സലീം കുമാർ

‘ക്ലാസ്സിൽ മറ്റുള്ളവർ ചോറ്റുപാത്രം തുറക്കുമ്പോൾ ഞങ്ങൾ തട്ടുകടയിൽ നിന്ന് വിശപ്പടക്കുമായിരുന്നു’; സലീം കുമാറിന്‍റെ ഓർമകളിൽ സഹപാഠി ഡോ. എ.കെ. വാസു

മലയാള സിനിമയിലെ ചിരിയുടെയും കണ്ണീരിന്റെയും മറുവാക്കായിരുന്ന സലിം കുമാർ വിടവാങ്ങിയിരിക്കുന്നു. ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് തന്റെ അസാധാരണമായ അഭിനയമികവുകൊണ്ട് മികച്ച സ്വഭാവനടൻ എന്ന നിലയിലും ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടി മലയാളത്തിന്റെ അഭിമാനമായി മാറി. ആ വലിയ നടന്റെ വിയോഗവാർത്ത മലയാള സിനിമാലോകത്തെയും ലക്ഷക്കണക്കിന് ആരാധകരെയും വലിയൊരു സങ്കടക്കടലിലാണ് ആഴ്ത്തിയിരിക്കുന്നത്.

ചിരിയുടെ രാജകുമാരൻ എന്നതിനപ്പുറം ചരിത്രത്തിലും രാഷ്ട്രീയത്തിലും അഗാധമായ അറിവുള്ള ഒരു സഹൃദയനായിരുന്നു സലിം കുമാർ. ‘ഗുരുതരാവസ്ഥയിൽ അമൃത ഹോസ്പ്പിറ്റലിലാണെന്ന് അറിഞ്ഞത് മഹാരാജാസ് കോളേജിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ്. കുറേക്കാലം മുമ്പ് വന്നതുപോലെ ഒരു ഫെയ്സ് ഫേക്ക് ന്യൂസ് ആവുമെന്ന് ആശ്വസിച്ചു’. മഹാരാജാസ് കോളജിലെ ക്ലാസ് മുറികളിൽ തുടങ്ങിയ സൗഹൃദത്തിന്റെ ബാല്യകാല ഓർമകൾ മുതൽ അവസാന നാളുകൾ വരെ സലീം കുമാറിനൊപ്പമുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ഡോ. എ.കെ. വാസു.

കുറിപ്പിന്‍റെ പൂർണരൂപം

മഹാരാജാസിലെ മലയാളം ക്ലാസിലേക്ക് രണ്ടാം വർഷമാണ് സലിംകുമാർ ഞങ്ങളുടെ ക്ലാസിലേക്ക് എത്തുന്നത്. കോളേജിലെ സായാഹ്ന ബാച്ചുകൾ അവസാനിപ്പിച്ചതിനാലാണ് അങ്ങനെയൊരു ഭാഗ്യം ഞങ്ങളുടെ ക്ലാസിന് ലഭിച്ചത്. പഠിക്കാൻ സ്വന്തമായി പണം കണ്ടെത്തേണ്ടതിനാൽ എല്ലാ ദിവസവും ക്ലാസിലെത്താൻ കഴിയാത്ത അവസ്ഥ അന്ന് സലിംകുമാറിന് ഉണ്ടായിരുന്നു. സമാനമായിരുന്നു എൻറെ അവസ്ഥയും. ക്ലാസിലെ കുട്ടികൾ ചോറ്റുപാത്രം തുറക്കുന്ന സമയത്ത് ഞങ്ങൾ കോളേജിന് തെക്കുള്ള കോർട്ട് കോംപ്ലക്സിലെ തട്ടുകടയിൽ ചെന്ന് ചെറിയതോതിൽ എന്തെങ്കിലും വാങ്ങിത്തിന്ന് വിശപ്പ് മാറ്റിയിരുന്നതും ഓർക്കുന്നു.

എപ്പോഴും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ശീലംകൊണ്ടുതന്നെ സലിംകുമാർ ക്ലാസിലെ ഏറ്റവും പ്രിയപ്പെട്ട ആളായി മാറിയിരുന്നു. കലാഭവന്‍റെ മിമിക്രി കാസറ്റുകൾ അക്കാലത്ത് സലീമിന്റേതായി പുറത്തിറങ്ങിയിരുന്നു. ദൂരദർശൻ അല്ലാതെ അക്കാലത്ത് മറ്റ് സ്വകാര്യ ചാനലുകൾ ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റ് വന്നപ്പോൾ അതിലെ കോമഡി താരമായി സലിംകുമാർ മാറുന്നത് ഞങ്ങൾക്ക് ഏറ്റവും ആഹ്ലാദകരമായ കാര്യമായിരുന്നു. സലിംകുമാർ സിനിമയിൽ തിരക്കുള്ള ആളായി മാറുന്ന

