മരുഭൂമിയിലൂടെ...

അറബ് നാട്ടിലെ കോടതിയിൽ കാട്ടിൽ അഹമ്മദ് വിനീതനായി നിന്നു. മരുഭൂമിയിൽ കൂടി വാഹനം ഓടിച്ചതാണ് താങ്കൾ ചെയ്ത കുറ്റം. അത് ട്രാഫിക് നിയമ ലംഘനമാണ്.

മുറൂർ(ട്രാഫിക് പോലീസ്) അയച്ച നോട്ടീസ് താങ്കൾ അവഗണിച്ചു. ഇത്തരം കേസുകൾ സാധാരണയായി കോടതികളിൽ എത്താറില്ല. കോടതിയുടെ വിലപ്പെട്ട സമയം മിനക്കെടുത്തുന്നത് ശിക്ഷാർഹമാണ് എന്ന് താങ്കൾക്ക് അറിയാമെന്നു കരുതുന്നു. കോടതി പറഞ്ഞു.


ബഹുമാനപ്പെട്ട കോടതി എനിക്കു ഒരു സംഭവം വിവരിക്കാൻ അനുവാദം തരണം.

എന്ത് സംഭവം? ജഡ്ജ് ചോദിച്ചു.

"ഇന്നല്ലദീന ആമനൂ വ അമിലു സ്വാലിഹാതി........."

ഈണത്തിൽ വചനങ്ങൾ ചൊല്ലി കാട്ടിൽ അഹമ്മദ് സംഭവം വിവരിച്ചു. ഞാൻ രാവിലെ കാറിൽ ഓഫീസിലേക്ക് പോകുകയായിരുന്നു. ഹംദാൻ റോഡിൽ രാവിലെ നല്ല തിരക്കാണ്. വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു. ഇത് വളരെ പരിചിതമായതിനാൽ റേഡിയോയിലെ പാട്ടുകൾ ആസ്വദിച്ചു കൊണ്ട് വാഹനം ഓടിക്കുകയായിരുന്നു. ചുവന്ന സിഗ്നലിൽ വാഹനങ്ങൾ നിന്നപ്പോൾ വെറുതെ പിറകിൽ നോക്കി. ഒരു സ്ത്രീ കുട്ടിയെയും തോളിലേറ്റി വാഹനങ്ങളുടെ ഗ്ലാസിൽ തട്ടുന്നു. ഇത് പതിവ് കാഴ്ചയാണ്. സിറിയയിൽ നിന്ന് വന്ന അഭയാർത്ഥികൾ. പാവങ്ങൾ...

ആ സ്ത്രീ എന്‍റെ വാഹനത്തിന്‍റെ ഗ്ലാസിലും മുട്ടി. വേഗത്തിൽ ഒരു ദിനാർ എടുത്ത് നീട്ടിയപ്പോൾ അവർ പറഞ്ഞു പണം വേണ്ട, എന്‍റെ കുട്ടിക്ക് സുഖമില്ല, ഞങ്ങളെ അടുത്ത് ഉള്ള ഏതെങ്കിലും മുഷ്തെഷ്ഫ(ആശുപത്രി)യിൽ എത്തിക്കാമോ? അവർ എന്നോട് കേണു. കാറിന്‍റെ പുറകിലെ

ഡോർ തുറന്ന് അവർ കയറി. വാഹനം മുന്നോട്ടു നീങ്ങുമ്പോൾ അവർ എന്നോട് ആയിരം നന്ദി പറഞ്ഞു.

