ജാസ് ലിയയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികൾ അന്ത്യോപചാരം അർപ്പിക്കുന്നു

പിടയുന്ന മനസ്സുമായി... ജാസ്ലിയക്ക് കാമ്പസിന്‍റെ യാത്രാമൊഴി

അങ്കമാലി: പഠിക്കുന്ന കാമ്പസിന്‍റെ വിളിപ്പാടകലെ അതിദാരുണമായി ജീവൻ പൊലിഞ്ഞ അങ്കമാലി മോർണിങ് സ്റ്റാർ കോളജ് വിദ്യാർഥിനി ജാസ്ലിയക്ക് സഹപാഠികളുടേയും അധ്യാപകരുടേയും കണ്ണീരിൽ കുതിർന്ന ബാഷ്പാജ്ഞലി.

കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായ വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പിൽ കളത്തിപ്പറമ്പിൽ ജോൺസൺ-ലീമ ദമ്പതികളുടെ മകളാണ് ജാസ്ലിയ. പഠനത്തോടൊപ്പം അങ്കമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ അവധി ദിവസങ്ങളിൽ പാർട്ടൈം ജോലിയും ചെയ്ത് വരുകയായിരുന്നു. പതിവ് പോലെ ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് നടന്ന് വരുമ്പോൾ ദേശീയപാത അങ്കമാലി ടെൽക്കിന് സമീപം കഴിഞ്ഞ ഫെബ്രുവരി 28ന് രാത്രി 7.30നാണ് പിറകിൽ വന്ന കാർ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ചോരവാർന്നൊഴുകി ജാസ്ലിയ അവശനിലയിലായി. ഈ സമയം എതിർ ദിശയിലൂടെ സഞ്ചരിച്ച സംഭവം കണ്ട പൊലീസ് അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സംഭവിച്ചു.

തുടർന്ന് ജാസ്ലിയയുടെ കരൾ, വൃക്ക, നേത്രപടലം എന്നിവ മാതാപിതാക്കളുടെ അനുവാദത്തോടെ ദാനം ചെയ്തു. അപകടത്തെത്തുടർന്ന് നിർത്താതെ പോയ കാർ പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ ചൊവ്വാഴ്ച പിടികൂടിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച രാവിലെ ഹോംസയൻസ് കോളജിൽ പൊതുദർശനത്തിന് വെച്ചു. സഹപാഠികളും അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും പൊതുപ്രവർത്തകരുമടക്കം നിരവധിപേർ കോളജിൽ അന്ത്യോപചാരം അർപ്പിക്കാനെത്തി. റോജി എം. ജോൺ എം.എൽ.എ, നഗരസഭ അധ്യക്ഷ റീത്ത പോൾ, വൈസ് ചെയർമാൻ വിൽസൺ മുണ്ടാടൻ, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ജെസി ജോർജ്, സി.വൈ. ശാബോർ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷെമി ജോർജ്, ഡോ. നീനു മേരി തോമസ്, അഡ്വ. സാജി ജോസഫ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

Tags:    
News Summary - With an aching heart... the campus community says goodbye to Jasliya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.