പി.എസ്. സുകുമാരൻ 'കണ്ട' സുകുമാരക്കുറുപ്പും ചാക്കോയും

'പരാജയപ്പെട്ട് പിന്മാറുന്നത് ഭീരുക്കളാണ്, വിജയിക്കണം എങ്കിൽ അവസാനം വരെ പോരാടണം'. തന്‍റെ കൂടെ പാരലൽ കോളജിൽ പത്താം ക്ലാസ് കാലത്ത് ട്യൂഷന് ഉണ്ടായിരുന്ന മജീദിന്‍റെ വാട്ട്സ്ആപ് സ്റ്റാറ്റസ് കാണുകയായിരുന്നു പി.എസ്. സുകുമാരൻ. "പിന്നേയ്, വയസ് 50 കഴിഞ്ഞപ്പഴാ ഓന്‍റെ ഒരു പോരാടല്". നാല് വട്ടം എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റ സുകുമാരൻ നിസംഗ ഭാവത്തോടെ "വിജയ" മോട്ടിവേഷൻ സ്റ്റാറ്റസ് രണ്ടുവട്ടം കണ്ട ശേഷം "ഡാ, സെന്‍റ് ചെയ്യ്" എന്ന് മജീദിന് പതിവു പോലെ ക്ലീഷേ വോയ്സ് മെസേജ് അയച്ചത് തന്‍റെ സെക്കന്‍റ് ഹാൻഡ് ഓട്ടോറിക്ഷയിലിരുന്നാണ്.

പുറകിൽ ഒരു വശത്ത് ലാലേട്ടനും മറുവശത്ത് മമ്മൂക്കയുടെയും ലാമിനേറ്റഡ് ചിത്രങ്ങൾ അലങ്കരിച്ച ഓട്ടോ വാങ്ങാൻ മജീദാണ് പി.എസ്. സുകുമാരന് വായ്പ കൊടുത്തത്. ഇൻഷുറൻസ് തുക തട്ടാൻ വേണ്ടി ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത ഒരു മനുഷ്യനെ സുകുമാരക്കുറുപ്പ് എന്ന വിദ്വാൻ കാറിലിട്ട് കത്തിച്ച് കൊന്ന വർഷമായിരുന്നു മ്മടെ പാവം പി.എസ്. സുകുമാരൻ ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഓണ, ക്രിസ്മസ് പരീക്ഷകൾ വരെ ശരാശരി മാർക്ക് നേടി വിജയിച്ചിരുന്ന കുട്ടിയായിരുന്നു പി.എസ്. സുകുമാരൻ.

1984 ജനുവരി 22ന് പുലർച്ചെ മാവേലിക്കര-ചെങ്ങന്നൂർ റോഡിന് സമീപത്തെ വയലിൽ തീപിടിച്ച കാർ വെള്ളം കോരി അണയ്ക്കാൻ ഓടിയെത്തിയവരിൽ വയലിനടുത്ത് താമസിച്ചിരുന്ന പി.എസ്. സുകുമാരൻ എന്ന 16 കാരനുമുണ്ടായിരുന്നു.

നേരം പുലർന്നപ്പോഴാണ് ആ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹമുള്ളതായി ശ്രദ്ധയിൽപ്പെടുന്നത്. ഭീകര ദൃശ്യം കണ്ട പി.എസ്. സുകുമാരന് ദിവസങ്ങളോളം ഉറക്കമില്ലാതെയായി. സമയത്ത് ഭക്ഷണം കഴിക്കാതെ, ആരോടും മിണ്ടാതെ പി.എസ്. സുകുമാരൻ മാർച്ചിലെ പരീക്ഷയടുക്കാറായപ്പോഴേക്കും കിളി പോയ അവസ്ഥയിലായി മാറിയിരുന്നു. പിന്നീട് പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു പി.എസ്. സുകുമാരന്‍റെ ജീവിതത്തിൽ 37 വർഷങ്ങൾക്കിപ്പുറവും ഉണ്ടായിക്കൊണ്ടിരുന്നത്.

സുകുമാരൻ നാലാം തവണയും എസ്.എസ്.എൽ.സിക്ക് പൊട്ടിയപ്പോൾ മജീദ് വെറും രണ്ടാമത്തെ തോൽവിയായിരുന്നു സമ്മതിച്ചത്. വാപ്പാക്ക് റേഷൻ കടയുള്ള കൊണ്ട് മജീദിന് ഒന്നും പേടിക്കണ്ട കാര്യമില്ലായിരുന്നു. വിരസതയുടെ അങ്ങേയറ്റമായ കണക്ക് പിരിയഡിലെ ലസാഗുവും ഉസാഘയും മനം മടുപ്പിക്കുന്ന സൈൻ, കോസ് തീറ്റകളും അറിയാത്തതിനാൽ വാങ്ങിച്ചു കൂട്ടിയ അടിയുടെ കണക്കുകൾ പത്താം ക്ലാസ് കഴിഞ്ഞ് 37 വർഷം കഴിഞ്ഞിട്ടും മജീദിന് പൊള്ളുന്ന ഓർമയാണ്.

