'2018'നായി ഒന്നര ഏക്കറിൽ ടാങ്ക് കെട്ടി -എഴുത്തുകാരൻ അഖിൽ പി. ധർമ്മജൻ സംസാരിക്കുന്നു...

പതിനേഴാമത്തെ വയസ്സിൽ നോവൽ എഴുതി അതിന്‍റെ പ്രസാധനവും വിതരണവും ഏറ്റെടുത്ത് ഇന്ന് മുൻനിര എഴുത്തുകാരുടെ നിരയിലേക്ക് കയറി വന്ന വ്യക്തിയാണ് അഖിൽ പി. ധർമ്മജൻ. ഓജോബോർഡ്, മെർക്കുറി ഐലൻഡ്, റാം കെയർ ഓഫ് ആനന്ദി എന്നീ പുസ്തകങ്ങളിലൂടെ ഏറെ വായനക്കാരെ സൃഷ്ടിച്ച അഖിൽ, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പുറത്തു വരാനിരിക്കുന്ന '2018' എന്ന സിനിമയുടെ തിരക്കഥ പങ്കാളി കൂടിയാണ്. സിനിമയെയും എഴുത്തു ജീവിതത്തെയും കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നു അഖിൽ പി. ധർമ്മജൻ...

തിരക്കഥ പങ്കാളിയായ 2018

ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകനുമായി വർഷങ്ങളുടെ ബന്ധമുണ്ടെനിക്ക്. ഓജോബോർഡ് ബുക്ക് ഇറങ്ങിയ കാലത്ത് ആ പുസ്തകം വാങ്ങാൻ വേണ്ടിയാണ് ജൂഡ് ചേട്ടൻ ആദ്യമായെന്നെ വിളിക്കുന്നത്. അന്ന് വിളിച്ചതിൽ പിന്നെ വളരെ എളുപ്പത്തിൽ ഞങ്ങൾ സൗഹൃദത്തിലാവുകയും ചെയ്തു. അത്ര നല്ലൊരു ബന്ധം ഞങ്ങൾക്കിടയിൽ നിലനിൽക്കുമ്പോൾ തന്നെയാണ് പ്രളയമൊക്കെ സംഭവിക്കുന്നതും അദ്ദേഹം '2018' അനൗൺസ് ചെയ്യുന്നതും. ആ സമയത്ത് ഞാൻ ചെന്നൈയിൽ റാം കെയർ ഓഫ് ആനന്ദി എന്ന നോവൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. നോവൽ ഒരു പകുതി ഘട്ടമൊക്കെ എത്തിയ സമയത്താണ് ജൂഡ് ചേട്ടൻ എന്നെ വർക്കിലേക്ക് വിളിക്കുന്നത്. ആലുവ ഫ്ലാറ്റിൽ വെച്ചായിരുന്നു ഡിസ്‌കഷൻ. കഥ കേട്ട ഞാൻ ഞെട്ടി. കാരണം മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ചെയ്തെടുക്കുക എന്നത് എത്രത്തോളം പോസിബിളാണെന്ന കാര്യത്തിലെനിക്ക് സംശയമുണ്ടായിരുന്നു. പ്രളയം, വെള്ളപ്പൊക്കം അതൊക്കെ എങ്ങനെ ക്രിയേറ്റ് ചെയ്യുമെന്ന കാര്യത്തിൽ സംശയം വന്നപ്പോൾ അദ്ദേഹം പറഞ്ഞു, ടൈറ്റാനിക് സിനിമയ്ക്ക് കടൽ സെറ്റിട്ട പോലെ നമുക്ക് സെറ്റിടാമെന്ന്. സംവിധായകന്റെ അത്തരമൊരു ആത്മവിശ്വാസം കൊണ്ട് തന്നെയാണ് തിരക്കഥ പങ്കാളിയായി ഞാൻ ഇതിലേക്ക് വരുന്നതും.

