വോട്ട് യന്ത്രത്തിൽ; ആകാംക്ഷയുടെ കൗണ്ട് ഡൗൺ, പാർട്ടികൾ മുൻകരുതൽ നീക്കങ്ങളിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഏഴാം ഘട്ട വോട്ടെടുപ്പും പൂർത്തിയായതോടെ, ആകാംക്ഷയുടെ കൗണ്ട്ഡൗൺ. വ്യാഴാഴ്ച പുറത്തുവരുന്ന യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉദ്വേഗപൂർവം ഉറ്റുനോക്കുകയാണ് രാജ്യം. അതേസമയം, രാഷ്ട്രീയ പാർട്ടികൾ ഭരണംപിടിക്കാനും കൂറുമാറ്റം തടയാനുമുള്ള മുൻകരുതൽ നീക്കങ്ങളിൽ. ദേശീയ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. മാറ്റത്തിന്റെ സൂചനകൾ നൽകുന്നതാണ് യു.പി അടക്കം സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു പ്രവണതകൾ. ഭരണം അട്ടിമറിക്കാൻ തക്ക കെൽപ് വോട്ടർമാർക്കിടയിലെ 'ബദ്‍ലാവ്' (മാറ്റം) എന്ന വികാരത്തിനുണ്ടോ എന്നതിന് വ്യാഴാഴ്ച ഉത്തരമാകും. 'ഫിർ ഏക് ബാർ' (വീണ്ടും ഒരിക്കൽ കൂടി) എന്ന ഭരണകക്ഷി മുദ്രാവാക്യം പലയിടത്തും അതേ വികാരത്തോടെ വോട്ടർമാർ ഏറ്റെടുത്തിട്ടില്ല.

യു.പിയിലെ 403ൽ ബാക്കിയുണ്ടായിരുന്ന 34 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് തിങ്കളാഴ്ച പൂർത്തിയായത്. ശക്തമായ ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാൻ ബി.ജെ.പി മുന്നോട്ടുവെച്ച വോട്ടു വിഭജന തന്ത്രങ്ങൾ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് സൂചന. തൊഴിലില്ലായ്മ, ജീവനോപാധി തുടങ്ങിയ വിഷയങ്ങൾ ജനവികാരത്തെ സ്വാധീനിച്ചിട്ടുണ്ട്. യോഗി സർക്കാറിന്റെ അടിച്ചമർത്തൽ രീതികളിലുള്ള അമർഷവും ആധിയും പ്രകടം. ഇതു പ്രധാന പ്രതിപക്ഷമായ സമാജ്‍വാദി പാർട്ടിക്ക് കൂടുതൽ ആവേശം പകർന്നു. എന്നാൽ, ഇതൊരു ഭരണമാറ്റത്തിലേക്കുതന്നെ എത്തുമോ എന്ന് ഉറപ്പിക്കാനാവാത്ത ഇഞ്ചോടിഞ്ച് മത്സരവും പ്രാദേശികമായ വോട്ട് തന്ത്രങ്ങളുമാണ് യു.പിയിൽ തെളിഞ്ഞത്. ഏതു സാഹചര്യത്തിലും ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെ കരുനീക്കം. വോട്ടെടുപ്പ് പൂർത്തിയായി വരുന്നതിനിടയിൽ, സാഹചര്യങ്ങൾ വിലയിരുത്തി അടുത്ത നടപടികൾ നിർണയിക്കാൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ പാർട്ടി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറിമാരുമായി ചർച്ച നടത്തി.

കോൺഗ്രസാകട്ടെ, കുറുമാറ്റം അടക്കം സാഹചര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ വിവിധ സംസ്ഥാനങ്ങളിലേക്ക് മുതിർന്ന പ്രതിനിധികളെ നിയോഗിച്ചു. 2017ൽ ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം കൈവിട്ടു പോയതുപോലുള്ള സാഹചര്യം ഇത്തവണ ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ.

Tags:    
News Summary - All to UP, Punjab, Goa, Uttarakhand and Manipur Assembly election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.