ക് ലഭിച്ചത്. ഉടൻ ക്ലിൻറിൻ്റെ മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു. അവർ അനുകൂലമായി പ്രതികരിച്ചു. അങ്ങനെയാണ് ആ സിനിമയിലെത്തിപ്പെടുന്നത്.

? താങ്കൾ ദേശീയ തലത്തിൽ മൂന്ന് തവണ അവാർഡ് കമ്മിറ്റിയിൽ അംഗമായിരുന്നു. മറ്റ് ഒരുപാട് അവാർഡ് സമിതികളിലും അംഗമായിരുന്നിട്ടുണ്ട്. ഒരു സിനിമയെ അവാർഡുമായി സമീപിക്കുന്ന രീതിയെങ്ങനെയാണ്? മലയാള സിനിമകളെ കൂടുതൽ ശ്രദ്ധേയമാക്കാൻ താങ്കളുടെ സാന്നിധ്യം കൊണ്ടായിരുന്നോ?

എന്നെ അവാർഡ് കമ്മിറ്റിയിൽ അംഗമാക്കുന്നത് മലയാള സിനിമയെ പ്രമോട്ട് ചെയ്യാനല്ല. എല്ലാ ഭാഷകളിലുമുള്ള സിനിമകളെയും മികച്ചത് എന്ന രീതിയിൽ പരിഗണിക്കേണ്ടി വരും. സിനിമകളുടെ കൂട്ടത്തിൽ മലയാള സിനിമകളുമുണ്ടാകും. ആ ജൂറിക്ക് ബോധ്യപ്പെടുന്ന സിനിമകൾക്കാണ് അവാർഡ് നൽകുക. മികച്ചതിന്റെ പരിഗണനയിൽ മലയാള സിനിമയും എത്തുമ്പോൾ പരിഗണിക്കുന്നുവെന്ന് മാത്രം. തെരഞ്ഞെടുപ്പ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പിന്നെ മലയാളത്തെ മനസ്സിലാകാത്ത സന്ദർഭത്തിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ ബോധ്യപ്പെട്ട സാഹചര്യങ്ങളും ബോധ്യപ്പെടാതെ പോയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ഒരിക്കൽ മമ്മൂട്ടിക്ക് ദേശീയ അവാർഡ് നൽകുന്നതിനെ ഞാൻ നിർദേശിച്ചു. മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളുണ്ടായിരുന്നു അന്ന്. പഴശ്ശിരാജയും പാലേരി മാണിക്യവും. മമ്മൂട്ടിയുടെ അഭിനയം എല്ലാവർക്കുമിഷ്ടപ്പെട്ടു. അമിതാബച്ചൻ്റെ 'പാ' എന്ന ചിത്രവുമുണ്ടായിരുന്നു. എന്നാൽ ജൂറിമാരിൽ കൂടുതൽ പേർ അതിനാണ് മുൻഗണന കൊടുത്തത്. അങ്ങനെ അമിതാബച്ചന് നൽകി ദേശീയ അവാർഡ്.

? ഒരു ഭാഷയെ പ്രതിനിധീകരിക്കാൻ ഒരു ജൂറി ഇല്ലാതാകുമ്പോൾ ആ ഭാഷക്ക് അവാർഡുകൾ ലഭിക്കാതെ പോകാനുള്ള സാധ്യതകളുണ്ടോ?

അങ്ങനെയുള്ള പാർഷ്വാലിറ്റികളൊന്നുമില്ല. എന്നാൽ ഒരാളുണ്ടാവുകയെന്നത് നല്ലതാണ്. പ്രത്യേകിച്ച് മലയാളത്തിൽ. കാരണം മലയാളത്തിൽ നിന്നാണ് അവിടെ കൂടുതൽ സിനിമകൾ വരുന്നത്. ബംഗാളിൽ നിന്നും മറാട്ടിയിൽ നിന്നും ഹിന്ദിയിൽ നിന്നും നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. 2021 വ തിരുവനന്തപുരത്ത് നടന്ന ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമ സെലക്റ്റ് ചെയ്ത കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഞാൻ. മുൻ വർഷമിറങ്ങിയ 97 സിനിമകൾ കണ്ടു. 63 എണ്ണം പുതിയ സംവിധായകരുടേതായിരുന്നു. അതിൽ ചിലരെങ്കിലും നമുക്ക് പ്രതീക്ഷ നൽകുന്നവരുണ്ട്. മാത്രമല്ല പുതിയ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ചില കുട്ടികളുണ്ടായിരുന്നു അതിൽ. അത്തരം സിനിമകൾ സെലക്റ്റ് ചെയ്യണമെന്നൊരു തീരുമാനം ഞങ്ങളെടുത്തിരുന്നു. ഒരു പക്ഷേ, ആദ്യകാഴ്ചയിൽ അത്തരം സിനിമകൾ എന്തിന് സെലക്റ്റ് ചെയ്തു എന്ന് ഫെസ്റ്റിവൽ കാണാൻ വരുന്നവർക്ക് തോന്നിയേക്കാം. എക്കാലത്തും അങ്ങനെയുണ്ടാകാം. ആധുനിക നോവൽ ഒക്കെ ഉണ്ടായപ്പോൾ പലരും തെറി പറഞ്ഞിരുന്നു. ഭാവിയിൽ അത് മാറി. പുതു സിനിമകൾക്കും അങ്ങനെ സംഭവിക്കാം എന്ന കാഴ്ചയിലാണ് അത്തരം സിനിമകൾ സെലക്റ്റ് ചെയ്തത്.

