ഇന്ത്യൻ ആരാധകർക്ക് ദീപാവലി ആശംസകളുമായി ‘ക്യാപ്റ്റൻ അമേരിക്കയും അയൺമാനും’; ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’യിൽ കാണാമെന്ന് താരങ്ങൾ

ഇന്ത്യൻ ആരാധകർക്ക് ദീപാവലി ആശംസകളുമായി ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡൗണി ജൂനിയറും ക്രിസ് ഇവാൻസും. വരാനിരിക്കുന്ന മാർവൽ ചിത്രം ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’യിൽ ഡോക്ടർ ഡൂമായും സ്റ്റീവ് റോജേഴ്സായും എത്തുന്ന താരങ്ങൾ ഇന്ത്യയിലെ പ്രേക്ഷകർക്കായി പ്രത്യേക വിഡിയോ സന്ദേശം പങ്കുവെച്ചു. മാർവൽ ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

‘നമസ്തേ ഇന്ത്യ! ഒരു അധ്യായം അവസാനിക്കുകയും മറ്റൊന്ന് ആരംഭിക്കുകയും ചെയ്യുന്നതാണ് ദീപാവലിയെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാം. എന്നാൽ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള യാത്രക്കുപകരം ഇത്തവണ വിപരീത ദിശയിലേക്കായിരിക്കാം യാത്ര’ എന്നായിരുന്നു താരങ്ങളുടെ രസകരമായ പ്രതികരണം. എല്ലാവർക്കും ദീപാവലി ആശംസിച്ച അവർ ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’യിൽ കാണാമെന്നും ഉറപ്പുനൽകി.

ഇന്ത്യൻ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. അമേരിക്കയിൽ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ചിത്രം ഇന്ത്യൻ തിയറ്ററുകളിലെത്തും. ഇതോടെ അമേരിക്കൻ പ്രേക്ഷകർക്ക് മുമ്പുതന്നെ ഇന്ത്യൻ ആരാധകർക്ക് മാർവൽ സൂപ്പർഹീറോകളുടെ പോരാട്ടം ആസ്വദിക്കാനാകും. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിക്കുന്ന ഡോക്ടർ ഡൂം സൂപ്പർഹീറോകൾ നേരിടുന്ന ഏറ്റവും ഭയാനകമായ ശത്രുവായിരിക്കുമെന്നാണ് പുറത്തുവന്ന സൂചനകൾ.

ഡിസ്നിയുടെ ഡി23 ആരാധക സംഗമത്തിൽ പുറത്തിറക്കിയ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള രണ്ടാമത്തെ ട്രെയിലറിൽ ഡോക്ടർ ഡൂമിന്റെ കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഫന്റാസ്റ്റിക് ഫോർ, അവഞ്ചേഴ്സ്, എക്സ്-മെൻ എന്നീ സൂപ്പർഹീറോ സംഘങ്ങളുമായി ഡോക്ടർ ഡൂം ഏറ്റുമുട്ടാൻ ഒരുങ്ങുന്നതാണ് ട്രെയിലറിലെ പ്രധാന ആകർഷണം.

ചിത്രത്തിൽ ഹുള്ളറുടെ കഥാപാത്രത്തെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഡോക്ടർ ഡൂമിന്റെ അമ്മയായോ ലാറ്റ്വേറിയയിലെ മന്ത്രവാദിനികളിൽ ഒരാളായോ അവർ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ. എന്നാൽ കഥാപാത്രത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

Tags:    
News Summary - Robert Downey Jr, Chris Evans wish fans Happy Diwali, their film 'Avengers Doomsday' to be released in India on December 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.