ക്രിസ്മസ് ടേം പരീക്ഷ വരെ എല്ലാ വിഷയവും ശരാശരി മാർക്കിൽ വിജയിച്ചു വന്നിരുന്ന സുകുമാരനാകട്ടെ പഴയ കഥകളൊന്നും ഓർക്കാറേയില്ല. ഇതൊന്നുമറിയാഞ്ഞിട്ടും മജീദ് ഭംഗിയായി റേഷൻ കടയിലെ കണക്ക് നോക്കാൻ പഠിച്ചെടുത്തിരുന്നു. കല്യാണോം കഴിഞ്ഞ് രണ്ട് കുട്ടികളും പേരക്കുട്ടികളും മജീദിനായിട്ടും സുകുമാരൻ മാത്രം ഗതി പിടിക്കാതെ ഒറ്റയാനായി 53ാം വയസിലും മുച്ചക്ര ശകടമുരുട്ടി അന്നന്നുള്ള കാര്യങ്ങൾ നടത്താൻ പെടാപ്പാട് പെടുകയായിരുന്നു.

"കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ സ്ഥാനംപിടിച്ച, ഇന്‍റർപോളിന്‍റെയും ഇന്ത്യൻ പൊലീസിന്‍റെയും 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലുള്ള സുകുമാരക്കുറുപ്പ് ഇന്ന് മുതൽ തിയേറ്ററുകളിൽ. ദുൽക്കർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍റെ സംവിധാനത്തിലൊരുങ്ങുന്ന......." -പാതി തകരാറിലായ എഫ്.എം റേഡിയോ ഓട്ടോറിക്ഷ ഒരു ഗട്ടറിൽ വീണ സമയം തന്നെ നിശബ്ദനായി.

ചങ്ങനാശേരിയിൽ നിന്ന് കോട്ടയം അഭിലാഷ് തീയേറ്ററിലേക്ക് വൈകീട്ട് ഏഴ് മണി നേരത്ത് ഓട്ടം പോണമെന്ന് പറഞ്ഞ് തലയിൽ തോർത്ത് ചുറ്റി ഡബിൾ മാസ്ക് അണിഞ്ഞ് ജീൻസും ടീഷർട്ടും ധരിച്ചയാൾ സമ്മതത്തിനൊന്നും കാത്തുനിൽക്കാതെ നേരെ ഓട്ടോറിക്ഷകത്തേക്ക് കയറി ഇരിപ്പു പിടിക്കുമ്പോൾ എഫ്.എം സ്റ്റേഷൻ ട്യൂൺ ചെയ്ത് ശരിയാക്കുന്ന തിരക്കിലായിരുന്നു പി.എസ്. സുകുമാരൻ. "ഇനി ഓട്ടമൊന്നും പോണില്ല. മാത്രവുമല്ല കോട്ടയം വരെ ഒരുപാട് ഓട്ടോക്കൂലിയാകും. ദേ നേരെ നടന്നാൽ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ് കാണാം. നിങ്ങള് ഓട്ടോയിന്ന് ഇറങ്ങിക്കേ". 2000 രൂപയുടെ ഒറ്റ നോട്ട് എടുത്ത് കാണിച്ച് "ഇനി പോകാൻ പ്രശ്നം ഉണ്ടോ?" എന്ന ചോദ്യവും എഫ്.എം സ്റ്റേഷനിൽ 1960ൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്ത "നീലി സാലി"യിലെ പി. ഭാസ്ക്കരൻ മാഷ് രചിച്ച "നയാ പൈസയില്ല, കയ്യിലൊരു നയാ പൈസയില്ല" എന്ന വിഖ്യാത ഗാനം പ്ലേ ആയതും ഒരുമിച്ചായിരുന്നു.