2001ൽ ഞാൻ മൂവാറ്റുപുഴ നിർമ്മല കോളേജിൽ യൂണിയൻ ചെയർമാനായിരുന്നു. കോളേജിലേക്ക് ക്ഷണിച്ചപ്പോൾ യാതൊരു മടിയും കൂടാതെ വന്നത് ഓർക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സലിംകുമാറിന്റെ കോളേജിലേക്കും ഞാൻ പഠിക്കുന്ന ക്ലാസിലേക്കുമുള്ള വരവും ഇടപെടലുകളും എല്ലാം തികച്ചും അഭിമാനകരമായ കാര്യമായിരുന്നു. ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മഹാരാജാസിൽ സലിംകുമാറിന് വലിയ സ്വീകരണം ഒരുക്കിയിരുന്നു. മമ്മൂട്ടി പങ്കെടുത്ത വലിയ പ്രോഗ്രാം. ആരാധനയും ആൾക്കൂട്ടവും ചൂഴ്ന്നു നിന്ന ആ തിരക്കിലും എന്നോട് സംസാരിക്കാൻ മനസ്സ് കാണിച്ചത് മറക്കുന്നില്ല.

നടൻ ധർമ്മജൻ ലോകസഭാ സീറ്റിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹത്തെ വിജയിപ്പിക്കുന്നതിന് എന്തെല്ലാം ചെയ്യണം എന്നതിനെ സംബന്ധിച്ച് നിരന്തരം ഫോൺ ചെയ്യുമായിരുന്നു. കെ പി എം എസ് ഒരു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പറവൂരിലെ സലിംകുമാറിന്റെ ലാഫിംഗ് വില്ലയിൽ പോയിരുന്നു. സിനിമകളെ സംബന്ധിച്ച് മണിക്കൂറോളം അന്ന് സംസാരിക്കാൻ കഴിഞ്ഞു.

ഇപ്പോൾ വർക്കല എസ് എൻ കോളേജിൽ കോളേജിൽ അധ്യാപകനായ ജിജോയും Jijo Thulaseedharan അന്ന് കൂടെയുണ്ടായിരുന്നു. അടുത്തകാലത്ത് സുഹൃത്ത് രൂപേഷിന് ഒരു ഇൻറർവ്യൂ നടത്താൻ ഞങ്ങളുടെ സൗഹൃദം ഉപകാരപ്പെട്ടിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിൽ ആ ഇൻറർവ്യൂ കവർസ്റ്റോറിയായി വന്നത് ഓർക്കുന്നു. പ്രിയപ്പെട്ട ബാനർജി കോവിഡ് മൂലം മരണമടഞ്ഞപ്പോൾ ഫോണിൽ വിളിച്ച് ഏറെ സംസാരിച്ചിരുന്നു. ബാനർജിയുടെ അനുസ്മരണ സമ്മേളനത്തിൽ ഏറെ നേരം സംസാരിച്ചതും ഓർക്കുന്നു.

സഹോദരൻ അയ്യപ്പൻറെ ഓർമ്മകൾ ചേരുന്ന ഒരു ഇൻറർവ്യൂ എടുക്കാമെന്ന് ഒരിക്കൽ ഞാൻ പറഞ്ഞു. ഇനി ഇൻറർവ്യൂ വേണ്ട, സഹോദരൻ അയ്യപ്പൻറെ നാട്ടിലൂടെ എന്ന ഒരു ഡോക്യുമെന്‍ററി എടുക്കാം. സമയം കിട്ടുമ്പോൾ ഞാൻ വിളിക്കാം നീ വന്നാൽ മതി എന്നു പറഞ്ഞത് ഓർക്കുന്നു. ഏതായാലും അങ്ങനെയൊരു സമയം കിട്ടിയില്ല. ഗുരുതരാവസ്ഥയിൽ അമൃത ഹോസ്പ്പിറ്റലിലാണെന്ന് അറിഞ്ഞത് മഹാരാജാസ്കോളേജിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ്. കുറേക്കാലം മുമ്പ് വന്നതുപോലെ ഒരു ഫെയ്സ് ഫേക്ക് ന്യൂസ് ആവുമെന്ന് ആശ്വസിച്ചു.

രംഗബോധമില്ലാത്ത കോമാളിയായ മരണം കലാഭവൻ മണിയെ എന്നപോലെ സലീം കുമാറിനെയും അകാലത്തിൽ കൊണ്ടുപോയി എന്നത് ഏറെ സങ്കടകരമായ വാർത്തയാണ്. സിനിമയിൽ കോമേഡിയൻ റോളായിരുന്നു എറെയെങ്കിലും ജീവിതത്തിൽ സലിം കുമാർ ഏറ്റവും സീരിയസ്സയ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു. സാഹിത്യത്തിലും ചരിത്രത്തിലും രാഷ്ട്രീയത്തിലും മറ്റേത് നടന്മാരെക്കാളും തികഞ്ഞ അവഗാഹമുള്ള വ്യക്തിത്വം. സിനിമയുടെ തിരക്കുകളിൽ പോലും പുസ്തക വായന കൈവിടാതിരുന്ന സഹൃദയൻ. പ്രിയ കൂട്ടുകാരന് ആദരവോടെ വിട.

Tags:    
News Summary - Salim Kumar's memories of his classmate Dr. A.K. Vasu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.