? മലയാളത്തെ അപേക്ഷിച്ച് തമിഴിൽ ഇപ്പോൾ മുഖ്യധാര വാണിജ്യ സിനിമകളിൽ പോലും പ്രാന്തവൽകരിക്കപ്പെട്ട കീഴാള ജനതയെ പിന്തുണക്കുന്ന ജയ് ഭീം പോലുള്ള സിനിമകൾ നിർമിക്കെ‌പ്പെടുകയും വിജയമാക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ?

എന്നാലും തമിഴ് സിനിമ നമ്മളൊപ്പം ഓടിയാലെത്തില്ലെന്നാണ് എൻ്റെ അഭിപ്രായം. ഒരിക്കൽ അവാർഡ് കമ്മിറ്റി ചെയർമാനായിരിക്കെ ഭാരതിരാജ അഭിമാനത്തോടെയും നിരാശയോടെയും എന്നോട് പറഞ്ഞത് മലയാള സിനിമ പോലത്തെ സിനിമകൾ തമിഴിൽ തന്റെ ജീവിതകാലത്ത് ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നാണ്. പക്ഷേ, ഇപ്പോൾ ഉണ്ടാകുന്നുണ്ട്. ഓസ്കാറന്റെ കാലത്ത് ഞാൻ ഒരു തമിഴ് സിനിമ കണ്ടു. അത് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന സിനിമയായിരുന്നു.

? ഇക്കാലത്തും ഒരു സാഹിത്യ കൃതിക്ക് സിനിമാ സാധ്യതകളുണ്ടെന്ന് വിശ്വസിക്കുന്നതുകൊണ്ടാണോ എം. മുകുന്ദൻ്റെ 'ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ' എന്ന കഥയെ സെല്ലുലോയ്ഡിലേക്ക് പരാവർത്തനം ചെയ്തത്?

മാതൃഭൂമിയിൽ വന്ന ആ കഥ വായിച്ചപ്പോൾ സമകാലീന സംഭവങ്ങളുമായി സാമ്യതകളുണ്ടെന്ന് തോന്നി. കഥയിലെ രാധിക എന്ന പെൺകുട്ടിയുടെ ജീവിത പരിസരം. അവൾ അതിനെ നേരിടുന്ന രീതി. ഒക്കെ ഒരു സിനിമാ സാധ്യതയെ കാഴ്ചയാക്കി. മുകുന്ദനെ സുകൃതം സിനിമയുടെ പ്രദർശന കാലത്തേ പരിചയമുണ്ട്. ഡൽഹിയിൽ അതിൻ്റെ പ്രിവ്യൂ പ്രദർശനത്തിന് ശേഷം എം ടി. വാസുദേവൻ നായരാണ് മുകുന്ദനെ പരിചയപ്പെടുത്തിയത്. ആ പരിചയം തുടരുന്നുണ്ടായിരുന്നു. അങ്ങനെ മുകുന്ദനെ സമീപിച്ചു. അപ്പോൾ ഇതേ സിനിമാ സമീപനങ്ങളുമായി വേറെ ചിലരും എത്തപ്പെട്ടിരുന്നുവെന്ന് അറിഞ്ഞു. പിന്നീട് എന്നെ സമ്മതിച്ചപ്പോൾ ചർച്ചയുടെ ഒരു ഘട്ടത്തിൽ തിരക്കഥാരചനക്ക് മുകുന്ദനെ നിർബന്ധിച്ചത് ഞാൻ തന്നെയാണ്. തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയം എടുത്തു. ഏകദേശം മൂന്ന് മാസത്തോളം. അതിന് പുറമെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഫോണിലൂടെയും അല്ലാതെയും നടത്തിയിരുന്നു. മൂന്ന് വര്‍ഷത്തോളമായിരുന്നു സിനിമയുടെ ഒരുക്കങ്ങൾ തുടങ്ങിയിട്ട്.അതൊരു പെൺപക്ഷ സിനിമയാണ്.

? 'ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ' എം. മുകുന്ദൻ എന്ന ഏറെ ആരാധകരുള്ള സാഹിത്യകാരൻ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയിൽ ഗുണപ്പെട്ടത് എന്തെല്ലാമായിരുന്നു?

