വര: താരാനാഥ് ആർ

പെയിന്‍റ് പണിക്കാരന്‍റെ പൊന്മ -കവിത

ഒരു പൊന്മ.

പെയിന്‍റു പണിക്കാരൻ വളർത്തി

വലുതാവാത്ത ഒരു പൊന്മ.


രാവിലെ പണിക്കു പോവുമ്പോ

കൂടെ പറന്നു വരും

വലിപ്പം കെട്ടി ചുമരിനു പെയിന്‍റ് അടിക്കുമ്പോ താഴെയിരിക്കും


ചായത്തുള്ളികൾ തൂവലിൽ വീഴും... കുടയും... പരക്കും...

ഉച്ചക്കയാൾ ഉണ്ണാൻ പോകുമ്പോൾ പൊന്മക്കും കിട്ടും പൊരിച്ച മീനിന്‍റെ

ഇച്ചിരി...


ഉച്ചതിരിഞ്ഞ് അയാൾ ഒന്നു പന്തുതട്ടാൻ പോകും.

പൊന്മ ഉയർന്നു പറന്ന് അതിന്‍റെ ഏരിയൽ വ്യൂ പകർത്തും.

തൊട്ടപ്പറത്തെ മീൻ മാർക്കറ്റിലേക്ക് സൂം ചെയ്യും.

വൈന്നേരം പയിന്‍റടിക്കാൻ നേരം

മീനുള്ള ടച്ചിങ്ങ്സ് ആണോന്ന്

പൊന്മ തല ചെരിച്ച് നോക്കും

കടുത്ത എരിവിലേക്ക് ഊളിയിടും


രാത്രി അയാൾ കുട്ടികളെ കൊഞ്ചിക്കും

ഭാര്യയെ പ്രേമിക്കും

പൊന്മ ഇരുട്ടിലേക്ക്

നോക്കും

രാത്രി എന്ന മുഴുത്ത മത്സ്യത്തെ വിഴുങ്ങാൻ ശ്രമിക്കും

അതിനിടയിൽ എപ്പൊളോ ഉറങ്ങും


വീണ്ടും രാവിലെ പോകാൻ നേരം

വാ പൊന്മേ എന്ന രീതിയിൽ അയാൾ നോക്കും

പൊന്മ കൂടെപ്പറക്കും

നിനക്കും വേണ്ടേ ഒരു ജീവിതമൊക്കെ എന്നയാൾ ഒരിക്കലും അതിനോട് ചോദിച്ചിട്ടില്ല

തന്‍റെ നിറമുള്ള ഒരിണയെ പൊന്മ ഇതു വരെ കണ്ടിട്ടും ഇല്ല !


അയാളാണോ പൊന്മയാണോ ആദ്യം മരിക്കുക എന്ന് നിശ്ചയമില്ലാത്തതിനാൽ

അവർ ഇൻഷുറൻസ് പോളിസി എടുത്തതുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.