Full View

ആശങ്കകൾ നിറഞ്ഞ 2018

സിനിമയുടെ ചർച്ചകൾ നടക്കുമ്പോൾ പോലും ഏറ്റവും വലിയ ആശങ്ക ആർട്ടിസ്റ്റുകളുടെ ഡേറ്റിന്റെ കാര്യത്തിലായിരുന്നു. കാരണം അത്രത്തോളം താരങ്ങളുണ്ട് ഈ സിനിമയിൽ. അതുകൊണ്ടുതന്നെ സിനിമയുടെ ഷൂട്ടൊക്കെ അത്യാവശ്യം നീളമെന്ന് അറിയാമായിരുന്നു. സിനിമ സ്റ്റാർട്ട് ചെയ്തുവെങ്കിലും കോവിഡ് കാരണം ഷൂട്ട് നിന്നു പോയിരുന്നു. അതുകൂടി ആയപ്പോൾ ആർട്ടിസ്റ്റുകളുടെ ഡേറ്റുകളുടെ കാര്യത്തിൽ കുറെ മാറ്റം സംഭവിച്ചു. ഒന്നുരണ്ട് വർഷത്തോളമാണ് ഷൂട്ട് മുടങ്ങിയത്. ഒരുപക്ഷേ ഈ സിനിമ നിന്നുപോകുമെന്ന് പോലും ആശങ്കയുണ്ടായിരുന്ന ഒരു സമയമായിരുന്നു അത്. കോവിഡ് കാരണം അധികം ജൂനിയർ ആർട്ടിസ്റ്റുകൾ പാടില്ല, ഷൂട്ടിന് നിയന്ത്രണം, വെള്ളത്തിൽ ഇറങ്ങി ഷൂട്ട് ചെയ്യുമ്പോൾ പോലും കോവിഡ് പടരും എന്നുള്ള ആശങ്കയൊക്കെ കാരണം ഷൂട്ട് തുടങ്ങാൻ ഒരുപാട് നീണ്ടു. ഇതാണെങ്കിൽ ഒ.ടി.ടി സിനിമയായി ഒതുക്കാൻ പറ്റിയതുമല്ല. മൊത്തത്തിൽ ജൂഡ് ചേട്ടൻ ആ സമയത്ത് നല്ല വിഷമത്തിലായിരുന്നു. പക്ഷെ ആ സിനിമ ചെയ്യണമെന്നും, ഒരുതരത്തിലും സിനിമ നിർത്തിവെയ്ക്കാൻ പാടില്ലെന്നുമുള്ള നിശ്ചയദാർഢ്യം സംവിധായകന് ഉള്ളതുകൊണ്ടാണ് ഇത്രയൊക്കെ പ്രതിസന്ധിയെ മറികടന്ന് ആ സിനിമ മുൻപോട്ട് വന്നത്.

നിസാരമല്ലാത്ത ചിത്രീകരണം

'2018'ന്റെ ഷൂട്ട് അധികവും രാത്രിയായിരുന്നു. കഴുത്തറ്റം വെള്ളത്തിലൊക്കെ മുങ്ങിക്കിടന്നാണ് ടെക്നീഷ്യൻസ് പോലും വർക്ക് ചെയ്തത്. ചായ കൊടുക്കുന്ന ആൾ ആണെങ്കിൽ പോലും അയാൾ ചായയൊക്കെ തലയിൽ വെച്ച് വെള്ളത്തിലൂടെ നീന്തി വന്നു മറ്റുള്ളവർക്ക് കൊടുക്കേണ്ട അവസ്ഥയായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ പൂളിലൂടെ പാമ്പൊക്കെ ഇഴഞ്ഞു പോകുന്നത് കാണാൻ പറ്റുമായിരുന്നു. മേക്കിങ് വീഡിയോ എന്നൊരു സെക്ഷൻ തന്നെ പ്രത്യേകം എടുത്തിരുന്നു. അതിനി സിനിമ റിലീസ് ചെയ്ത ശേഷം പുറത്തിറങ്ങും. ഒന്നര ഏക്കർ സ്ഥലത്തായിരുന്നു സിനിമയ്ക്ക് ആവശ്യമായ ടാങ്ക് കെട്ടിയിരുന്നത്. അതൊക്കെ വലിയൊരു തിയറ്റർ എക്സ്പീരിയൻസ് നൽകുമെന്ന് ഉറപ്പാണ്.

ഡിപ്ലോമ ഇൻ ഫിലിം മേക്കിങ് പഠനത്തിലൂടെ സിനിമയിലേക്ക്

ചെന്നൈയിലായിരുന്നു എന്റെ ഫിലിം പഠനം. സിനിമ പണ്ടുമുതലേ മനസ്സിലുള്ള ആഗ്രഹമാണ്. പക്ഷേ എന്റെ മെയിൻ ഫോക്കസ് എഴുത്താണ്. പതിനഞ്ചു വയസ്സ് മുതലേ സിനിമ ട്രൈ ചെയ്യുമായിരുന്നു. അക്കാലത്തൊക്കെ ആളുകൾ അസിസ്റ്റന്റ് ആക്കാം എന്നൊക്കെ പറഞ്ഞു നമ്മുടെ കൈയിൽ നിന്ന് പൈസയൊക്കെ വാങ്ങി പറ്റിച്ചിട്ടുണ്ട്. അത്തരം ഒരുപാട് പറ്റിക്കലുകൾ കാരണം സിനിമ തന്നെ വെറുത്തുപോയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മുടെ ആഗ്രഹം പോലെ സിനിമയിലെത്തി. അതിന് ജൂഡ് ചേട്ടൻ നിമിത്തമായി. ഡ് ചേട്ടനോടൊപ്പം തന്നെ ഞാൻ നിരവധി പരസ്യങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട്. അതോടൊപ്പം കൂട്ടുകാരുടെ കൂടെ ആലപ്പുഴയിലും കെ.എസ്എഫ്.ഇയുടെയും ഒക്കെയായി വർക്കുകൾ ചെയ്യുമായിരുന്നു. പിന്നെ ചെന്നൈയിൽ നിൽക്കുമ്പോൾ ചെറിയ കടകളുടെ പരസ്യം ചെയ്യുമായിരുന്നു.