കോട്ടയം നഗരം ലക്ഷ്യമാക്കി ഓട്ടോറിക്ഷ ഇരുട്ടിനെ കീറിമുറിച്ച് നീങ്ങി. ഇടക്കിടക്കുള്ള റോഡിലെ കുഴികൾ ഓട്ടോയിലെ പഴയ പാട്ടുപെട്ടിയെ മൗനത്തിലാഴ്ത്തുകയും വീണ്ടും വാ തുറപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഇരുവശവും വയലുകൾ നിറഞ്ഞ ഒരു വഴിയിലൂടെ കുണുങ്ങിയോടിക്കൊണ്ടിരിക്കവേ, "ആ, പേടകം ഒന്ന് നിർത്തിയേ" ആജ്ഞാ രൂപത്തിൽ പുറകിലിരുന്ന അജ്ഞാത ശബ്ദത്തിന്‍റെ തീവ്രതയിൽ റേഡിയോ നിലയം പെട്ടന്ന് വാ പൊത്തി. പേടകം എന്ന് വിളിച്ചത് ഒട്ടും ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണോ പെട്ടന്ന് നിർത്താൻ ആവശ്യപ്പെട്ടത് കൊണ്ടാണോ എന്നറിയില്ല, പി.എസ്. സുകുമാരൻ ഓട്ടോ ഒറ്റച്ചവിട്ട് ചവിട്ടി.

പുറകിലിരുന്നയാളുടെ തല കമ്പിയിൽ ചെറുതായി ഇടിച്ചതറിഞ്ഞ് ഒരു മധുര പ്രതികാരത്തിന്‍റെ സുഖം പി.എസ്. സുകുമാരൻ അനുഭവിച്ചെങ്കിലും ഉള്ളിലെ ചിരിയും ദേഷ്യവും പുറത്തറിയിക്കാതെ "അയ്യോ, വല്ലോം പറ്റിയോ" എന്ന ചോദ്യം യാന്ത്രികമായി പുറത്തേക്ക് വിടാനായതിൽ അയാൾ ആശ്വസിച്ചു. "ഒന്ന് മൂത്രമൊഴിക്കണം, ഇപ്പ വരാം". തലയിൽ തോർത്തും ചുറ്റി മാസ്കും ധരിച്ചതിനാൽ സ്ട്രീറ്റ് ലൈറ്റ് വെളിച്ചമുണ്ടായിട്ടും അയാളുടെ മുഖമൊന്ന് കാണണമെന്ന പി.എസ്. സുകുമാരന്‍റെ ആഗ്രഹം വിഫലമായി.

"വലിക്കുമോ"? മറുപടിക്കൊന്നും കാത്തു നിൽക്കാതെ മൂത്രമൊഴിച്ചു വന്ന ശേഷം അയാൾ സിഗററ്റെടുത്ത് ചുണ്ടിൽ വെച്ച ശേഷം ലൈറ്ററിന് തീ കൊളുത്തി. തന്നേക്കാൾ പ്രായമുള്ള അഞ്ജാതന്‍റെ നരച്ച താടിയുള്ള മുഖം ആ ഒരൊറ്റ നിമിഷത്തെ തീയുടെ വെട്ടത്തിൽ പി.എസ്. സുകുമാരൻ കണ്ടു. "8.30ക്കാണ് സെക്കന്‍റ് ഷോ" ആരോടെന്നില്ലാതെ പി.എസ്. സുകുമാരൻ മുറുമുറുത്തത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ അഞ്ജാതൻ പുക ആസ്വദിച്ചു വിട്ടു കൊണ്ടിരുന്നു. 'ഇയാളെന്തിനാണ് തനിക്ക് 2000 രൂപ തന്ന് ഇത്ര അത്യാവശ്യമായി പാതിരാപ്പടം കാണാൻ പോകുന്നത്' എന്ന് പി.എസ്. സുകുമാരൻ മനസിൽ ചിന്തിച്ചത് അറിഞ്ഞിട്ടെന്ന പോലെ "ഇങ്ങനത്തെ ഒരു പാടവരമ്പത്തിട്ടാണല്ലേ പണ്ടൊരു കുറുപ്പ് ഒരുത്തനെ കത്തിച്ചു കളഞ്ഞത്" എന്ന നടുക്കുന്ന ചോദ്യം അയാൾ ചോദിച്ചത് വലിച്ചു കൊണ്ടിരുന്ന പാതിയാകാത്ത സിഗററ്റ് നിലത്തിട്ട് ഷൂസ് കൊണ്ട് ഞെരിച്ചമർത്തിക്കൊണ്ടായിരുന്നു. മറുപടി പറയാൻ വാ തുറന്ന പി.എസ്. സുകുമാരനെ അതിനനുവദിക്കാതെ "നേരം വൈകി, വരൂ പോകാം" എന്ന് മാത്രം ശബ്ദം താഴ്ത്തി പറഞ്ഞ് അയാൾ ഓട്ടോയിൽ കയറിയിരുന്നു.

