തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ പുതിയ ബോഡിഗാർഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. തന്റെ വരാനിരിക്കുന്ന ചിത്രമായ 'പെഡ്ഡി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം യാത്ര ചെയ്യുന്ന രാം ചരണിനൊപ്പം നിഴലുപോലെ കെവിൻ കുന്റ എന്ന ബോഡിഗാർഡിനെ കണ്ടതോടെയാണ് ആരാധകർ ഇദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. അസാമാന്യ ശാരീരികക്ഷമതയും സ്റ്റൈലിഷ് ലുക്കും ഉള്ള കെവിൻ വെറുമൊരു ബോഡിഗാർഡ് മാത്രമല്ല പ്രശസ്തനായ ഒരു മിക്സഡ് മാർഷ്യൽ ആർട്സ് (എം.എം.എ) ഫൈറ്റർ കൂടിയാണ്.
ഗാമ്പിയയിൽ നിന്നുള്ള കെവിൻ കുന്റ ഇപ്പോൾ ഇറ്റലിയിലെ ഫ്ലോറൻസിലാണ് താമസിക്കുന്നത്. 2021-ൽ ഇറ്റലിയുടെ ദേശീയ എം.എം.എ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു സ്പോർട്സ് താരമാണ്. താരത്തിന്റെ സുരക്ഷാ ചുമതലയേറ്റെടുത്തതോടെ ഇദ്ദേഹത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകളും വലിയ ചർച്ചയായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ദിവസം 2 മുതൽ 4 ലക്ഷം രൂപ വരെയാണ് കെവിൻ ഈടാക്കുന്നത്. ഇന്ത്യൻ സിനിമാ മേഖലയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി ബോഡിഗാർഡ്മാരിൽ ഒരാളായി ഇദ്ദേഹം മാറിയിരിക്കുകയാണ്.
രാം ചരണിനൊപ്പം എപ്പോഴും കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞ് എത്തുന്ന കെവിന്റെ സ്റ്റൈൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. എന്തായാലും രാം ചരണിന്റെ സുരക്ഷാ ടീമിലെ ഈ പുതിയ അംഗം ആരാധകർക്കിടയിൽ വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജൂൺ 4-ന് പുറത്തിറങ്ങാനിരിക്കുന്ന 'പെഡ്ഡി' എന്ന സ്പോർട്സ് ആക്ഷൻ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് രാം ചരൺ ഇപ്പോൾ. ഈ ചിത്രത്തിനായി രാം ചരൺ നടത്തിയ ശാരീരിക പരിവർത്തനങ്ങളും നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആ സിനിമയുടെ വിശേഷങ്ങൾക്കൊപ്പം തന്നെ സുരക്ഷാ ഉദ്യോഗസ്ഥനായ കെവിൻ കുന്റയുടെ സാന്നിധ്യവും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.