പൊന്നാനി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വരെ ജില്ലയിലെ എൽ.ഡിഎഫിന്‍റെ കരുത്തുറ്റ കോട്ടയായിരുന്ന പൊന്നാനി യു.ഡി.എഫ് വലിയ പ്രതീക്ഷ വെച്ചുപുലർത്താത്ത മണ്ഡലമായിരുന്നു. എന്നാൽ, ഇക്കുറി കാര്യങ്ങളാകെ മാറിമറിയുന്ന ചിത്രമാണ് പൊന്നാനിയിലേത്. മീനച്ചൂടിനെ വെല്ലുന്ന ചൂടാണ് പൊന്നാനിയിലെ പ്രചാരണരംഗത്ത്. മുൻ പി.എസ്.സി, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് രംഗത്തിറക്കിയപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലിയെ കളത്തിലിറക്കി എൽ.ഡി.എഫിന് ചെക്ക് വെച്ചിരിക്കുകയാണ് യു.ഡി.എഫ്.
രണ്ടു പതിറ്റാണ്ടായി തുടർച്ചയായി സി.പി.എം എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ഏകപക്ഷീയ വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്നതെങ്കിലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിന് സീറ്റ് നിഷേധിച്ചതോടെ പ്രവർത്തകരിൽ ചിലർ ഇടത് സ്ഥാനാർഥിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് പാർട്ടിക്കുള്ളിൽ പ്രതിസന്ധി തീർത്തിട്ടുണ്ട്. സ്റ്റാർ കാമ്പയിനറായ ടി.എം. സിദ്ദീഖ് അസുഖം മൂലം പ്രചാരണ രംഗത്തില്ലാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി. എന്നാൽ, ബൂത്ത് തലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓരോ വോട്ടർമാരിലേക്കും നേരിട്ടെത്തി ഇടത് സ്ഥാനാർഥിയുടെ വിജയത്തിനായുള്ള അഹോരാത്ര പരിശ്രമത്തിലാണ് പ്രവർത്തകർ. മണ്ഡലത്തിലെ പ്രധാന കവലകളിലെല്ലാം എത്തി വോട്ടഭ്യർഥിക്കുകയും നൂറുകണക്കിന് പ്രവർത്തകരെ വിളിച്ചുചേർത്തുള്ള കുടുംബയോഗങ്ങളുമായി എൽ.ഡി.എഫ് തങ്ങളുടെ പ്രചാരണം താഴെ തട്ടിലും കൃത്യമായി നടപ്പാക്കുന്നുണ്ട്.
പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള നിർദേശങ്ങൾ താഴെ തട്ടിൽ നൽകിയാണ് എൽ.ഡി.എഫ് അണിയറയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. വികസനം മുൻനിർത്തിയാണ് വോട്ട് അഭ്യർഥന. 2021ൽ 17,000 വോട്ടിലധികം ഉണ്ടായിരുന്ന ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പ്രചാരണം അന്തിമ ഘട്ടത്തിലെത്തിയപ്പോൾ പരിമിതികളും പോരായ്മകളും മറികടന്നെന്ന ശുഭവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.
കഴിഞ്ഞ വർഷങ്ങളിൽ മണ്ഡലത്തിൽ സ്ഥിരസാന്നിധ‍്യമായ കെ.പി. നൗഷാദലിയുടെ വ്യക്തിപ്രഭാവം വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ നൗഷാദലിയുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളിൽ യു.ഡി.എഫ് ക്യാമ്പിൽ വലിയ ആത്മവിശ്വാസം വർധിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിന്‍റെ വ്യത്യാസത്തിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായെങ്കിലും മാറഞ്ചേരി, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിൽ തിരിച്ചുവരാനായത് യു.ഡി.എഫിന്‍റെ വിജയ പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. കൂടാതെ പതിറ്റാണ്ടുകൾക്ക് ശേഷം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിന് തിരിച്ചു വരാനായി. പൊന്നാനി നഗരസഭയിലും സീറ്റ് വർധിപ്പിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. ഭരണവിരുദ്ധ വികാരം, സ്ഥാനാർഥിത്വത്തിലെ മുൻകൈ, യു.ഡി.എഫ് സംവിധാനത്തിന്‍റെ ഏകോപനം തുടങ്ങിയ ഘടകങ്ങളെല്ലാം അനുകൂലമായ തെരഞ്ഞെടുപ്പായതിനാൽ വിജയ സാധ്യത ഏറെയാണെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിലെ മനീഷ് ജനകീയവും എസ്.ഡി.പി.ഐ സ്ഥാനാർഥിയായി അൻവർ പഴഞ്ഞിയും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.