ഏറ്റുമാനൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി.എൻ. വാസവൻ പോളിങ്ങിന്‍റെ പിറ്റേന്നും തിരക്കുകളിൽ ആയിരുന്നു. രാവിലെ സ്വകാര്യസന്ദർശനങ്ങൾ. തെരഞ്ഞെടുപ്പ് അവലോകനത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട് വിജയപ്രതീക്ഷ പങ്കുവെച്ചു. ജില്ലയിലെ അഞ്ചു സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം കൂടുതൽ സീറ്റ് നേടി അഭിമാനകരമായ നേട്ടം സ്വന്തമാക്കും. പോളിങ് ശതമാനം ജയപരാജയങ്ങളെ ബാധിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. ഡി.സി.സി. പ്രസിഡന്‍റ് കൂടിയായ യു.ഡി.എഫ് സ്ഥാനാർഥി നാട്ടകം സുരേഷ് രാവിലെ മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു.
തുടർന്ന്, ഡി.സി.സി ഓഫിസിലെത്തി ഓഫിസ് കാര്യങ്ങൾ ചെയ്തു. വൈകീട്ട് പ്രധാന നേതാക്കളെ കണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പോളിങ് കഴിഞ്ഞതോടെ ജയപ്രതീക്ഷ വർധിച്ചതായി നാട്ടകം സുരേഷ് പറഞ്ഞു. എൻ.ഡി.എ സ്ഥാനാർഥി ആതിര ഡി. നായർ വെള്ളിയാഴ്ച രാവിലെ തിരുവാർപ്പിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അവിടെ വീട് ശോച്യാവസ്ഥയിലായ കുടുംബങ്ങളെ കണ്ടിരുന്നു. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്തുകൊടുക്കണെമെന്ന് കരുതിയിരുന്നു. തീരുമാനമായില്ല. ചർച്ചകൾ നടക്കുന്നു. വൈകീട്ട് ചെങ്ങന്നൂർ ശ്രീമാൻകുളങ്ങര അമ്പലത്തിലായിരുന്നു. ജയപ്രതീക്ഷ ഉണ്ട്. 18 ദിവസമാണ് പ്രചാരണത്തിനു കിട്ടിയത്. കുറഞ്ഞ സമയത്തിനകം ഏറ്റവും നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണ് കുരുതുന്നത്. ബാക്കിയെല്ലാം ജനങ്ങളുടെ കയ്യിലാണെന്നും സ്ഥാനാർഥി പറഞ്ഞു.
കടുത്തുരുത്തി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർമല ജിമ്മിക്കും തിരക്കുപിടിച്ച ദിവസം ആയിരുന്നു. രാവിലെ പള്ളിയിൽ പോയി. മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിച്ചു. പാർട്ടി യോഗത്തിൽ പങ്കെടുത്തു. തുടർന്ന് പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയെ കണ്ടു. മറ്റ് നേതാക്കൾക്കൊപ്പം കെ.എം. മാണിയുടെ കല്ലറയിൽ പ്രാർഥന നടത്തി. വൈകീട്ട് പാലാ ബിഷപ് ഹൗസിൽ ഫാ. ജോസഫ് പള്ളിക്കാപ്പറമ്പിലിന്‍റെ 100ാം പിറന്നാളാഘോഷത്തിലും പങ്കുചേർന്നു.
എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേലിന് വിശ്രമ ദിവസമായിരുന്നു. രാവിലെ ഒന്നു രണ്ടു മരണവീടുകളിൽ പോയി. ഉച്ചക്കുശേഷം ഉറങ്ങി പ്രചാരണത്തിന്‍റെ ക്ഷീണം തീർത്തു. ശനിയാഴ്ചയാണ് അവലോകനയോഗം.കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വോട്ടുകൾ അധികം നേടുമെന്ന് സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു. ഇത്തവണ പ്രചാരണം ഒറ്റക്കെട്ടായി നടന്നു. മറ്റ് മുന്നണികളേക്കാളും മുന്നിലായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും സ്ഥാനാർഥി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.