കഥ പറയാനിഷ്ടം

കഥ പറച്ചിൽ എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. കുട്ടിക്കാലത്ത് ഞാൻ മറ്റുള്ളവരോട് കഥകൾ പറയുമായിരുന്നു. ആ കാലത്ത് പുസ്തകങ്ങൾ വായിക്കുന്ന ശീലം ഒന്നുമില്ല. സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ ഒരുപാട് പേർ കഥകൾ കേൾക്കാൻ വന്നപ്പോൾ എന്നാപ്പിന്നെ എഴുതി നോക്കാം എന്ന് വിചാരിച്ചു. പിന്നീട് ആ പുസ്തകം

സ്കൂളിൽ മൊത്തം വായിക്കാൻ തുടങ്ങി. അപ്പോഴും നമ്മൾ എഴുതുന്നത് കഥയാണ് എന്നൊന്നും അറിയില്ല. അതിനുശേഷമാണ് വായനശാലയിൽ മെമ്പർഷിപ്പ് എടുക്കുന്നതും വായന തുടങ്ങുന്നതും ഒക്കെ. പക്ഷേ അപ്പോഴും എനിക്ക് എന്റേതായ രീതിയിൽ എന്തെങ്കിലും എഴുതണമെന്നായിരുന്നു ആഗ്രഹം.

പൊതുവേ എന്റേത് ഒരു കഥ പറച്ചിൽ രീതിയാണ്. അതാണ് ഞാൻ ചെറുപ്പം മുതൽ ശീലിച്ചു വന്നതും. പുസ്തകം വായിക്കുന്നവർക്കും ആ ഒരു ഫീൽ കിട്ടണം. വായിച്ചിരിക്കുമ്പോൾ ഇമേജിൻ ചെയ്യാൻ പറ്റണം. തിരക്കഥകൾക്കും ആ രൂപം തന്നെയാകും എന്ന് പിന്നീട് അത്തരം പുസ്തകങ്ങൾ വായിച്ചപ്പോൾ മനസ്സിലായി തുടങ്ങി. ഇമേജിൻ ചെയ്യാൻ പറ്റുന്നതായിരിക്കണം തിരക്കഥ. പ്ലസ് ടു വെക്കേഷനിലാണ് ഓജോ ബോർഡ് എഴുതുന്നത്. പക്ഷെ ആ പുസ്തകം ഒരുപാട് പബ്ലിഷിങ് കമ്പനികൾ

തള്ളിക്കളഞ്ഞ ഒന്നാണ്. എനിക്കാണെങ്കിൽ വർണ്ണനകൾ വെച്ചു എഴുതാൻ ഇഷ്ടമില്ല. എന്നെപ്പോലുള്ള അത്തരം ആളുകളെയാണ് ഞാൻ വായനക്കാരിലും ഫോക്കസ് ചെയ്യുന്നത്. നൂറിൽ 20 പേർ വായന ശീലം ഉള്ളവരായിരിക്കും. ബാക്കി 80 പേർക്ക് അതില്ലായിരിക്കും. ആ ബാക്കി 80 പേരെയാണ് ഫോക്കസ് ചെയ്യുന്നത്. കാരണം വല്ലപ്പോഴും പുസ്തകം വായിക്കുന്നവരായിരിക്കും അവർ. അവർ മതി എനിക്ക്. അവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന പുസ്തകം ആയിരിക്കണം എന്റേത്.

