കെ. പുരം താമരക്കുളത്തെ മലയിൽ ദാസന്റെ വീട്ടിൽനിന്ന് ഉഷ തിരൂർ കണ്ടെത്തിയ മൂർഖൻ കുഞ്ഞുങ്ങൾ
താനൂർ: കെ. പുരം കുണ്ടുങ്ങൽ താമരക്കുളത്തെ മലയിൽ ദാസന്റെ വീട്ടിൽ വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂവറായ ഉഷ തിരൂർ എത്തുന്നത് ഒരു പാമ്പിൻകുഞ്ഞിനെ കണ്ടെന്നുള്ള വീട്ടുകാരുടെ ഫോൺ വിളിയെ തുടർന്നാണ്. വീട്ടിലെത്തി തിരഞ്ഞപ്പോൾ കിട്ടിയത് ഒന്നാന്തരം മൂർഖൻ കുഞ്ഞിനെ തന്നെ. അതുമായി തിരിച്ചുപോരുന്നതിനിടെയാണ് മറ്റൊരു പാമ്പിൻകുഞ്ഞിനെ കൂടി കണ്ടെന്ന് പറഞ്ഞു ഉഷയെ തേടി വീണ്ടും വിളിവരുന്നത്.
ചെന്നപ്പോൾ കിട്ടിയത് ഒന്നിനുപകരം അഞ്ചു പാമ്പിൻ കുഞ്ഞുങ്ങളെയായിരുന്നു. വൈകീട്ട് വീണ്ടും ഉഷയെ തേടി വിളിവന്നു. അങ്ങനെ നാലുദിവസം കൊണ്ട് ഒരു വീടിന്റെ അടുക്കള ഭാഗത്തുനിന്ന് ഉഷ കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെ. ആദ്യദിവസം തന്നെ കുറേ കുഞ്ഞുങ്ങളെ കണ്ടതോടെ അടുക്കളക്ക് സമീപത്തെ കോൺക്രീറ്റ് ഇട്ട സ്ഥലത്തിനടിയിൽ കൂടുതൽ മുട്ടകളുണ്ടാകുമെന്ന് പരിചയ സമ്പന്നയായ സ്നേക് റെസ്ക്യൂവർ ഉഷക്ക് ഉറപ്പായിരുന്നു.
ഇതോടെ ഇവിടെ പൊളിച്ചുനോക്കിയതോടെയാണ് ബാക്കിയുള്ള പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. മഴയിൽ മണ്ണിടിഞ്ഞു മാളം അടഞ്ഞുപോയ ഭാഗത്ത് അമ്മപ്പാമ്പ് ചത്തുകിടക്കുന്നതും കണ്ടെത്തി. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ അടുത്തദിവസംതന്നെ വനംവകുപ്പിന് കൈമാറുമെന്ന് ഉഷ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.