ഫയൽചിത്രം

അടിതെറ്റി അഖിലേഷ്; യാദവ രാഷ്ട്രീയത്തിന് ഇനി പരീക്ഷണകാലം

യോഗി ആദിത്യനാഥിന്റെ തേരോട്ടത്തിൽ ഒരിക്കൽ കൂടി യാദവ യുവരാജന് അടിതെറ്റിയിരിക്കുന്നു. എക്സിറ്റ് പോളുകൾ പ്രഹസനമാണെന്നും അന്തിമ വിജയം എസ്.പിക്ക് തന്നെയാകുമെന്നും വോട്ടെണ്ണൽ തുടങ്ങിയ ശേഷവും ആത്മവിശ്വാസം പ്രകടിപ്പിച്ച അഖിലേഷ് യാദവിന് കാര്യമായൊന്നും ചെയ്യാനായില്ലെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. കേന്ദ്രഭരണത്തിന്റെ തണലിൽ സകല സന്നാഹങ്ങളുമായി ​തെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിയെ തടഞ്ഞുനിർത്താൻ അഖിലേഷിന്റെ രാഷ്ട്രീയത്തിന് കഴിഞ്ഞില്ല. 22 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ തുടർച്ചയായി രണ്ടാമതും ഏൽക്കുന്ന തിരിച്ചടി അഖിലേഷിലെ രാഷ്ട്രീയക്കാരനെ തളർത്തുമോ കരുത്തനാക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

യു.പി വിധാൻ സഭയുടെ നാഥനായി 2012ൽ അഖിലേഷ് യാദവ് കടന്നുവരുമ്പോൾ പ്രായം വെറും 38. മിർസാപൂർ കുന്നുകളിൽ നിന്ന് പൊട്ടിച്ചെടുത്ത ചെങ്കല്ലിൽ പടുത്തുയർത്തിയ നൂറ്റാണ്ടോളം പഴക്കമുള്ള വിധാൻ സഭ മന്ദിരം വാണവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു അഖിലേഷ്. ആ കസേരയിൽ ഇരുന്നവരുടെ പേരുകൾ പരിശോധിക്കുമ്പോഴാണ് അഖിലേഷിന്റെ നേട്ടത്തിന്റെ വലിപ്പം മനസിലാകുക. യാദവ രാഷ്ട്രീയത്തിന്റെ കുലപതി മുലായംസിങ് യാദവിന്റെ മകൻ എന്ന ലേബൽ മാത്രമായിരുന്നില്ല അഖിലേഷിന്റെ കൈമുതൽ. പിതാവിനെയും കടത്തിവെട്ടുന്ന രാഷ്ട്രീയ കളികൾക്ക് പ്രാപ്തനാണെന്ന് തെളിയിക്കാൻ അഖിലേഷിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം യു.പി ഭരിച്ചവരിൽ മായാവതിക്ക് ശേഷം അഞ്ചുവർഷം പൂർത്തിയാക്കിയ രണ്ടാമത്തെ മാത്രം മുഖ്യമന്ത്രിയാണ് അഖിലേഷ് എന്നറിയു​മ്പോൾ തന്നെ വായിക്കാം ആ മെയ് വഴക്കത്തിന്റെ മികവ്. (യോഗി ആദിത്യനാഥാണ് മൂന്നാമൻ). മൂന്നുതവണ മുഖ്യമന്ത്രി ആയെങ്കിലും ഒരിക്കലും കാലാവധി പൂർത്തിയാക്കാൻ മുലായത്തിന് പോലും കഴിഞ്ഞിരുന്നില്ല എന്നോർക്കണം.

1973 ജൂലൈ ഒന്നിനായിരുന്നു അഖിലേഷിന്റെ ജനനം. അഖിലേഷിനെ പ്രസവിക്കുന്നതിനിടെ ശാരീരികമായ പ്രശ്നങ്ങൾ നേരിട്ട അമ്മ മാലതി ദേവി പിന്നീടൊരിക്കലും കിടക്കയിൽ നിന്ന് എഴുന്നേറ്റില്ല. മുലായത്തിന് മറ്റൊരു സന്തതിയും പിന്നീട് ഉണ്ടായുമില്ല. യാദവ രാഷ്ട്രീയം ഭരിക്കുന്ന പിതാവിന്റെ ഏകമകനും നേരവകാശിയുമായാണ് അഖിലേഷ് വളർന്നത്. മൈസൂരിലെ ശ്രീ ജയചാമരാജേന്ദ്ര കോളജ് ഓഫ് എൻജിനീയറിങിൽ സിവിൽ എൻജിനീയറിങിൽ ബിരുദം, പിന്നീട് ഓസ്​ട്രേലിയയിലെ സിഡ്നി യൂനിവേഴ്സിറ്റിയിൽ നിന്ന് എൻവയൺമെന്റൽ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദം. ഇതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അഖിലേഷ് ക്രമേണ പിതാവിന്റെ വഴിയേ ഇറങ്ങുകയായിരുന്നു. മുലായത്തിനും അതുതന്നെയായിരുന്നു താൽപര്യം. 2000ൽ ലോക്സഭയിലേക്ക്. കനൗജ് ഉപതെരഞ്ഞെടുപ്പിൽ വിജയം. പിന്നാലെ 2004 ലും 2009 ലും പാർലമെന്റിലേക്ക്.

പിതാവ് യു.പി രാഷ്ട്രീയത്തിൽ പയറ്റുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ എസ്.പിയുടെ മുഖമായി അഖിലേഷ് വളർന്നു. 2012 നിയമസഭ തെരഞ്ഞെടുപ്പിൽ അഖിലേഷ് മത്സരിച്ചിരുന്നില്ല. എസ്.പിക്ക് ഭൂരിപക്ഷം ലഭിച്ചശേഷം ​ലെജിസ്ലേറ്റീവ് കൗൺസിലിൽ എം.എൽ.സിയായി മുഖ്യമന്ത്രിയായി. 2017ൽ യോഗിയുടെ നേതൃത്വത്തിൽ ബി.ജെ.പി ഇരച്ചുകയറി. പക്ഷേ, പ്രതിപക്ഷത്തെ കൂട്ടിപ്പിടിച്ച് നിലനിർത്തിയത് അഖിലേഷിന്റെ നേതൃമികവായിരുന്നു. പക്ഷേ, ഒരിക്കൽ കൂടി യോഗി മുഖ്യമന്ത്രിയാകുന്നത് തടയാൻ അഖിലേഷിനായില്ല. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുനോക്കിയെങ്കിലും ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയം ഏറെ വേരാഴ്ത്തിയ യു.പിയുടെ മണ്ണിൽ ഏറെയൊന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരുകാലത്ത് യു.പി വാണിരുന്ന കോൺഗ്രസിന്റെ പതനം വെച്ചുനോക്കുമ്പോൾ അഖിലേഷ് പിടിച്ചുനിന്നുവെന്നെങ്കിലും പറയാം. 

Tags:    
News Summary - Akhilesh Yadav's victory is not enough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.