കുട്ടി കരയാൻ തുടങ്ങി. പിന്നീട് അതൊരു തേങ്ങലായി, പിന്നീട് അതും നിലച്ചു. പെട്ടെന്ന് ആ സ്ത്രീയുടെ നിലവിളിയും ഉയർന്നു. ഇംശി, ഇംശി (വേഗം, വേഗം) സ്ത്രീയുടെ നിലവിളി മെല്ലെ ഒരു തേങ്ങലായി മാറി. ട്രാഫിക് സിഗ്നലിൽ വാഹനം നിന്നപ്പോൾ ഞാൻ കുഞ്ഞിനെ നോക്കി, യാ റബ്ബീ, കുട്ടിയുടെ ശരീരം വിവർണമായിരിക്കുന്നു. സ്ത്രീ യുടെ കരച്ചിൽ കൂടി വന്നു. എത്രയും പെട്ടെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഒരു മാർഗം മാത്രം, മരുഭൂമിയിൽ കൂടി കാർ ഓടിച്ചാൽ വേഗത്തിൽ ആശുപത്രിയിൽ എത്താം. മറ്റൊന്നും ചിന്തിക്കാതെ, ഹൈവേയിൽ നിന്ന് കാർ വലത്തോട്ടെടുത്ത് മരുഭൂമി കടന്ന് നേരെ കിങ് ഫൈസൽ റോഡിലുള്ള ഇബ്നു സിൻഹ ആശുപത്രിയിൽ എത്തി. മരുഭൂമിയിൽ വാഹനം ഓടിക്കുന്നത് കുറ്റമാണോ എന്നൊന്നും അപ്പോൾ ഞാൻ ഓർത്തതേയില്ല. കുട്ടിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് വാഹനം ഓടിച്ചത്.

ആശുപത്രിയിലെ എമർജൻസി വാർഡിന് മുന്നിൽ പ്രാർത്ഥനയോടെ ഞങ്ങൾ നിന്നു. മണിക്കൂറുകൾ കടന്നുപോയി. അവസാനം ഡോക്ടർ പുറത്ത് വന്നു പറഞ്ഞുകുട്ടി അപകടനില തരണം ചെയ്തു, ഇനി പേടിക്കാനില്ല, അൽഹംദുലില്ലാഹ്....(ദൈവത്തിന് സ്തുതി) ഒരു സത്യവിശ്വാസിയായ എനിക്ക് ഒരു സൽക്കർമം ചെയ്ത ആത്മവിശ്വാസം തോന്നി. ആശുപത്രിയിലെ കാന്‍റീനിൽ നിന്ന് അവർക്കു ആവശ്യമുള്ളതെല്ലാം വാങ്ങിച്ചു കൊടുത്തതിന് ശേഷം ഞങ്ങൾ പിരിഞ്ഞു. ട്രാഫിക് നിയമം ലംഘിച്ചതിന് നോട്ടീസ് വന്നപ്പോൾ ഈ കാര്യങ്ങൾ ട്രാഫിക് പൊലീസിൽ പറഞ്ഞു. അവർ എന്നോട് കോടതിയിൽ പറയാൻ പറഞ്ഞു. ഒരു സത്യവിശ്വാസിയായ എനിക്കു ഞാൻ ചെയ്തത് ഒരു കുറ്റമായി തോന്നിയില്ല. അത് കൊണ്ടാണ് ഞാൻ പിഴ അടയ്ക്കാൻ വിസമ്മതിച്ചത്.


ആ സ്ത്രീ സിറിയക്കാരിയല്ല , അവർ ഒരു മിസ്റി (ഈജിപ്ത്)യാണ്, ബഹുമാനപ്പട്ട കോടതിക്ക് ആശുപത്രി രേഖകൾ പരിശോധിക്കാം. ആ സ്ത്രീയുടെ പേര് മറിയം, അവരുടെ മകളുട പേര് ഫാത്തിമ. പെട്ടെന്ന് കോടതി മുറിയിൽ ഒരു ബഹളം, ഒരു രേഖയും പരിശോധിക്കേണ്ടതില്ല എന്ന് പറഞ്ഞു കൊണ്ട് ഒരു ചെറുപ്പക്കാരൻ കോടതിയുടെ മുന്നിലേക്ക് വന്നു.

എന്താണ് താങ്കൾക്ക് പറയാനുള്ളത് - കോടതി ചെറുപ്പക്കാരനോട് ചോദിച്ചു.

