യു.പി അവസാന ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ ഗോരഖ്പുരിൽ വോട്ടെടുപ്പ് ഇന്ന്

യുക്രെയ്ൻ പ്രതിസന്ധിയുടെ ഉത്കണ്ഠകൾക്കിടയിൽ രാജ്യം മുങ്ങിനിൽക്കേ, ദേശീയ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിൽ. ആറാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. അവസാന ഘട്ട വോട്ടെടുപ്പ് ഏഴിന്. ഈ മാസം 10നാണ് അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഫലം പുറത്തുവരുന്നത്.

കിഴക്കൻ യു.പിയിലെ 10 ജില്ലകളിലായി 57 സീറ്റുകളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതാദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ഗോരഖ്പുർ അർബൻ മണ്ഡലവും ഇതിൽ ഉൾപ്പെടുന്നു. യു.പി കോൺഗ്രസ് പ്രസിഡന്റ് അജയ്കുമാർ ലല്ലു, സമാജ്‍വാദി പാർട്ടിയിലെ സ്വാമി പ്രസാദ് മൗര്യ, പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി, മന്ത്രി സൂര്യപ്രതാപ് ഷാഹി തുടങ്ങിയവരുടെ വിധിയെഴുത്തും ബുധനാഴ്ചയാണ്.

ദലിത് സ്വാധീന മേഖല കൂടിയായ കിഴക്കൻ യു.പിയിൽ മായാവതി നയിക്കുന്ന ബി.എസ്.പി ഇക്കുറി എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നത് പ്രധാനമാണ്. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും ബി.എസ്.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഇത്തവണയാകട്ടെ, മത്സരം പ്രധാനമായും ബി.ജെ.പിയും സമാജ്‍വാദി പാർട്ടിയും തമ്മിലാണ്.

1998 മുതൽ 2017 വരെ ഗോരഖ്പുരിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു യോഗി. എം.പി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയായ ആദിത്യനാഥ്, നിയമസഭ തെരഞ്ഞെടുപ്പിനു നിൽക്കാതെ എം.എൽ.സിയെന്ന നിലയിലാണ് പദവിയിൽ തുടർന്നത്. ഗോരഖ്പുർ മഠാധിപതിയെന്ന നിലയിലാണ് അവിടം ആദിത്യനാഥിന്റെ തട്ടകമായി മാറിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 57ൽ 46 സീറ്റും നേടിയത് ബി.ജെ.പിയാണ്. ശക്തമായ ഭരണവിരുദ്ധ വികാരത്തിനിടയിൽ ഈ സീറ്റുകളെല്ലാം നിലനിർത്താൻ കഴിയുമെന്ന് ബി.ജെ.പി തന്നെ കരുതുന്നില്ല. യോഗി സർക്കാറിനെതിരായ വികാരം തങ്ങളുടെ സീറ്റെണ്ണം വർധിപ്പിക്കുമെന്ന് പ്രധാന പ്രതിയോഗിയായ സമാജ്‍വാദി പാർട്ടി കരുതുന്നു.

ഒൻപതു ജില്ലകളിലെ 54 സീറ്റിലേക്കാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ്. ഇതോടെ 403 സീറ്റുകളിലെയും വോട്ടെടുപ്പു പ്രക്രിയ പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസിയിലെ നിയമസഭ സീറ്റുകൾ, മുസ്‍ലിം സ്വാധീന മണ്ഡലമായ അഅ്സംഗഢ്, ഗാസിപുർ തുടങ്ങിയവയാണ് അവസാന ഘട്ടത്തിൽ.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 403ൽ 312 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിൽ വന്നത്. 2012ൽ കിട്ടിയതിനേക്കാൾ 265 സീറ്റാണ് കൂടുതൽ പിടിച്ചത്. പ്രധാന പ്രതിപക്ഷമായി മാറിയ സമാജ്‍വാദി പാർട്ടി 177 സീറ്റ് കൈവിട്ട് 47 സീറ്റിലേക്ക് ഒതുങ്ങി. ബി.എസ്.പിക്ക് കിട്ടിയത് 19 സീറ്റാണ്; 61 സീറ്റ് കൈവിട്ടു പോയി. നാലാം സ്ഥാനത്തു തുടർന്ന കോൺഗ്രസിന് ആകെ കിട്ടിയത് ഏഴു സീറ്റാണ്. 21 സീറ്റും കൈവിട്ടു പോയി. പശ്ചിമ യു.പിയിൽ സ്വാധീനമുള്ള ആർ.എൽ.ഡിക്ക് നേരത്തെ ഉണ്ടായിരുന്ന ഒൻപതിൽ എട്ടു സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടു. ഒരു സീറ്റിലേക്ക് ഒതുങ്ങി. ബി.ജെ.പി സഖ്യകക്ഷിയായ അപ്നദൾ ഒൻപതു സീറ്റ് പിടിച്ചു. ഇക്കുറി സമാജ്‍വാദി പാർട്ടിക്കൊപ്പമുള്ള സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി നാലു സീറ്റ് പിടിച്ചു. ബാക്കിയുള്ളത് സ്വതന്ത്രർ നേടി.  

Tags:    
News Summary - UP final stage voting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.