വ്യത്യസ്ത ജോണറുകളിലെ എഴുത്ത്

ഒരുപാട് പേരുടെ പുസ്തകങ്ങൾ എടുത്തു നോക്കുമ്പോൾ ത്രില്ലറുകൾ എഴുതുന്നവർ അതുതന്നെ ഫോളോ ചെയ്യുന്നുണ്ട്. അങ്ങനെ എഴുതുമ്പോൾ അവരുടെ ഓരോ പുസ്തകങ്ങളിലും സാദൃശ്യം കൂടുതലുണ്ടായിരിക്കും. എനിക്കാണെങ്കിൽ എല്ലാം കൈകാര്യം ചെയ്യാനാണ് ഇഷ്ടം. റിസ്ക് എടുക്കണം. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ പുസ്തകം ഒറ്റക്ക് പബ്ലിഷ് ചെയ്യാൻ കാരണവും. കളിക്കുടുക്ക സാഹിത്യം എന്നാണ് എന്റെ എഴുത്തിന് നേരെയുള്ള വിമർശനം. മെർക്കുറി ഐലൻഡ് എന്ന നോവൽ ഫാന്റസിയാണ്. അതിനെയൊക്കെ ഇത്ര ഗൗരവത്തിൽ വിമർശിക്കേണ്ട കാര്യം എന്താണെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല. ഓജോ ബോർഡും മെർക്കുറി ഐലൻഡും എഴുതിയ സമയത്ത് എന്നെക്കൊണ്ട് മനുഷ്യരുടെ ഇമോഷൻസ് വെച്ചുള്ള പുസ്തകങ്ങൾ എഴുതാൻ പറ്റില്ല എന്നൊക്കെ പറഞ്ഞവരുണ്ട്. പക്ഷെ റാം കെയർ ഓഫ് ആനന്ദി വന്നപ്പോ അവരാരും കാര്യമായി വിമർശിച്ചില്ല എന്നതാണ് സത്യം. ഗൗരവ വിമർശനം എനിക്ക് കിട്ടിയിട്ടില്ലാത്ത പുസ്തകം കൂടിയാണ് റാം കെയർ ഓഫ് ആനന്ദി. 300 പേജ് എഴുതിയിട്ട് പോലും എനിക്ക് ഓക്കേ അല്ല എന്ന് തോന്നിയിട്ട് അതെല്ലാം ഒറ്റയടിക്ക് ഡിലീറ്റ് ചെയ്തു വീണ്ടും എഴുതിയ റാം കെയർ ഓഫ് ആനന്ദിയാണ് നിങ്ങൾ ഇപ്പോൾ വായിക്കുന്നത്. കാരണം അല്പം മെനക്കെട്ടാലും കുഴപ്പമില്ല, പെർഫെക്ഷൻ നിർബന്ധമാണ്.

'രാത്രി പന്ത്രണ്ടിന് ശേഷ'വും 'കൂമനും'

റാം കെയർ ഓഫ് ആനന്ദിയുടെ പ്രിന്റിങ് നടക്കുന്ന സമയത്താണ് 'രാത്രി പന്ത്രണ്ടിന് ശേഷം' എന്ന നോവൽ ഞാൻ എഴുതി തുടങ്ങുന്നത്. മുക്കാൽ ഭാഗമായപ്പോഴാണ് എന്റെ സുഹൃത്ത് പറയുന്നത് ഒരു ബ്രിട്ടീഷ് വെബ് സീരീസുമായി ഇതിന് സാദൃശ്യമുണ്ടെന്ന്. ഞാൻ കണ്ടു നോക്കിയപ്പോൾ എനിക്കും അതു തോന്നി. അങ്ങനെ അത് വിട്ട് പുതിയ കഥ എഴുതി. ഈ ഡിസംബറിൽ റിലീസിന് നിൽക്കുകയായിരുന്നു ആ പുസ്തകം. അപ്പോഴാണ് മറ്റൊരു സുഹൃത്ത് 'കൂമൻ' സിനിമ കണ്ട് അതിലെ സാദൃശ്യം ചൂണ്ടി കാണിക്കുന്നത്. കൂമൻ സിനിമ കണ്ടു. വലിയ സാദൃശ്യമില്ലെങ്കിലും നോവലുമായി ചെറിയ സാദൃശ്യം വന്നിട്ടുണ്ട്. അതിൽ രഞ്ജി പണിക്കർ സാർ പറയുന്ന ബുരാരി കേസ് നോവലിൽ വിശദമായി എഴുതി വെച്ച ഭാഗമാണ്. ഇനിയിപ്പോൾ നോവൽ വന്നു കഴിഞ്ഞാലും സിനിമയിൽ നിന്ന് കോപ്പിയടിച്ചു എന്ന് പറയാനെ വഴിയുള്ളൂ. എനിക്കത് കേൾക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് നോവലിലെ സെക്കൻഡ് ഹാഫ് എടുത്ത് മാറ്റി പുതിയ സെക്കൻഡ് ഹാഫ് എഴുതിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയായിരിക്കും അടുത്ത വർക്ക്.

വരും സിനിമകൾ

പ്രൊജക്ടുകൾ വരുന്നുണ്ട്. പക്ഷെ ഞാൻ എല്ലാം ഒന്നിച്ചു ചെയ്യില്ല. ഒരു പുസ്തകം വരാൻ ഉണ്ട്. എന്റെ ഫോക്കസ് അതിലാണ്. അത് കഴിഞ്ഞ ശേഷം മാത്രമേ അടുത്ത വർക്ക് നോക്കൂ. ഒരു സമയം ഒരു പ്രോജക്ട് അതാണ് എന്റെ പോളിസി.

Tags:    
News Summary - akhil p dharmajan interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.