'നിദ്രയേക്കാൾ നല്ലത് പ്രാർഥനയാണ്', സുബ്ഹി ബാങ്കിന്‍റെ ഈ വരികൾ കേട്ടുകൊണ്ടാണ് ഞാൻ ഉണരുക. ആ ദിവസം, ആ നശിച്ച ദിവസം, ഞാൻ പിശാചിന്‍റെ പിടിയിൽ ആയിരുന്നു. സുബ്ഹി ബാങ്കിന്‍റെ വിളി കേൾക്കാതെ ഞാൻ മതിമറന്ന് ഉറങ്ങി, ഒന്നും കേൾക്കാതെ, ഒന്നും അറിയാതെ ഉറങ്ങി. ഉണരുമ്പോൾ വല്ലാതെ വൈകിയിരുന്നു. മൊബൈലിൽ നിറയെ ഭാര്യ മറിയത്തിന്റെ മിസ്ഡ് കോളുകൾ . ഞാൻ ആശുപത്രിയിലേക്ക് ഓടി. മറിയം കാര്യങ്ങൾ എല്ലാം പറഞ്ഞു. അന്നു മുതൽ ഞാൻ ഈ നല്ല മനുഷ്യനെ തേടി നടക്കുകയായിരുന്നു, നന്ദി പറയാൻ.

ഇന്ന് കോടതിയിൽ വന്ന ഞാൻ അവിചാരിതമായി ഈണത്തിലുള്ള ഖുർആൻ പാരായണം കേട്ടാണ് ഈ മുറിയിൽ വന്നത്. അഹമ്മദിന്‍റെ പേരിലുള്ള കുറ്റത്തിന്‍റെ കാരണക്കാരൻ ഞാൻ ആണ്. പിഴ ഞാൻ അടയ്ക്കാം.തിങ്ങി നിറഞ്ഞ കോടതി വിധി കേൾക്കാൻ വേണ്ടി കാത്തിരുന്നു.

'വിശ്വസിക്കുകയും, സൽക്കർമ്മർങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാണ് ഉത്തമ സൃഷ്ടികൾ എന്ന വേദപുസ്തകത്തിലെ വചനമാണ് കാട്ടിൽ അഹമ്മദ് ഇവിടെ പറഞ്ഞത്. മരുഭൂമിയിൽ കൂടി വാഹനങ്ങൾ ഓടിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും, അശരണയായ, രോഗിയായ ഒരു കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചു. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ഒരു കുറ്റം അല്ല, സൽക്കർമം ആണ്. കോടതി കാട്ടിൽ അഹമ്മദിനെ അഭിനന്ദിക്കുന്നു.

പക്ഷെ, നാട്ടിലെ നിയമങ്ങൾ എല്ലാവരും പാലിക്കണം. സത്യവിശ്വാസിയും, അവിശ്വാസിയും, നിയമത്തിനു മുന്നിൽ തുല്യരാണ്.നിയമപ്രകാരം കാട്ടിൽ അഹമ്മദ് കുറ്റക്കാരൻ തന്നെയാണ്. പിഴ അടയ്ക്കാൻ ബാധ്യസ്ഥനാണ്. പക്ഷെ, ചെയ്ത സൽപ്രവർത്തിയെ മാനിച്ച് ഏറ്റവും ചെറിയ ശിക്ഷ ഈ കോടതി വിധിക്കുന്നു. കോടതി പിരിയും വരെയുള്ള തടവ് ശിക്ഷ. എല്ലാവരും സമയം നോക്കി, അപ്പോൾ സമയം ഒരു മണി. കോടതി പിരിയുക രണ്ട് മണിക്ക്. കോടതിയിലെ പോലീസ് ആദരവോടെ കാട്ടിൽ അഹമ്മദിനോട് പറഞ്ഞു, "തഫദ്ദൽ", (ദയവായി വന്നാലും.)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.