ഓട്ടോ സ്റ്റാർട്ട് ചെയ്യവേ തന്‍റെ പേരിനും തന്‍റെ പേരുള്ള മുഴുവനാളുകൾക്കും തീരാക്കളങ്കവും അപമാനവുമായ സുകുമാരക്കുറുപ്പാണ് പുറകിലിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറയാൻ പി.എസ്. സുകുമാരൻ ആഗ്രഹിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഇരുട്ടു പരന്ന തിയറ്ററിനു മുന്നിലെ റോഡിലൂടെ ഒഴുകി നീങ്ങുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അഞ്ജാതനായ മനുഷ്യൻ തന്‍റെ ഓട്ടോയിൽ നിന്നിറങ്ങി നടന്നു നീങ്ങുന്നതും മറയുന്നതും നിസഹായനായി പി.എസ്. സുകുമാരൻ കണ്ടു നിൽക്കവേ ഫോൺ ചിലച്ചു.

"എന്താ മജീദേ"; "ഡാ സുകൂ, എന്‍റെ ഡ്രൈവിങ് ലൈസൻസ് ഇന്നലെ പുതുക്കാൻ പോയി വന്ന ശേഷം കാണുന്നില്ല, അന്‍റെ ഓട്ടോയിലെങ്ങാനും കെടക്കണ്ടോന്ന് ഒന്ന് നോക്കിയേ നീ". മൊബൈൽ ടോർച്ചിന്‍റെ അരണ്ട വെളിച്ചത്തിൽ പുറകിലെ സീറ്റിന്‍റെ താഴെ നിന്നും ലൈസൻസ് കണ്ടെത്തി. പക്ഷേ അത് മജീദിന്‍റെയായിരുന്നില്ലെന്ന് മാത്രം. പി.എസ്. സുകുമാരന്‍റെ കൈകളിലിരുന്ന് കാലാവധി കഴിഞ്ഞ ആ ഡ്രൈവിങ് ലൈസൻസ് വിറ കൊണ്ടു. അതിലെ പേരിങ്ങനെയായിരുന്നു. 'എൻ.ജെ. ചാക്കോ'.

പൊടുന്നനെ ഓട്ടോറിക്ഷക്ക് തനിയെ വേഗത കൂടുന്നതു പോലെ പി.എസ്. സുകുമാരന് തോന്നി. ബ്രേക്കിൽ കാലമർത്താൻ എത്ര ശ്രമിച്ചിട്ടും നിൽക്കാതെ ഓട്ടോറിക്ഷ ഭ്രാന്ത് പിടിച്ച പോലെ പാഞ്ഞു കൊണ്ടിരുന്നു. റോഡരികിലെ കൂറ്റൻ ആൽമരത്തിലേക്ക് ഇടിച്ചു കയറാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും പി.എസ്. സുകുമാരന് ഒട്ടും പരിഭ്രാന്തി തോന്നിയതേയില്ല. "ഒരോട്ടം പോണം, പിന്നേയ് എന്‍റേല് 2000ത്തിന്‍റെ ഒറ്റ നോട്ടേയുള്ളൂ, ഇറങ്ങാൻ നേരം ചില്ലറയില്ലെന്ന് പറയരുത്". ഓട്ടോയിലിരുന്ന് നടത്തിയ ഇത്രയും ഭീകരമായൊരു പാതിമയക്കം മുറിച്ചവനെ കൃതഞ്ജതയോടെ പി.എസ്. സുകുമാരൻ നോക്കി. "ചേട്ടാ, ദേ ആരടെയോ ലൈസൻസ്, സീറ്റിൽ കിടന്ന് കിട്ടിയതാ". ഓട്ടം വിളിച്ചയാൾ നീട്ടിയ ലൈസൻസ് പി.എസ്. സുകുമാരൻ ഒരിക്കൽ കൂടി വിറയാർന്ന കൈകളാൽ ഏറ്റുവാങ്ങി. ലൈസൻസ് കിട്ടിയോ എന്നറിയാൻ മജീദ് വിളിച്ച ഫോൺ രണ്ടു വട്ടവും കട്ട് ചെയ്ത് പി.എസ്. സുകുമാരൻ തന്‍റെ ഓട്ടോ മെല്ലെ സ്റ്റാർട്ടാക്കി. ലൈസൻസ് വണ്ടിയിൽ നിന്നും കിട്ടിക്കാണില്ലെന്ന് ധരിച്ച് മജീദ് കോൾ ഹിസ്റ്ററിയിൽ നിന്നും ആർ.ടി ഓഫിസിലെ ലാന്‍റ് ഫോൺ നമ്പർ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. "എം.എസ്. മജീദ്" എന്ന പേരിലുള്ള ആ ലൈസൻസ് പി.എസ്. സുകുമാരൻ തന്‍റെ പോക്കറ്റിലേക്ക് സുരക്ഷിതമായി എടുത്ത് വെക്കുമ്പോൾ മജീദ് പുതിയൊരു മോട്ടിവേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതിന്‍റെ തിരക്കിലേക്ക് ഊളിയിട്ടിരുന്നു...

Tags:    
News Summary - ps sukumaran kanda sukumarakuruppum chackoyum story by ansil na

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.