ചിത്രീകരണം: സൂര്യജ എം.

മരിച്ച ചങ്ങാതിയുടെ കവിത

രിച്ച ചങ്ങാതിയുടെ കവിത വായിച്ച്

ഞാനിന്നുറങ്ങാൻ കിടക്കും!

പെയ്യാതെ ബാക്കിയായ

ഓർമ്മയുടെ ഒരു മേഘക്കീറ്

എന്നെയപ്പോൾ ശ്വാസം മുട്ടിച്ചേക്കും!


സ്വപ്‌നത്തിൽ ഒരു തീവണ്ടി

അവന്‍റെ കവിതകളുടെ താളത്തിൽ

ലോകത്തിന്‍റെ ഏതോ കോണിലേക്ക്

കുതിച്ചു പായുന്നുണ്ടാവും

ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന്

കൂകി വിളിക്കയാവാമവ


ആര് കേൾക്കാനാണ് ?

അതേ കവിതകളുടെ പാളത്തിലാണവൻ

ചോന്ന പൂവുകൾ വാരിയെറിഞ്ഞത്

കടന്നു കളഞ്ഞത്


ചിതകത്തിത്തീരുമ്പോൾ

കവിതയുടെ വെളിച്ചം കണ്ട് ഞെട്ടിയവരുണ്ട് !

ദൈവത്തിന്‍റെ വെളിച്ചം തേടി

നട്ടപ്പാതിരകളെ കീറിമുറിച്ച ചൂട്ടാണത് !

പതയുന്ന വെളുത്ത പുക,

ഒടുവിൽ നീ പുതച്ച തുണി...

വെളിച്ചത്തിന്‍റെ വെളിച്ചം

എന്നെ മരണത്തെയാണോർമ്മിപ്പിക്കുന്നത് !


ജീവിച്ചിരുന്നപ്പോൾ കൂകിവിളിച്ചിട്ടും

കേൾക്കാത്തവർ,

ഇരുണ്ട കർക്കടക രാത്രികളിൽ

കനത്തു പെയ്ത കണ്ണീരിനെ

തണുത്ത പെയ്ത്തെന്ന് വിളിച്ചവർ


ഇതാ, അതേ മനുഷ്യർ

നീ കാടുണർത്തിയ കുയിലെന്നും

മഴ പാടിയ പാട്ടെന്നും

തീവണ്ടിയാപ്പീസിലെ വെളുത്ത പ്രാവെന്നും

കൂട്ടം കൂടി അടക്കം പറയുന്നു.

നീ ഷേക്സ്പിയറെന്നും

നീ ബുദ്ധനെന്നും

വിധിയെഴുതുന്നു


നിന്‍റെ നേർത്ത ചിരിയിൽ

നനഞ്ഞതിനാലാവാം

നിന്നെ മൂടിയ മരക്കഷ്ണങ്ങൾ-

ക്കെളുപ്പം തീപിടിക്കുന്നില്ല !

പ്രിയ്യപ്പെട്ടവനേ,

നിന്‍റെ നീണ്ട മൗനത്തിലൊരു

കവിത തിളക്കുന്നു !


ഞാനുറങ്ങുമ്പോഴും

നീയുറങ്ങാതിരിക്കുന്നു ?

Tags:    
News Summary - maricha changayiyude kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.