നേരത്തെ പറഞ്ഞ ഒരു പരീക്ഷണ സിനിമയല്ല 'ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ'. ജനങ്ങൾ ഇഷ്ടപ്പെടുന്ന സിനിമയാണ്. അതിന് മുമ്പ് ചെയ്ത 'ജ്വാലാമുഖി' ഒരു ഫെസ്റ്റിവൽ സിനിമയായിരുന്നു. ഏഴെട്ട് ഫെസ്റ്റിവലിന് പോയിക്കഴിഞ്ഞു. അത് തിയറ്ററിൽ ഓടുമെന്ന് ഉറപ്പ് പറയാൻ പറ്റാത്ത സിനിമയാണ്. നമ്മൾ ഓരോ സിനിമയിലെയും വിഷയത്തെ സമീപിക്കുന്ന രീതിയനുസരിച്ച് ഇരിക്കും. ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ ആളുകളെ രസിപ്പിക്കുന്ന സിനിമയാണ്. അതോടൊപ്പം ഒരു സ്ത്രീപക്ഷ സിനിമ കൂടിയാണ് അത്. സ്ത്രീയുടെ ഭയങ്കര പോരാട്ടത്തിൻ്റെ കഥയാണ്. ഒരു ഹിസ്റ്റോറിക്കൽ ടച്ചും ഉണ്ട്. സുരാജിനെ പോലെ പറ്റിയ ആർട്ടിസ്റ്റിനെയും കിട്ടി. സുരാജിനോട് കഥ പറയുന്നത് 2019 അവസാനത്തിലാണ്. കഥാപാത്രം ഒട്ടും ഹീറോയിസം ഇല്ലാത്ത ആളാണ്. ഒരു ഹീറോ ഇമേജ് ഉള്ള വ്യക്തിയെ ആ കഥാപാത്രത്തിന് പറ്റില്ല. വളരെ അലസനായ കഥാപാത്രമാണ്. ഓട്ടോറിക്ഷക്ക് ഓട്ടം കിട്ടുമ്പോൾ എങ്ങനെ ഓടാതിരിക്കാം എന്ന് ചിന്തിക്കുന്നവനാണ്. അപ്പോ അങ്ങനെ ഒരു കഥാപാത്രം ഒരു ഹീറോ പരിവേഷമുള്ള അഭിനേതാവിനെ വെച്ച് ചെയ്താല്‍ വിശ്വസിനീയമാവില്ല.സുരാജ് ഇത്രക്കും സ്റ്റാർ പദവിയിലേക്ക് മാറുന്നതിന് മുമ്പാണ് ഇതിലേക്ക് കാസ്റ്റ് ചെയ്തത്. വേറെ പലരും ആ കഥാപാത്രം ചെയ്യാൻ തയാറായിരുന്നു. എന്നാൽ സുരാജാണ് പറ്റിയതെന്ന് ഞാൻ കണ്ടെത്തുകയായിരുന്നു. അങ്ങനെ അലസനും മടിയനുമായ നായകനിലേക്ക് ഒരു പെൺകുട്ടിയെത്തുമ്പോൾ ഉണ്ടാകുന്ന ' മാറ്റമാണ് അതിൻ്റെ കഥ. ആ മാറ്റം ദൃഢമാണ്. മാറാൻ നിർബന്ധിതമാകുന്നതാണ്. പിന്നെ ഫ്രഞ്ച് ഭൂമികയും അതിൽ വരുന്നുണ്ട്. ഫ്രഞ്ച് പട്ടാളത്തിലുള്ള ഫ്രഞ്ച് വാസു എന്ന് പറയുന്ന ഒരമ്മാവനുണ്ട്. ഒരു ഫ്രഞ്ച് സ്കൂളുണ്ട്. അതൊക്കെ പക്ഷേ, കഥയിലുള്ളതല്ല. വികസിത രൂപങ്ങളാണ്. അതിലെ രാധികയെന്ന കഥാപാത്രം ജീവിതാനുഭവങ്ങളിലൂടെ സ്വയം ശക്തി ആർജിച്ചെടുക്കുന്ന കഥാപാത്രമാണ്.

? മലയാളത്തിലെ പുതു രീതികളെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? അവരിൽ എത്രത്തോളം പ്രതീക്ഷകളുണ്ട്?

ഇപ്പോൾ മലയാളത്തിൽ ധാരാളം നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. പുതിയ കാഴ്ചപ്പാടോടെയും പരീക്ഷണാടിസ്ഥാനത്തിലും മറ്റും നല്ല മലയാള സിനിമകൾ നിർമിക്കപ്പെടുന്നുണ്ട്. അവയിൽ ചിലത് ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലുകളിൽ വരെ ശ്രദ്ധേയമാകുന്നുണ്ട്. പുതുതലമുറ ലോകസിനിമകൾ ധാരാളം കാണുകയും പുതിയ സങ്കൽപങ്ങളിൽ പരീക്ഷണങ്ങൾ നടത്താൻ തയാറാവുകയും ചെയ്യുന്നുണ്ട്. അവരിൽ പ്രതീക്ഷകളുണ്ട്.

Tags:    
News Summary - Late directer Harikumar Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.