മാഞ്ഞുപോയി, മായാവതിയും ബി.എസ്.പിയും

ലഖ്നോ: ജാതി രാഷ്ട്രീയത്തിന് വേരേറെയുള്ള യു.പിയിൽ ഒരു കാലത്ത് താരപ്രൗഢിയോടെ അടക്കിവാണ ബഹുജൻ സമാജ്‍വാദി പാർട്ടിക്കും മായാവതിക്കും ഇതെന്തുപറ്റി? ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ പ്രചാരണ കോലാഹലങ്ങൾക്കില്ലാതെ വിട്ടുനിന്ന​പ്പോഴേ ചിലതു ന്യായമായും സംശയിച്ചിരുന്നവർ ഇപ്പോൾ എല്ലാം ഉറപ്പാക്കിയിരിക്കുന്നു. യു.പിയിൽ മാത്രമല്ല മറ്റെവിടെയും രാഷ്ട്രീയം പറയാൻ ഇനി ബി.എസ്.പിയും മായാവതിയും ഉണ്ടായേക്കില്ല. അത്രക്കു ദയനീയമാണ് എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിയുടെ പ്രകടനം.

യു.പിയിൽ രണ്ടക്കം കടക്കാൻ പോയിട്ട് അഞ്ചു സീറ്റ് തികക്കാൻ പോലുമാകുന്നില്ലെന്നതാണ് സ്ഥിതി. ഉത്തരാഖണ്ഡിലും രണ്ടു സീറ്റിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്. ആവേശത്തോടെ മത്സര രംഗത്തുണ്ടായിരുന്ന പഞ്ചാബിൽ വട്ടപ്പൂജ്യവും. പൂർവ, പടിഞ്ഞാറൻ യു.പികളിൽ ദീർഘകാലം ബി.എസ്.പി നിർണായക സാന്നിധ്യമായിരുന്നു. മറ്റു കക്ഷികളുമായി കരുത്തോടെ കൊമ്പുകോർത്ത മേഖലകൾ. എന്നാൽ, ഇത്തവണ ഇവിടങ്ങളിലൊന്നും ചിത്രത്തിലേ പാർട്ടി ഉണ്ടായില്ല.

2007ൽ യു.പിയിൽ ഒറ്റക്ക് സർക്കാറുണ്ടാക്കിയ പാർട്ടിയാണ് ബി.എസ്.പി. അന്ന് 403ൽ 206 സീറ്റ് നേടിയായിരുന്നു അധികാരമേറിയത്. രാജ്യത്തെ പ്രഥമ ദളിത് മുഖ്യമന്ത്രിയെന്നതായിരുന്നു അവരുടെ വിശേഷണങ്ങളിലൊന്ന്. ശരിക്കും രാജ്യം അസൂയയോടെ നോക്കിനിന്ന നാളുകൾ. അതിനു ശേഷം ഒരു ഘട്ടത്തിലും പഴയ പ്രതാപം തിരിച്ചുപിടിക്കാനാകാത്ത മായാവതിയുടെ പാർട്ടിക്ക് ഘട്ടംഘട്ടമായി സീറ്റുകൾ കുറഞ്ഞുവരികയും ചെയ്തു.

2012ൽ 80 സീറ്റിലേക്ക് ചുരുങ്ങിയ കക്ഷി ബി.ജെ.പി തൂത്തുവാരിയ 2017ലെത്തിയപ്പോൾ 19ലേക്കു താണു. ഉത്തരാഖണ്ഡിൽ 6.99 ശതമാനം വോട്ടു നേടിയ പാർട്ടി ഇത്തവണ പകുതിയോളമായി ചുരുങ്ങി. മുമ്പ് മായാവതിയുടെ താരപ്രഭയിൽ വീണ് കൂട്ടമായി ബി.എസ്.പിക്കൊപ്പം ചേർന്നവരിപ്പോൾ അതേ ആവേശത്തോടെ ബി.ജെ.പിയിലോ സമാജ്‍വാദി പാർട്ടിയിലോ ചേരുന്നുവെന്നതാണ് സ്ഥിതി. തെരഞ്ഞെടുപ്പ് കാലത്ത് മായാവതി പ്രചാരണങ്ങളിൽനിന്ന് വിട്ടുനിന്നതോടെ കൂടുമാറ്റത്തിന് ​വേഗം കൂടുകയും ചെയ്തു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി 10 സീറ്റുകൾ നേടിയ കക്ഷിക്കാണ് ഈ ദുർഗതിയെന്നതാണ് വലിയ ദുരന്തം.

പാർട്ടി ഭരണമേറിയ 2007ൽ 30.43 ശതമാനമായിരുന്നു ബി.എസ്.പി വോട്ടുവിഹിതമെങ്കിൽ 19 സീറ്റായി ചുരുങ്ങിയ 2017ലും 22.33 ശതമാനം ലഭിച്ചിരുന്നു. അതാണ് വീണ്ടും പകുതിയായി ചുരുങ്ങിയത്. യു.പിയിലെ ഗൗതമ ബുദ്ധ നഗർ ജില്ലയിലെ ബാദൽപൂർ ഗ്രാമത്തിൽ അധ്യാപികയായി സേവനം തുടങ്ങിയ മായാവതി രാഷ്ട്രീയത്തിലെത്തിയപ്പോൾ ആദരപൂർവം 'ബെഹൻജി' എന്നാണ് അറിയപ്പെട്ടിരുന്നത്. 1995ൽ ആദ്യമായി മുഖ്യമന്ത്രിയായി. അതുപക്ഷേ, ചെറിയ സമയത്തേക്കു മാത്രമായിരുന്നു. നീണ്ട 12 വർഷം കഴിഞ്ഞാണ് ആധികാരിക വിജയത്തോടെ വീണ്ടും അധികാരത്തിലെത്തുന്നത്.

നാലു തവണ അവർ സംസ്ഥാനത്ത് മുഖ്യമന്ത്രി പദം കൈയാളി. 2007ൽ എസ്.പിയെയായിരുന്നു പാർട്ടി വീഴ്ത്തിയതെങ്കിൽ ബി.ജെ.പി ചിത്രത്തിലെത്തിയതോടെ എതിരാളികൾ മാറി. മഹാസഖ്യങ്ങൾ വന്നു. എന്നിട്ടും പക്ഷേ, മായാവതിക്ക് വേരുപിടിക്കാനായില്ല. ഇപ്പോൾ ബി.എസ്.പിയെ മുന്നിൽനിർത്തി എസ്.പിക്കെതിരെ പട നയിക്കാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ. അത് വിജയം കാണുകയും ചെയ്തിരിക്കുന്നു. 

Tags:    
News Summary - Mayawati and BSP not in the picture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.